Thursday, November 12, 2020

വിശുദ്ധർ

ആമിയും അമ്മുവും എന്നത്തേയും പോലെ ഇന്നും കോഴിയങ്കം തുടങ്ങി.    ബൈബിളിലെ മാർത്ത മറിയം പോലെ രണ്ടു പേരും ഒരുമിച്ചും അതേ സമയം ഒറ്റയ്ക്കും ആണ് ഈ സഹോദരിമാർ.  പെൺകുട്ടികൾക്ക് തലമുറയായി ചാർത്തി കൊടുത്തിട്ടുള്ളതും ഈ കാലങ്ങളിൽ പൊടി തട്ടി മിനുക്കി കിരീടം വച്ചു കൊടുത്തിട്ടുള്ളതുമായ ' അരുതുകൾ ' പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന അമ്മു,  ചില ' വിശുദ്ധ ' രുടെ അഭിപ്രായത്തോട് യോജിച്ചു കറി കലത്തിലെ കഷണങ്ങൾ എടുത്തു തെങ്ങിൻ ചുവട്ടിൽ ഇട്ടു, ചാറ് കൂട്ടി ഭക്ഷണം കഴിച്ച് തുടങ്ങി. ആമിയക്ക് ഇത്തരം  'വിശുദ്ധ ' പ്രവർത്തനങ്ങളിൽ താത്പര്യം ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നത്തെ  കാരണം.  മനസ്സിന് ഇഷ്ടമുള്ളത് പോലെ ചരിക്കാനും ചിരിക്കാനും  ആമിയ്ക്ക് കഴിയും.  അത് നോക്കി അമ്മു ഒന്നു കൂടെ ചുരുണ്ട് കൂടും.   തല മുതൽ പെരുവിരൽ വരെ മറച്ച് ഒരു ആൺ തരിക്ക് പോലും ഒരു പോറലും വരുത്താതിരിക്കാൻ അമ്മു ശ്രമിക്കുന്നു.  ആമിയാകട്ടെ നേരെ തിരിച്ചും .   ഒരു സ്‌കൂൾ കാലം മുഴുവൻ തന്നെ വേട്ടയാടിയിരുന്ന ഭയത്തിനു കാരണക്കാരനായവനുടെ വർഗ്ഗത്തിനു ഒരല്പം പോറൽ ഏറ്റാലും കുഴപ്പമില്ല എന്ന് കരുതുന്നവളും.  സഹനത്തിനു മാത്രം കിട്ടുന്ന വാഴ്ത്തു ഒരു തട്ടിപ്പാണെന്നും അത് ചിലരുടെ സുഖത്തിനും സൗകര്യത്തിനും വേണ്ടിയാണെന്ന് പലവുരു പറഞ്ഞും തെളിവു സഹിതം കാണിച്ചു കൊടുത്തിട്ടും തന്റെ അമ്മു ' വിശുദ്ധ ' പട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്.   കുടുംബത്തിലെ ചില സ്ത്രീ രത്‌നങ്ങൾ കൈമാറി തന്ന സഹനം ആമി വേണ്ട എന്ന് വച്ചപ്പോൾ അമ്മു കൈ നീട്ടി സ്വീകരിച്ചു , കുറ്റപ്പെടുത്താനാവില്ല .    സഹനത്തിന്റെ കൂരിരുട്ടിൽ സുരക്ഷിതം എന്ന് കരുതിയ അവൾ അപൂർവ്വമായി ഒരു ചെറു തിരി കത്തിക്കാൻ ശ്രമിക്കാറുണ്ട്,  സഹന സഖാക്കൾ അത് കെടുത്തി കളയുംവരെയുള്ളു ആ വെളിച്ചത്തിന്റെ ആയുസ്സ്.  തന്റെ കൂട്ടായ്മയിലേക്ക് ചേക്കേറാൻ ആമിയെയും നിർബന്ധിക്കാറുണ്ട് , പക്ഷെ അത് ഒരു പാട് തീപ്പൊരിയ്ക്കും പൊള്ളലിനും കാരണമാകുകയും ചെയ്യുന്നതിനാൽ ഇപ്പോൾ അമ്മു അത്തരം സാഹസത്തിനു മുതിരാറില്ല.  തനിക്ക് വളരെ ഇഷ്ടപെട്ട ഒരു വിഭവം തെങ്ങിൻ ചുവട്ടിൽ കണ്ടപ്പോൾ ആമിയ്ക്ക് സഹിച്ചില്ല.    ഇന്നത്തെ അങ്കത്തിനൊടുവിൽ ആമിയും അമ്മുവും ഒരു സഹന സഖാവിന്റെ വീട്ടിൽ എത്തി.  വീട്ടിലെ പുരുഷന് സഹനത്തിന്റെ പ്രവൃത്തി പരിചയത്തിനു അവസരം കൊടുക്കുകയായിരുന്ന സഖാവിനെ കണ്ടു തിരിഞ്ഞോടിയ അമ്മുവിന്റെ സഹനത്തിൽ മാഞ്ഞു പോയ ചിരിയെ തിരിച്ചു പിടിക്കാൻ സഹായിച്ചു ആമി.


                                             ================

Saturday, September 5, 2020

സമ്മാന പൊതികൾ

                                                  സമ്മാന പൊതികൾ         

                                                ============      

                          ഇന്ന് സ്കൂളിലെ ആദ്യ ദിവസമായിരുന്നു,  സമയത്തിന മുൻപേ എത്താൻ കഴിഞ്ഞു.  രാവിലത്തെ കുട്ടികൾ തിരിച്ചു പോകാൻ ഒരുങ്ങുന്നു.  അടുത്ത ബാച്ചുകാർ വരുന്നു.  ആകെ തിക്കും തിരക്കും, മാതാ പിതാക്കളും കുട്ടികളും അധ്യാപകരും ആയമാരും പോരാത്തതിന്  വാഹനങ്ങളും. വളരെ മുൻപേ അറിയാവുന്ന ഒരു സ്ഥലത്ത്  എത്തിപെട്ട പ്രതീതിയായിരുന്നു.  ഇനിയും ഏകദേശം അരമണിക്കൂർ കഴിയും തന്റെ ജോലി തുടങ്ങാൻ,.  അതിനാൽ പ്രധനാധ്യപികയുടെനിർദ്ദേശമനുസരിച്ച്   കാത്തിരുന്നു.  അകത്തേയ്ക്ക് വരുന്നവരും പുറത്തേയ്ക്ക് പോകുന്നവരും പുതിയ ഒരു വസ്തുവിനെ കണ്ടതിന്റെ സന്തോഷം കാണിക്കുന്നുണ്ടായിരുന്നു.  അതിൽ ചില കുട്ടികൾ ധൃതപിടിച്ച് വന്നു ഒന്ന് തൊട്ടു നോക്കുകയും ചെയ്തു, ആയമാരുടെ കണ്ണ് വെട്ടിച്ചാണ് പലരും തൊട്ട് നോക്കാൻ എത്തിയത്.  തനിക്ക് കുറച്ചു സങ്കടം വന്നു തുടങ്ങി, ആ കുട്ടികൾക്ക്‌ അവരുടെ പരിമിതികൾ അറിയില്ലായിരുന്നു. അത് അവരുടെ സന്തോഷത്തിന് കാരണമായി.  ഏറ്റവും ഒടുവിൽ എത്തിയവൻ(അവളാണ് എന്ന്  കുറച്ചു ദിവസം കഴിഞ്ഞ് മനസ്സിലായി) മറ്റുള്ളവരെ പോലെ തൊട്ട് നോക്കി ചിരിച്ചു,  പിന്നീട് തല മുതൽ തലോടുകയും പിന്നിട് അവന്റെ രണ്ടു കയ്യും എന്റെ തലയിൽ വച്ചു (അനുഗ്രഹമായിരിക്കാം)എന്നിട്ട്  ബാഗും എടുത്ത് ഒരോട്ടം,  മുറിയുടെ പുറത്തേക്ക് കടക്കുന്നതിന് മുൻപേ അന്ധാളിച്ചിരിക്കുന്ന തന്നെ നോക്കി ചിരിക്കാൻ മറന്നില്ല.  തുടക്കത്തിലെ പറഞ്ഞിരുന്നു, ശാന്ത പ്രകൃതക്കാർ കുറവാണ് എന്ന്, അതിനാൽ തന്റെ അന്ധാളിപ്പ്‌ പെട്ടന്ന് മാറി.  അസംബ്ലി ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് തുടങ്ങി, ദേശീയ ഗാനത്തിൽ അവസാനിച്ചു.  ചെറിയ തോതിലുള്ള യോഗയും അതിനു ശേഷമുള്ള പാട്ടുകളും എല്ലാം കുട്ടികൾ മനസ്സ് നിറഞ്ഞു ആഘോഷിക്കുകയായിരുന്നു. ചിലർക്ക് അല്പം മടുപ്പും ദേഷ്യവും കണ്ടൂ. മനസ്സ് തുറന്നു ചിരിക്കാനും കരയാനും ആർക്കും മടിയുണ്ടായില്ല.  എട്ടു വയസ്സുമുതൽ മുപ്പത്താറു വയസ്സുവരെയുള്ള മുപ്പതു കുട്ടികൾ.   അവരുടെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും എല്ലാം പങ്കു വയ്ക്കാനായി  ഞങ്ങളും. യോഗ തുടങ്ങിയപ്പോൾ പുതിയ ആളാണെന്ന പരിചയ കുറവ് കാണിക്കാതെ മടിയിൽ കിടന്നു, ഒരു പാവകുട്ടി പോലെ ഒരു മോൾ. അവളുടെ മുടിയിഴകളിൽ തൊട്ട തന്റെ വിരലുകൾ ഒരു മുജ്ജന്മ ബന്ധത്തിന്റെ കഥകൾ പറയുന്നുണ്ടോ എന്നു തോന്നി.   തന്റേത്  താത്കാലികമായ നിയമനം ആയിരുന്നു,. അതിനാൽ ഓരോ ക്ലാസ്സിലും ഒരാഴ്ച.  പരിചയപെടുത്തലും പരിചയപെടലും കഴിഞ്ഞു. ഇനി ആദ്യ ക്ലാസ്സിലേക്ക്,. കുറച്ചു സൂക്ഷിക്കണം എന്നു ഒരു സഹായി പതുക്കെ പറഞ്ഞു,  ചിരിച്ചു കൊണ്ട് തലയാട്ടി.  ആറു പേരിൽ അഞ്ച് പേരെ എത്തിയിരുന്നുള്ളൂ.   കൂട്ടത്തിൽ വലുതെന്ന് തോന്നിക്കുന്ന  എപ്പോഴും തലയാട്ടി കൊണ്ടിരിക്കുന്ന  ഏതോ പഴയ കാല ഹിന്ദി നടന്റെ പേര് വിളിക്കുന്ന കുട്ടി നിമിഷ നേരം കൊണ്ട്  ക്ലാസ്സ് റൂമിലെ ചാർട്ടുകൾ വലിച്ചു താഴെയിട്ടു,  ശബ്ദം കേട്ട്  വന്ന ടീച്ചർ " കഴിഞ്ഞയാഴ്ച ഭഗവാനെ താഴെയിട്ടു,  ഇപ്പൊൾ പുതിയ ഭഗവാനാണ്‌ " എന്ന്. അപ്പോഴാണ് ചാർട്ടിലും ഒരു ദൈവമായിരുന്നു എന്ന് ശ്രദ്ധിച്ചത്.    വീണ്ടും അവനെ ബെഞ്ചിലിരുത്തി, ഒരു വലിയ ജോലി കഴിഞ്ഞ പോലെ അവൻ ശാന്തനായിരുന്നു.  തലയാട്ടൽ നിന്നു,  തലകുനിച്ചിരുന്നു, നഖങ്ങൾ കടിക്കാൻ തുടങ്ങി,  തടയാൻ തുടങ്ങിയ എന്റെ കൈ പിടിച്ചു അവന്റെ തലയിൽ വച്ചു,  കുറച്ചു നേരം തല ഉഴിഞ്ഞു കൊടുത്തു.   ആറു മാസം മുൻപ് മരിച്ച അപ്പൂപ്പനെ ഓർത്തു ഇപ്പോഴും കരയുകയും ദൈവത്തിന്റെ  അടുത്ത് പോയതാണെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുകയും ചെയ്യുന്ന പതിനെട്ടുകാരനായ വിഷ്ണുവിനെ പരിചയപ്പെട്ടത്  അടുത്ത ആഴ്ചയാണ്.   മുപ്പത് വയസ്സുള്ള റിതുവിനെ കൊണ്ട് വരുന്ന തല നരച്ച അപ്പച്ചന്റെ പ്രതീക്ഷ വറ്റാത്ത കണ്ണുകൾ, ചിരിക്കാൻ മാത്രം അറിയുന്ന ഗൗരിയുടെ അമ്മ,  കൈകാലുകൾ തളർന്ന ഹർഷിനെ വാരി എടുത്ത് കൊണ്ടുവരുന്ന ചേട്ടൻ, അങ്ങിനെ ഒരു പാട് പേർ.   ഞങ്ങൾക്ക് കുട്ടികൾ എല്ലാം ഓരോ സമ്മാന പൊതികളാണ്, അവരുടെ മാതാപിതാക്കൾക്കും ഞങ്ങൾക്കുമായി ദൈവം തന്നത്.  ഓരോ സമ്മാന പൊതികളും സൂക്ഷ്മതയോടെ തുറന്നു അതിലെ ഒളിച്ചു വച്ചിരിക്കുന്ന രത്ന കല്ലുകൾ കണ്ടൂ പിടിച്ച്  അമൂല്യമായ ആ നിഷ്കളങ്കതയെ ആരും കൊത്തിയെടുക്കാനോ തല്ലി കെടുത്താനോ അനുവദിക്കാതെ പ്രകാശിക്കുന്ന വ്യക്തികളാക്കാൻ സഹായിക്കുന്നവരുടെ കൂടെ കുറച്ച് ദിവസം കൂടാൻ സാധിച്ചതിൽ  സന്തോഷം.    

                                      ==============

Friday, August 28, 2020

സുതാര്യം

 

                                                   സുതാര്യം                                        

                                              ========            

 

അറിയാതെയാണ് താനും കലക്ക വെളളത്തിൽ പ്പെട്ടത്. ആദ്യം വെള്ളത്തിന്റെ നിറ വിത്യാസം അറിഞ്ഞിരുന്നില്ല. പതുക്കപ്പതുക്കെ നിറ വിത്യാസം കൂടുന്നുണ്ടോ എന്ന സംശയം.  ' ഇല്ല' എന്ന് കൂടെയുള്ളവർ,.   ആരോ ഒരാൾ  'വെറുതെ തോന്നുന്നതാണ് '  എന്നും മറ്റു ചിലർ ' മുൻപേ ഇങ്ങനെ തന്നെയാണെന്നും '  .   എങ്കിലും തന്റെ ചിന്തയ്ക്ക് ഒരു കൂട്ട് കിട്ടിയപ്പോൾ  തല ഉയർത്തി നോക്കാം എന്ന് കരുതി.  പറ്റിയില്ല, തോറ്റു പിന്മാറി, കൂകി തോൽപ്പിച്ചവരെ മറി കടക്കാനായില്ല. വീണ്ടും ചെളി വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ടു.  കാലാ കാലങ്ങളായി ഇങ്ങനെ തന്നെയാണിതെന്നറിഞ്ഞു. ഓരാൾ എറിയുന്ന ചെളി പലരിലേയ്ക്കും തെറിക്കുകയും പിന്നീട് വെള്ളത്തിൽ കലരുകയും ചെയ്യും.  അങ്ങിനെ ചെളിയേറു ഒരു തുടർച്ചയായി,  കലങ്ങലും തെളിമയില്ലാതകലും പതിവാകുകയും ചെയ്തു.  ചേറു  എടുത്ത് മാറ്റിയാലോ എന്നു കരുതി.  പലരായി പടുത്തുയർത്തിയ  ചേറിൽ കാലുകൾ ഉറച്ച് പോയിരുന്നു.  ഒരുപാട് നാളത്തെ ശ്രമത്തിന് ശേഷം  കയ്യിൽ ചേറുമായി ഉയർന്നു പൊങ്ങി.  ചിലർ അത് തട്ടി കളഞ്ഞു.  'നമ്മുടെ കാലം കഴിയാറായി, കിട്ടിയത് തന്നെ കൈ മാറിയാൽ മതി എന്നുപദേശം, അതാണ് എളുപ്പവും 'എന്ന്.    ' പോര ' എന്നു മനസ്സും.  തെളിച്ചത്തിന്റെയും വെളിച്ചത്തതിന്റെയും ശീലുകൾ എത്താൻ തുടങ്ങി,. കുറച്ചു കുറച്ചായി ശേഖരിച്ചു . പതിന്മടങ്ങായി വളരാൻ തുടങ്ങി.  ചേറിലാണ്ട കൈകാലുകൾ ശക്തിയോടെ ഉയർന്നു, വെള്ളം തെളിഞ്ഞു തുടങ്ങി, വെളിച്ചത്തിന്റെ കീറുകൾ എത്തി.  ആദ്യം അടുത്തുള്ളവരും  പതിയെ പതിയെ അകലയുള്ളവരും തെളി വെള്ളത്തിന്റെ  തെളിമയിൽ തെളിഞ്ഞു,. പതിയെ പതിയെ എല്ലാം സുതാര്യം.

                                         ===============

Monday, July 27, 2020

ചില അതിജീവന ചിന്തകൾ

                                                  ചില അതിജീവന ചിന്തകൾ
                                                  =============


ഈ മഹാമാരിയുടെ കാലത്ത് അതിജീവനത്തെക്കുറിച്ചു ചിന്തിക്കാത്തവരും പറയാത്തവരും ഉണ്ടാകില്ല എന്ന് തോന്നുന്നു.   ജീവിക്കാനുള്ള കൊതി എല്ലാവരിലും കൂടുതലായി കാണുന്നു,   അടുത്തെത്തിയ മരണത്തിന്റെ പദചലനങ്ങളിൽ നിന്ന് ഓടി  രക്ഷപെടാനുള്ള ശ്രമത്തിൽ ചിലർ കാലു തെന്നി വീഴുന്ന കാഴ്ച വേദനിപ്പിക്കുന്നുണ്ട്.   സ്വപ്‌നങ്ങൾ തകർന്നവർ, ജീവിതോപാധികൾ  നഷ്ടപ്പെട്ടവർ,  ഇന്നലെ വരെ എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്ന് പറഞ്ഞവർ അങ്ങനെ എല്ലാവരും ജീവനെ, ശ്വാസത്തെ വളരെയധികം സ്നേഹിച്ചു തുടങ്ങി.  ജീവനിൽ പിടിമുറുക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഓരോ മനുഷ്യനും , നിസ്സഹായനായ മനുഷ്യർ , ഉപേക്ഷിച്ചു കളഞ്ഞ പലതും തിരിച്ചു പിടിക്കാനൊരുങ്ങുന്നു.  അമ്മുവും അക്കൂട്ടത്തിൽ പെടും.  അടച്ചു പൂട്ടൽ തുടർച്ചയായതോടെ മനുഷ്യരെ കാണുക എന്ന ആർഭാടം കഴിഞ്ഞു.  നല്ല നാളേയ്ക്ക് വേണ്ടിയല്ലേ എന്നൊക്കെ ആദ്യം കരുതി ആശ്വസിച്ചു. ചിലരൊക്കെ ജീവിതത്തിൽ നിന്നു ഒഴിച്ച് കൂടാനാവാത്ത വിധം അടുത്തിരുന്നു എന്നറിഞ്ഞത് ഈ നാളുകളിലാണ്.  വീഡിയോ കോളുകളോട് താത്പര്യം ഇല്ലാതിരുന്ന പഴയ തലമുറ ശബ്ദം മാത്രം കേട്ടാൽ പോരാ, കണ്ടു സംസാരിക്കണം എന്ന് ആവശ്യപ്പെടാൻ തുടങ്ങി.  നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്ത അവരെ കൂടുതൽ അലട്ടികൊണ്ടിരിയ്ക്കുന്നു.  മഹാമാരിയുടെ താണ്ഡവം ഒട്ടും കുറവല്ലാത്തതായ ഒരു നഗരത്തിലാണ് അമ്മുവിൻറെ താമസം.  അത് കൊണ്ട് തന്നെ ഭയം അല്പം കൂടുതലായി അനുഭവപ്പെടുന്നത് സ്വാഭാവികം മാത്രം എന്ന് കരുതി.  ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് ഈ ഭയാനകമായ അവസ്ഥ മാറും എന്ന് ചിന്തിച്ചവരുടെ കൂട്ടത്തിൽ അമ്മുവും ഉൾപ്പെടുന്നു. ആദ്യ ദിനങ്ങളിലെ അമ്പരപ്പും പിന്നീടുള്ള ദിനങ്ങളിലെ അസ്വാഭാവികതയും അത് കഴിഞ്ഞുള്ള ദിവസങ്ങളിലെ പാചക പരീക്ഷണങ്ങളും അതോടൊപ്പം പലവിധ മരുന്നുകളെ കുറിച്ചും പ്രതിവിധികളെ കുറിച്ചുമുള്ള മൊബൈൽ സംഭാഷണങ്ങളും  കുറെയേറെ സിനിമകളും അതിലും അതിശയോക്തിയും ചുരുക്കം ചില സന്ദർഭങ്ങളിൽ സിനിമയെ വെല്ലുന്ന ക്ലൈമാക്സുകളും കൊണ്ട് അലംകൃതമായ  വാർത്തകളും എല്ലാം കൊണ്ട് ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നതറിഞ്ഞില്ല ,  മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും എന്നും നഗരം മുന്നിലായിരുന്നു.  കൂട്ടുകാരിൽ പലരും നഗരം വിടാൻ തുടങ്ങി, ദൈവത്തിന്റെ സ്വന്തം നാട്ടിൽ മാത്രമേ രക്ഷയുള്ളൂ എന്ന ചിന്ത ശക്തമായി. ഒന്നാമതാകാനും പോസിറ്റീവാകാനും ആഗ്രഹമില്ലാതായി.   ആംബുലൻസുകളുടെ കരച്ചിൽ കൂടി കൂടി വന്നു,  ഏഴു മണിക്കൂറിനുള്ളിൽ പതിനാല്  എണ്ണം  വരെ എണ്ണി തരിച്ചിരുന്ന  ദിവസങ്ങൾ,  കരച്ചിലില്ലാതെ പോകുന്ന ആംബുലൻസുകൾ വേറെയും.   നൂറ്റമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഞങ്ങളുടെ കെട്ടിട സമുച്ചയത്തിലും നഗരപാലികയുടെ  നോട്ടീസ് പതിച്ചു, ഇതുവരെ വഴിയേ പോയിരുന്ന ആംബുലൻസ് മുറ്റത്തും എത്തി.   പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും എന്ന് പറഞ്ഞ പോലെ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. അത്യാവശ്യ വസ്തുക്കൾ പോലും കിട്ടാൻ ബുദ്ധിമുട്ടായി തുടങ്ങി, ഓൺലൈൻ കച്ചവടം പൊടിപൊടിക്കുന്നുണ്ടെങ്കിലും എളുപ്പമാകുന്നില്ല, കിളികുഞ്ഞുങ്ങളുടെ ഭക്ഷണത്തിനു ഇരട്ടിയിലധികം വില ഈടാക്കിയ പ്രമുഖ ഓൺലൈൻ ചെയിൻ ,  കച്ചവടത്തിന്റെ പുതിയ തന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങി. എന്നാലും കിളികുഞ്ഞുങ്ങൾക്ക് സമയത്തു ഭക്ഷണം എത്തിച്ചു തന്നതിൽ ഞങ്ങൾക്ക് നന്ദിയുണ്ട് .   ഈയടുത്ത കാലത്തു  രണ്ടു മൂങ്ങകൾ വിരുന്നുകാരായി എത്തുന്നുണ്ട്,  രാത്രി പകലാക്കി കൊണ്ടിരിക്കുന്ന മക്കൾക്ക് അതൊരു പുതിയ കാഴ്ച്ചയായിരുന്നു, വിരുന്നുകാരന്റെ പ്രത്യേകതകൾ എല്ലാം മനസ്സിലാക്കി, അവയുടെ വരവ് കാത്തിരിക്കാൻ തുടങ്ങി.  ഉച്ചനേരത്തു വരുന്ന മൈനകളും മുട്ടയിടാൻ സ്ഥലം അന്വേഷിച്ചു വരുന്ന പ്രാവുകളും ജീവനെ കുറിച്ചു മാത്രം സംസാരിച്ചു.  ചെടികൾ വാടാതിരിക്കാനും കിളികൾക്ക് ഭക്ഷണം മുടങ്ങാതിരിക്കാനും പ്രാവുകളുടെ മുട്ട സുരക്ഷിതമായി ഇരിക്കേണ്ടതിനെക്കുറിച്ചുമായി  ഞങ്ങളുടെയും മക്കളുടെയും ചർച്ച.  തങ്ങളുടെ കൊച്ചു തോട്ടത്തിലെ കുഞ്ഞൻ പാവയ്ക്ക ഒരാൾ സന്തോഷത്തോടെ ഞെട്ടിൽ നിന്ന് അടർത്തിയെടുത്തപ്പോൾ കാച്ചിൽ മണ്ണിനടിയിൽ നിന്ന് എടുത്ത് അടുത്തയാളും കൃഷിക്കാരനായി. പത്ത് അടി നീളവും രണ്ടു അടി വീതിയും ഉള്ള തോട്ടം അങ്ങനെ ഞങ്ങൾക്ക് ഒരു പാട് സന്തോഷം തരാൻ മത്സരിക്കുന്നു, ആകാശത്തെ പച്ചിലക്കൂട് ഒരുക്കുമ്പോൾ ഇത് പോലെ ഒരു തണുപ്പും ആശ്വാസവും പ്രതീക്ഷിച്ചിരുന്നില്ല.  വെയിൽ ഉള്ളപ്പോൾ ഇലകൾ വീടിനകുത്തുണ്ടാക്കുന്ന നിഴൽ ചിത്രങ്ങളും അടയ്ക്കാക്കിളികളുടെ കലപിലയും ഈ മഹാനഗരത്തിലെ  നിലനിൽപ്പിന്റെ സാധ്യതകളെ കുറിച്ച് മാത്രം പറയുന്നു.












Wednesday, June 17, 2020

അരങ്ങിലും അടുക്കളയിലും

                                                   അരങ്ങിലും അടുക്കളയിലും
                                                  ===========================


'സ്ത്രീ സമൂഹത്തിൽ'  എന്നതായിരുന്നു മത്സരത്തിനുള്ള വിഷയം.   ഇതൊരു മത്സരത്തിനുള്ള വിഷയമാണോ എന്നതായിരുന്നു ഞങ്ങൾ കുറെ പേരുടെ സംശയം .   ഞങ്ങളില്ലാത്ത ഒരു സമൂഹം ഉണ്ടോ?  എന്തെഴുതിയാലാണ് സമ്മാനം കിട്ടുക എന്നതാലോചിച്ചു സമൂഹത്തിലെ ഞാൻ അടങ്ങുന്ന കുറച്ചു പേർക്ക് ഉറക്കം നഷ്ടപ്പെട്ടു.   തമ്മിൽ തമ്മിൽ ആലോചിക്കാം എന്ന് കരുതിയാൽ അത് ബുദ്ധിമോശമാവുമെന്നു മനസ്സിലായത് കൊണ്ട് ഓരോരുത്തരും ഒറ്റയ്ക്ക് ആലോചിക്കാൻ തുടങ്ങി.  നാല് മുതൽ ആറു വരെ അംഗങ്ങൾ  ആകാം എന്ന തിരുത്തു വന്നു.  സന്തോഷമായി, ഞങ്ങൾക്ക് എപ്പോഴും എല്ലാത്തിനും ഒരു കൂട്ടു വേണം.  ഞങ്ങൾ കുറച്ചു പേർ ഒരുമിച്ചു ചിന്തിക്കാൻ ഒത്തു കൂടി.  പത്തരയോടെ നീതുവിന്റെ വീട്ടിൽ ഒത്തു ചേരാം എന്നാണ് തീരുമാനിച്ചത്.  അവൾക്ക് അധികം പുറത്തേയ്ക്ക് ഇറങ്ങാൻ പറ്റില്ല,  കിടപ്പു രോഗിയായ അമ്മ വീട്ടിലുണ്ട് ,  എന്നാൽ അവളെ ഒഴിവാക്കാനും പറ്റില്ല, പുറത്തിറങ്ങാൻ സൗകര്യമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല, നീതുവിന് അല്പ സ്വല്പ വായന ഉണ്ട്, അത് ചിലപ്പോൾ ഉപകാരപ്പെടും.   എല്ലായിടത്തും അല്പം വൈകി എത്തുന്നത് പതിവാക്കിയ ഞാൻ പതിനൊന്നു മണിയോടെ എത്തി.
ചിന്നുവും രാധയും ചില ചിന്തകളെല്ലാം വാരി വിതറുന്നുണ്ട്,  നീതു അതെല്ലാം പെറുക്കിയെടുത്തു കടലാസിൽ പകർത്തുന്നു, വെട്ടുന്നു, തിരുത്തുന്നു.   "സ്ത്രീകളെ ഇങ്ങനെ വിളക്കും തിരിയും ഒന്നും ആക്കി സുഖിപ്പിക്കണ്ട , ഞങ്ങൾക്ക് അങ്ങനെ നിന്ന് കത്താൻ  താത്‌പര്യമില്ല "എന്ന് എഴുതി ചേർക്കാൻ ഉപദേശിച്ചു,  നീതുവിന്റെ അമ്മ.   ഷീലയും അത് സമ്മതിച്ചു,  അത് ശരിയാണല്ലോ അമ്മച്ചി പറഞ്ഞതിൽ കാര്യമുണ്ട്.    ഭാഷയിലെ എല്ലാ വർണനകളും പെണ്ണിനുള്ളതാണ് എന്ന് തോന്നി പോകും.   ബഹിരാകാശ സഞ്ചാരി, അഗതികളുടെ അമ്മ, സൗന്ദര്യ റാണി, ആതുര സേവന രംഗത്തെ  മാലാഖ, അങ്ങനെ വിവിധ  മേഖലകൾ എല്ലാം തട്ടി തെറിപ്പിച്ചു കൊണ്ട് നീതുവിന്റെ അമ്മ  'പെണ്ണമ്മ ' യിലേയ്ക്ക്  ഞങ്ങൾ കാതു  കൂർപ്പിച്ചു.  ശബ്ദത്തിനും മനസ്സിനും തളർച്ചയില്ലാത്ത എൺപതു കാരി .   പതിനാലാം വയസ്സിൽ ഇരുപത്തെട്ടുകാരനെ കല്യാണം കഴിച്ചവൾ ,  വളരെ നേരത്തെ മരുമകൾ എന്ന സ്ഥാനം കിട്ടിയവൾ.   മനസ്സുചോദ്യത്തിനുത്തരം പറയാൻ മടിച്ചവൾ,  അതെ എന്ന് പറയണം എന്ന് ശഠിച്ചവരെ ധിക്കരിക്കാൻ കഴിയാതെ പോയവൾ.  കൊല്ലം തോറുമുള്ള പ്രസവം ശീലമാക്കിയവൾ. ഭർത്താവിന്റെയും മക്കളുടെയും തോൽവിയ്ക്ക് പഴി കേൾക്കുന്നവൾ,   കാലം കടന്നു പോകുമ്പോൾ ദുഃഖം തോന്നാതിരുന്നവൾ.   റേഡിയോയിലെ  ഗാനങ്ങൾക്കൊത്തു താളം ചവിട്ടാൻ കൊതിച്ചവൾ.  അരിയും മുളകും പൊടിയ്ക്കുന്നതിന്റെ താളത്തിൽ  തൃപ്തിപ്പെട്ടവൾ.  നീതുവിന്റെ കയ്യിലിരുന്ന കടലാസ് നനഞ്ഞു,  അക്ഷരങ്ങളുടെ ആകൃതി വിത്യാസപ്പെട്ടു .   നമുക്ക് മത്സരിക്കണ്ട അല്ലേ ,ആരോ പറഞ്ഞു, പറഞ്ഞതാരാണ് എന്ന് നോക്കാൻ മിഴികൾ സമ്മതിച്ചില്ല.

Monday, May 25, 2020

കമ്പോള നിലവാരം

                                                   കമ്പോള നിലവാരം
                                                   ===================


ഒരിക്കലും തകർച്ച സംഭവിക്കാത്ത ഒരു കച്ചവടം ആണ് വിവാഹ കച്ചവടം,  സാധാരണ കച്ചവടത്തിൽ പണം കൊടുത്തു വാങ്ങുന്നവയുടെ മേൽ വാങ്ങുന്നവന് പൂർണ്ണ അധികാരം ഉണ്ടാകും,  എന്നാൽ വിവാഹ കച്ചവടത്തിൽ പണം കൊടുത്തവൻ ഒരു ഭാരം ഒഴിവാക്കിയ തരത്തിലോ അതോ അവനടക്കമുള്ള സമൂഹത്തിന്റെ സമ്മർദ്ദം  കൊണ്ടോ നിശബ്ദനും തല കുനിച്ചു നടക്കുന്നവനും ആകുന്നു.   ഇത്തരം ഒരു കച്ചവടത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ മകൾ എന്ന ഭാരത്തെ ഇറക്കി വച്ച് ,കൊണ്ടു  പോകുന്നവന് പണവും നൽകി കച്ചവടത്തിന്റെ എല്ലാ മാനദണ്ഡങ്ങളേയും കാറ്റിൽ പറത്തുന്നു,  വിചിത്രമായ ഒരു രീതി.  എത്ര കൊടുത്തു എന്നും, എത്ര കിട്ടി എന്നും മാത്രമാണ് കാര്യം,  "ഇതിലും കൂടുതൽ കിട്ടണമായിരുന്നു, അവന്റെ വിദ്യഭ്യാസ യോഗ്യതയും കുടുംബപാരമ്പര്യവും  സമ്പത്തും  കണക്കിലെടുത്താൽ ,  പിന്നെ എന്ത് ചെയ്യാം , തലയിൽ വരച്ചത് ഇതായിരിക്കും ", മിക്ക ആൺ വീടുകളിലെയും സംസാരം,  അവർ സഹിക്കും , ക്ഷമിക്കും.   " കുറച്ചു കൂടുതൽ ചിലവായാൽ എന്താ, നമ്മുടെ മോൾക്ക് ഒന്നാന്തരം ഒരുത്തനെ കിട്ടിയില്ലേ?,    കിട്ടുന്ന ഓരോ തുട്ടും ഇരട്ടിയാക്കുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചു ജീവിക്കാൻ മറന്നു പോയ പെണ്ണിന്റെ വീട്ടുകാരുടെ  അഭിപ്രായമായിരുന്നു അത്.  അതെ രണ്ടു വീട്ടുകാരും അവരുടെ ചിന്തകളും നല്ല ചേർച്ചയുണ്ടായിരുന്നു, അപ്പോൾ പിന്നെ കല്യാണം കമ്പോള നിലവാരം അനുസരിച്ചു നടക്കട്ടെ  അല്ലേ?


Friday, May 15, 2020

വെളിച്ചത്തിലേയ്ക്ക്

                                                      വെളിച്ചത്തിലേയ്ക്ക്
                                                      ====================

ഇതുവരെ ഞങ്ങൾ കൂട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു,  ശത്രുവിനെ പേടിച്ചു. ഒളിക്കാൻ  മാളങ്ങൾ വളരെ നേരത്തെ തയ്യാറാക്കി വച്ചിരുന്നു.    കാറ്റിനെയും മഴയേയും  ഞങ്ങളെ പോലെ തന്നെയുള്ളതും അല്ലാത്തതുമായ മൃഗങ്ങളേയും ഞങ്ങൾ ഭയപ്പെട്ടിരുന്നു.  ആയുസ്സിനെക്കുറിച്ചും  സമ്പത്തിനെക്കുറിച്ചും ആകുലപെടുന്നത് ഒരു ശീലമാക്കി മാറ്റിയിരുന്നു.  പിന്നെ പതുക്കെ പതുക്കെ ദൈവങ്ങളെക്കുറിച്ചും ദേവാലയങ്ങളെ കുറിച്ചും ആവലാതി പെടാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.  അതിൽ ഞങ്ങൾ വളരെയധികം മുന്നോട്ടു പോയി.   ദൈവങ്ങളെ സംരക്ഷിക്കുക ഒരു ഹരമായി, ലഹരിയായി സിരകളിൽ ഒഴുകി തുടങ്ങി,  ദൈവങ്ങൾക്ക് പല നിറങ്ങൾ കൊടുത്തതോടെ ഞങ്ങൾ വളരെ തിരക്കുള്ളവരായി .   വളക്കൂറുള്ള ഞങ്ങളുടെ മണ്ണിൽ വേട്ടക്കാരന്റെയും ഇരകളുടെയും വളർച്ചയെ  അതിശയത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല.    അവരെ സംരക്ഷിക്കാനും ശിക്ഷിക്കാനും ഞങ്ങളിൽ പലരും മുന്നിട്ടിറങ്ങി,  അവരും പല നിറങ്ങളും അടയാളങ്ങളും തിരഞ്ഞെടുത്തു സ്വന്തമാക്കി,  ആ നിറങ്ങളും അടയാളങ്ങളും സംരക്ഷിക്കാനും ഞങ്ങൾ കുറെ ജീവനുള്ളതും ഇല്ലാത്തതുമായ പലതിനേയും ഇല്ലാതാക്കി.  എന്തൊരു വളർച്ചയായിരുന്നു, വെട്ടി തെളിക്കുക, വെട്ടി പിടിക്കുക, വളരെ രസം തോന്നുണ്ടായിരുന്നു.  ഇത്തരം കളികൾ കളിച്ചു തളർന്നവരേയും  കളികൾക്ക് തടസ്സമായി നിന്നവരേയും  ഞങ്ങൾ ഒരുമിച്ചു കൂട്ടി,  മനസ്സിനെയും ശരീരത്തേയും തളർത്തുന്നതിൽ ഞങ്ങൾ വിജയിച്ചു.  ഇനി  അവരെ കൊണ്ട് ശല്യം ഉണ്ടാവില്ല.  ദൂരകാഴ്ചകൾ ഉള്ള ഞങ്ങൾ നാളേയ്ക്ക് വേണ്ടി ഇന്നിനെ മറന്നു,   വിടരുന്ന പൂവിനെ നോക്കാൻ സമയമില്ലാത്തതുകൊണ്ടു, ഉണക്കി സൂക്ഷിക്കാൻ ആജ്ഞാപിച്ചു.  സമയം കിട്ടുമ്പോൾ ആസ്വദിക്കാമല്ലോ ?  അങ്ങനെയിരിക്കുമ്പോഴാണ്  കണ്ണിൽ പെടാത്ത അത്രയും ചെറിയ ശത്രു എത്തിയത്, ഞങ്ങളുടെ കണക്കു കൂട്ടൽ തെറ്റിക്കാൻ മാത്രം അവൻ പടർന്നു പന്തലിച്ചത് ,  ഇനി എന്ത് ?   ഭയന്നോടാൻ  ഭീരുക്കൾ അല്ല ഞങ്ങൾ, പക്ഷേ  വന്ന വഴികൾ തങ്ങളെ രക്ഷിക്കില്ല എന്നൊരു ചിന്ത മുളയ്ക്കുന്നു , കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല.   അപ്പോഴാണ് വെറുതെ ഇരുന്നാലോ എന്ന ചിന്ത വന്നത്, എളുപ്പമല്ല എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് കരുതി, വന്ന വഴികൾ ഓർമയിൽ കൊണ്ട് വരാൻ ശ്രമിച്ചു,  അങ്ങനെയിരിക്കെ കൺപോളകളിൽ ഒരു മൃദു സ്പർശം, ഒരു തണുപ്പ്, കൺപീലികൾ ഒന്നിളകി,  കൺപോളകൾ ഒന്നനങ്ങി , ഒരു വെണ്മ അല്ല പ്രകാശ കിരണം.   അപ്പോൾ മിഴികൾ അടഞ്ഞിരിക്കുകയായിരുന്നോ ?  ആയിരിക്കാം . ഇനി അകകണ്ണുകൾ തുറക്കുകയാണ്,   നേർ വഴികൾ തെളിയുന്നു, തെളിച്ചമുള്ള വഴികൾ ..... തെളിച്ചമുള്ള ജീവിതം.....

Saturday, May 9, 2020

മനുഷ്യക്കുരുതി

                                                                 മനുഷ്യക്കുരുതി
                                                              ================


"മനുഷ്യക്കുരുതി ഒറ്റയ്ക്ക് വേണോ ഒരുമിച്ചു വേണോ എന്നതിൽ മാത്രമേ തർക്കമുള്ളൂ .   ജാതി , നിറം, ദേശം അങ്ങനെ പല പേരിനാൽ കുരുതിക്കിരയായ ജീവിതങ്ങൾ ഉയർത്തെഴുന്നേൽപ്പ് കാത്തു കിടക്കുന്നു. "
 അമ്മുവിന് ഈ ഒരു മറുപടി കൊടുക്കാനേ കഴിഞ്ഞുള്ളൂ .  അവൾക്ക് അത് പൂർണ്ണമായി മനസ്സിലായോ എന്നറിയില്ല, തന്റെ മൗനത്തിൽ നിന്ന് അവൾ പലതും മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.  റെയിൽവേ പാളങ്ങളിൽ  കിടന്നുറങ്ങിയതിനിടയിൽ  മരിച്ചവരെക്കുറിച്ചും, പൊരിവെയിലത്തു അത്യാവശ്യ ഭക്ഷണം പോലും കരുതാതെ കൊച്ചു കുഞ്ഞുങ്ങളുമായി  കിലോമീറ്ററകലെയുള്ള  ഗ്രാമങ്ങളിലേക്ക് നടക്കുന്നവരെ കുറിച്ചുമായിരുന്നു  ഇന്നവൾക്ക് സംശയം.   ചോദ്യത്തിൽ കാര്യമുണ്ട് താനും, നടന്നാൽ എത്താവുന്ന  ദൂരത്തിൽ  അല്ല അവരുടെ ഗ്രാമമെന്നും റെയിൽവേ പാളങ്ങൾ  ഉറങ്ങാനുള്ള സ്ഥലങ്ങൾ അല്ല എന്നും അവർക്കറിയാം.  കുഞ്ഞു കാലുകൾ ചുട്ടുപഴുത്തപ്പോൾ ആതിര അമ്മയോടും ഇത്തരം ചോദ്യങ്ങൾ ചോദിച്ചു.  അപ്പോൾ മുന്നേ ഓടുന്ന അച്ഛനെ കാണിച്ചു കൊടുത്തു,  ദൂരെ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രക്കിനെ ലക്ഷ്യമാക്കി ഒരു കൂട്ടം ആളുകൾ ഓടുന്നു, അതിൽ അവളുടെ അച്ഛനും ഉണ്ടായിരുന്നു.   മാധ്യമങ്ങളിൽ നടക്കുന്ന തമ്മിൽ തല്ലും തലോടലും ഒന്നും അറിയാതെ ഒരു കൂട്ടം മനുഷ്യകോലങ്ങൾ തിരിച്ചു നടക്കുന്നു.  ജീവിത മാർഗം തേടിയെത്തിയ നഗരത്തിൽ  നാളെ മുതൽ അന്നത്തിനു വകയില്ല എന്നറിഞ്ഞപ്പോൾ ഭയപ്പെട്ടോടാൻ അമ്മയുടെ മടിത്തട്ടെന്നപോലെ  സുരക്ഷിതം തങ്ങളുടെ ഗ്രാമമെന്നവർക്കു തോന്നി .  നഗരത്തിനു തത്കാലം അവരെ ആവശ്യമില്ല,  അതിനാൽ അവരുടെ തിരിച്ചു പോക്ക് കണ്ടില്ല എന്ന് നടിച്ചു.   അവർക്കു വേണ്ടി ശബ്ദിച്ചവരുടെ ശബ്ദം എത്തുമെന്ന് പേടിച്ചു പല വാതിലുകളും കാതുകളും അടച്ചു വച്ചിരുന്നു. 
                        ==================================



Wednesday, April 29, 2020

ഒരു കൊറോണ ദിനം

                                                      ഒരു കൊറോണ ദിനം
                                                      ===================
 കൊറോണയെ തല്ലി  കൊന്നു എന്ന് കരുതിയാണ് ഇന്നും എഴുന്നേറ്റത്.    പക്ഷെ കൊല്ലാൻ  പറ്റിയില്ല എന്നറിഞ്ഞു.   എന്തൊരു ഭീകരനാണിവൻ, പിടി തരുന്നില്ലല്ലോ .     കൊറോണയെ കുറിച്ചാലോചിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞു വിശപ്പ്  വാശി പിടിക്കാൻ തുടങ്ങി.   അങ്ങനെ കൊറോണ മൂലം മെലിഞ്ഞു പോയ അടുക്കളയിൽ എത്തി.   എന്തുണ്ടാക്കും എന്നാലോചിച്ചപ്പോൾ  ചിരി വന്നു. അധികം ആലോചിക്കാൻ മാത്രം വിഭവങ്ങൾ ഒന്നും ഇല്ല. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പഴമൊഴി തട്ടി  കുടഞ്ഞെടുത്തിട്ട് കുറെ ദിവസമായി.
കൊടുത്തത് പരാതി  കൂടാതെ കഴിച്ചി ട്ട് വീണ്ടും മൊബൈൽ  നോക്കി ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർ ഒരുതരത്തിലും ആരെയും ശല്യപെടുത്തുന്നില്ല.    ആദ്യമായി കൊറോണ, മുഖാവരണം, ലോക്ക് ഡൌൺ  എന്നീ വാക്കുകൾ കേട്ടപ്പോൾ തോന്നിയ അറിവില്ലായ്മയുടെ തമാശയും കുറച്ചു ദിവസം വെറുതെ വീട്ടിലിരിക്കാമെന്ന സന്തോഷവും നിറം മാറ്റം കാണിച്ചു തുടങ്ങി.  പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇപ്പോൾ ഞങ്ങളുടെ താമസസ്ഥലത്തു തന്നെ എത്തും. നൂറ്റമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ കെട്ടിട കൂമ്പാരത്തിലെ മനുഷ്യർ ഒച്ചയും ബഹളവും ഒന്നുമില്ലാതെ താഴെ എത്തുന്നു. കൈകഴുകിയും അകലം പാലിച്ചും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നു.  ആരും  ആരോടും സംസാരിക്കുന്നില്ല, ചിരിക്കുന്നുണ്ടോ എന്നറിയാൻ മുഖാവരണം സമ്മതിക്കുന്നുമില്ല. പൊടിപിടിച്ചു കിടക്കുന്ന വണ്ടികൾക്ക് ഓരം ചേർന്നു നിൽക്കുന്ന മനുഷ്യർ. കുട്ടികളെ കാണാനേ ഇല്ല. ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ ഇറങ്ങാൻ അവകാശമുള്ളൂ.   ബാൽകണികളിൽ പോലും കുട്ടികൾ ഇല്ല. എവിടെ പോയി അവരുടെ ആരവവും തല്ലുകൂടലും ചിരിയും ,  കുട്ടികൾ ഇനി കളികൾ മറക്കുമോ?  ആകെ കുറച്ചു കിളികളുടെ ശബ്ദം മാത്രമേ കേൾക്കാനുള്ളൂ.   അവയ്ക്ക് കൊറോണയെ  കുറിച്ചു  അറിയാത്തതുകൊണ്ടു നേരം വെളുക്കുമ്പോൾ തന്നെ കലപില കൂട്ടി പുറത്തുപോകും, വെളിച്ചം മങ്ങി തുടങ്ങുമ്പോൾ സ്വന്തം വാസസ്ഥലം  തേടി വരുകയും ചെയ്യും. ചെടികൾക്ക് ഒഴിക്കുന്ന വെള്ളത്തിന്റെ പങ്കുപറ്റി ദാഹമകറ്റാനും അവയ്ക്ക് കഴിയുന്നു. പെട്ടന്നുള്ള അടച്ചുപൂട്ടൽ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിൽ പെട്ട് പോയവർ തിരിച്ചെത്താൻ കഴിയാതെ കേഴുന്നു.  പട്ടിണിയും ഭയവും  കൊണ്ട്  കരിഞ്ഞുണങ്ങിയ മനുഷ്യകോലങ്ങൾ  കിലോമീറ്ററുകൾക്കപ്പുറമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേയ്ക്ക്   നടക്കുന്നത് കാണാതിരിക്കാൻ പലരും മുഖാവരണം കണ്ണിലും ധരിക്കാൻ തുടങ്ങിയിരിക്കുന്നു .  


Tuesday, April 7, 2020

ദൈവത്തിന്റെ സന്ദേശം

                                            ദൈവത്തിന്റെ  സന്ദേശം 
                                            ======================== 


നിങ്ങൾ എന്റെ whatsapp  status , Dp  എന്നിവ ശ്രദ്ധിച്ചുകാണുമെന്നാണ് ഞാൻ കരുതിയത്.     നിങ്ങളിൽ മാറ്റങ്ങൾ ഒന്നും കാണാത്തതുകൊണ്ടാണ് ഓരോരുത്തർക്കും email സന്ദേശം അയക്കാം എന്ന് കരുതിയത്.  വ്യക്തിപരമായി ലഭിക്കുമ്പോൾ,  ഞാനറിഞ്ഞില്ല , എന്നോട് പറഞ്ഞില്ല എന്നാരും പറയില്ലല്ലോ ?   നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്താണല്ലോ കോവിഡ് വന്നത്,  ഇപ്പോൾ പോകേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു.നിങ്ങൾക്ക് അവനെ തോൽപ്പിക്കാൻ എത്രയും പെട്ടന്ന് കഴിയണം.  പ്രാർത്ഥനയിൽ നിങ്ങൾ എപ്പോഴും മുൻപന്തിയിൽ ആയിരുന്നു, എങ്കിലും ഈ അടുത്തകാലത്ത് അത് വളരെ കൂടി.  ആവശ്യങ്ങൾ കൂടി എന്ന് ഞാൻ മനസ്സിലാക്കി.  തരുന്നത് സ്വീകരിക്കാൻ നിങ്ങൾക്ക് താത്പര്യം കുറഞ്ഞു.   എനിക്ക് സ്തുതികളും അർച്ചനകളും ആരാധനയും വേണമെന്ന് നിങ്ങളെ പഠിപ്പിച്ചതാരാണ്?  ആരാധനയും സ്തുതിയും കൊണ്ട് എന്തങ്കിലും ആരെങ്കിലും നേടിയിട്ടുണ്ടോ ?  തൂണിലും തുരുമ്പിലും ഞാനുണ്ടെന്നു നിങ്ങൾക്ക് അറിയാം.  പിന്നെ എന്തിനാണ് എനിക്കാണെന്നു പറഞ്ഞു നിങ്ങൾ കൊട്ടാരങ്ങൾ പണിയുന്നത്?

മന്ത്രങ്ങളുടെ എണ്ണം, ചൊല്ലേണ്ട സമയം എന്നിവയെ കുറിച്ച് വളരെയധികം ചിന്തിക്കുന്നുണ്ട് എന്ന് തോന്നുന്നു.  അങ്ങനെയൊന്നുമില്ല കേട്ടോ . മക്കളുടെ വേദനയും ദുരിതവും എല്ലാം അറിയുന്നുണ്ട് . പലതും അത്യാഗ്രഹത്തിൽ നിന്നുണ്ടാവുന്നതല്ലേ ?  ഒന്നാലോചിച്ചു നോക്കൂ .  എത്ര തലമുറയ്ക്കുള്ളതാണ് കൂട്ടി വയ്ക്കുന്നത്?  ചിലവാക്കിയതിന്റെ എത്ര മടങ്ങ്  തിരിച്ചു കിട്ടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?   ലാഭം കൊയ്യാൻ മക്കളെ പഠിപ്പിക്കുമ്പോൾ, അവർ അത് നന്നായി പഠിച്ചു  എന്ന് ഉറപ്പു വരുത്തുമ്പോൾ നിങ്ങള്ക്ക് തത്കാലം ദൈവത്തിന് സ്തുതി പറയാനുള്ള കാലമായി എന്ന് തോന്നുന്നു.   ലാഭ കൊയ്ത്തിനു മാതാപിതാക്കൾ തടസ്സമാണെന്നു കാണുമ്പോൾ നിങ്ങളുടെ സ്ഥാനം വ്രദ്ധാശ്രമങ്ങളിൽ  ആവുമ്പോൾ നിങ്ങള്ക്ക് സ്തുതിയും ആരാധനയും അർപ്പിക്കാൻ തോന്നാറുണ്ടോ?  പുതുതായി ഞാൻ കണ്ട ഒരു കാഴ്ച്ചയാണ്,  എന്റെ രൂപം പ്രചരിപ്പിക്കുക , പത്തോ ഇരുപതോ പേർക്ക് അയച്ചു കൊടുക്കുക, പെട്ടന്ന് അയച്ചാൽ  നന്മ വരും,  നിങ്ങൾക്ക് എങ്ങനെ ഇത് വിശ്വസിക്കാൻ കഴിയുന്നു ?. പ്രാർത്ഥനകളുടെ എണ്ണവും അങ്ങനെ തന്നെ.  നിങ്ങള്ക്ക് എന്ത് പറ്റി ?  നിങ്ങളുടെ ഇടയിൽ തന്നെയുള്ളവർ നിങ്ങളെ വഴി തെറ്റിക്കുന്നു.  എന്നെ രക്ഷിക്കാൻ വേണ്ടിയാണ് പലരും നടക്കുന്നത്, നിങ്ങളുടെ കൈയ്യിലാണോ എന്റെ രക്ഷ ?   കളകളാണല്ലോ പടർന്നു പന്തലിച്ചതു എന്നോർക്കുമ്പോൾ ഒരു വിഷമം .  നിങ്ങൾ കുറെ കൂടി ധൈര്യമുള്ളവരാകണം. ഞാൻ തരുന്നത് സ്വീകരിക്കുക,  ഒന്നും നിങ്ങളുടെ തകർച്ചയ്ക്കല്ല.  നിങ്ങൾ എനിക്ക് ഒരു ഉറപ്പ് തരണം, എന്താണെന്നല്ലേ ഇനി ഞാൻ എഴുതുന്നത്  ശ്രദ്ധിച്ചു  വായിക്കണം,അതനുസരിച്ചു ജീവിക്കുക . "താളം തെറ്റാതെയും തെറ്റിക്കാതെയും ജീവിക്കുക, നിന്റെ മാത്രമല്ല സഹജീവികളുടെയും " എളുപ്പമാണെന്നേ! ഒന്ന് പരീക്ഷിച്ചു  നോക്കൂ .പിന്നെ എന്റെ Dp  ഒന്ന് നോക്കണേ, അതിലുണ്ട് എല്ലാം .