സമ്മാന പൊതികൾ
============
ഇന്ന് സ്കൂളിലെ ആദ്യ ദിവസമായിരുന്നു, സമയത്തിന മുൻപേ എത്താൻ കഴിഞ്ഞു. രാവിലത്തെ കുട്ടികൾ തിരിച്ചു പോകാൻ ഒരുങ്ങുന്നു. അടുത്ത ബാച്ചുകാർ വരുന്നു. ആകെ തിക്കും തിരക്കും, മാതാ പിതാക്കളും കുട്ടികളും അധ്യാപകരും ആയമാരും പോരാത്തതിന് വാഹനങ്ങളും. വളരെ മുൻപേ അറിയാവുന്ന ഒരു സ്ഥലത്ത് എത്തിപെട്ട പ്രതീതിയായിരുന്നു. ഇനിയും ഏകദേശം അരമണിക്കൂർ കഴിയും തന്റെ ജോലി തുടങ്ങാൻ,. അതിനാൽ പ്രധനാധ്യപികയുടെനിർദ്ദേശമനുസരിച്ച് കാത്തിരുന്നു. അകത്തേയ്ക്ക് വരുന്നവരും പുറത്തേയ്ക്ക് പോകുന്നവരും പുതിയ ഒരു വസ്തുവിനെ കണ്ടതിന്റെ സന്തോഷം കാണിക്കുന്നുണ്ടായിരുന്നു. അതിൽ ചില കുട്ടികൾ ധൃതപിടിച്ച് വന്നു ഒന്ന് തൊട്ടു നോക്കുകയും ചെയ്തു, ആയമാരുടെ കണ്ണ് വെട്ടിച്ചാണ് പലരും തൊട്ട് നോക്കാൻ എത്തിയത്. തനിക്ക് കുറച്ചു സങ്കടം വന്നു തുടങ്ങി, ആ കുട്ടികൾക്ക് അവരുടെ പരിമിതികൾ അറിയില്ലായിരുന്നു. അത് അവരുടെ സന്തോഷത്തിന് കാരണമായി. ഏറ്റവും ഒടുവിൽ എത്തിയവൻ(അവളാണ് എന്ന് കുറച്ചു ദിവസം കഴിഞ്ഞ് മനസ്സിലായി) മറ്റുള്ളവരെ പോലെ തൊട്ട് നോക്കി ചിരിച്ചു, പിന്നീട് തല മുതൽ തലോടുകയും പിന്നിട് അവന്റെ രണ്ടു കയ്യും എന്റെ തലയിൽ വച്ചു (അനുഗ്രഹമായിരിക്കാം)എന്നിട്ട് ബാഗും എടുത്ത് ഒരോട്ടം, മുറിയുടെ പുറത്തേക്ക് കടക്കുന്നതിന് മുൻപേ അന്ധാളിച്ചിരിക്കുന്ന തന്നെ നോക്കി ചിരിക്കാൻ മറന്നില്ല. തുടക്കത്തിലെ പറഞ്ഞിരുന്നു, ശാന്ത പ്രകൃതക്കാർ കുറവാണ് എന്ന്, അതിനാൽ തന്റെ അന്ധാളിപ്പ് പെട്ടന്ന് മാറി. അസംബ്ലി ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് തുടങ്ങി, ദേശീയ ഗാനത്തിൽ അവസാനിച്ചു. ചെറിയ തോതിലുള്ള യോഗയും അതിനു ശേഷമുള്ള പാട്ടുകളും എല്ലാം കുട്ടികൾ മനസ്സ് നിറഞ്ഞു ആഘോഷിക്കുകയായിരുന്നു. ചിലർക്ക് അല്പം മടുപ്പും ദേഷ്യവും കണ്ടൂ. മനസ്സ് തുറന്നു ചിരിക്കാനും കരയാനും ആർക്കും മടിയുണ്ടായില്ല. എട്ടു വയസ്സുമുതൽ മുപ്പത്താറു വയസ്സുവരെയുള്ള മുപ്പതു കുട്ടികൾ. അവരുടെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും എല്ലാം പങ്കു വയ്ക്കാനായി ഞങ്ങളും. യോഗ തുടങ്ങിയപ്പോൾ പുതിയ ആളാണെന്ന പരിചയ കുറവ് കാണിക്കാതെ മടിയിൽ കിടന്നു, ഒരു പാവകുട്ടി പോലെ ഒരു മോൾ. അവളുടെ മുടിയിഴകളിൽ തൊട്ട തന്റെ വിരലുകൾ ഒരു മുജ്ജന്മ ബന്ധത്തിന്റെ കഥകൾ പറയുന്നുണ്ടോ എന്നു തോന്നി. തന്റേത് താത്കാലികമായ നിയമനം ആയിരുന്നു,. അതിനാൽ ഓരോ ക്ലാസ്സിലും ഒരാഴ്ച. പരിചയപെടുത്തലും പരിചയപെടലും കഴിഞ്ഞു. ഇനി ആദ്യ ക്ലാസ്സിലേക്ക്,. കുറച്ചു സൂക്ഷിക്കണം എന്നു ഒരു സഹായി പതുക്കെ പറഞ്ഞു, ചിരിച്ചു കൊണ്ട് തലയാട്ടി. ആറു പേരിൽ അഞ്ച് പേരെ എത്തിയിരുന്നുള്ളൂ. കൂട്ടത്തിൽ വലുതെന്ന് തോന്നിക്കുന്ന എപ്പോഴും തലയാട്ടി കൊണ്ടിരിക്കുന്ന ഏതോ പഴയ കാല ഹിന്ദി നടന്റെ പേര് വിളിക്കുന്ന കുട്ടി നിമിഷ നേരം കൊണ്ട് ക്ലാസ്സ് റൂമിലെ ചാർട്ടുകൾ വലിച്ചു താഴെയിട്ടു, ശബ്ദം കേട്ട് വന്ന ടീച്ചർ " കഴിഞ്ഞയാഴ്ച ഭഗവാനെ താഴെയിട്ടു, ഇപ്പൊൾ പുതിയ ഭഗവാനാണ് " എന്ന്. അപ്പോഴാണ് ചാർട്ടിലും ഒരു ദൈവമായിരുന്നു എന്ന് ശ്രദ്ധിച്ചത്. വീണ്ടും അവനെ ബെഞ്ചിലിരുത്തി, ഒരു വലിയ ജോലി കഴിഞ്ഞ പോലെ അവൻ ശാന്തനായിരുന്നു. തലയാട്ടൽ നിന്നു, തലകുനിച്ചിരുന്നു, നഖങ്ങൾ കടിക്കാൻ തുടങ്ങി, തടയാൻ തുടങ്ങിയ എന്റെ കൈ പിടിച്ചു അവന്റെ തലയിൽ വച്ചു, കുറച്ചു നേരം തല ഉഴിഞ്ഞു കൊടുത്തു. ആറു മാസം മുൻപ് മരിച്ച അപ്പൂപ്പനെ ഓർത്തു ഇപ്പോഴും കരയുകയും ദൈവത്തിന്റെ അടുത്ത് പോയതാണെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുകയും ചെയ്യുന്ന പതിനെട്ടുകാരനായ വിഷ്ണുവിനെ പരിചയപ്പെട്ടത് അടുത്ത ആഴ്ചയാണ്. മുപ്പത് വയസ്സുള്ള റിതുവിനെ കൊണ്ട് വരുന്ന തല നരച്ച അപ്പച്ചന്റെ പ്രതീക്ഷ വറ്റാത്ത കണ്ണുകൾ, ചിരിക്കാൻ മാത്രം അറിയുന്ന ഗൗരിയുടെ അമ്മ, കൈകാലുകൾ തളർന്ന ഹർഷിനെ വാരി എടുത്ത് കൊണ്ടുവരുന്ന ചേട്ടൻ, അങ്ങിനെ ഒരു പാട് പേർ. ഞങ്ങൾക്ക് കുട്ടികൾ എല്ലാം ഓരോ സമ്മാന പൊതികളാണ്, അവരുടെ മാതാപിതാക്കൾക്കും ഞങ്ങൾക്കുമായി ദൈവം തന്നത്. ഓരോ സമ്മാന പൊതികളും സൂക്ഷ്മതയോടെ തുറന്നു അതിലെ ഒളിച്ചു വച്ചിരിക്കുന്ന രത്ന കല്ലുകൾ കണ്ടൂ പിടിച്ച് അമൂല്യമായ ആ നിഷ്കളങ്കതയെ ആരും കൊത്തിയെടുക്കാനോ തല്ലി കെടുത്താനോ അനുവദിക്കാതെ പ്രകാശിക്കുന്ന വ്യക്തികളാക്കാൻ സഹായിക്കുന്നവരുടെ കൂടെ കുറച്ച് ദിവസം കൂടാൻ സാധിച്ചതിൽ സന്തോഷം.
==============
No comments:
Post a Comment