Tuesday, May 27, 2014

കുട്ടി കടത്ത്(ഓര്‍മ )


2008-ലെ ഒരു ദീപാവലി അവധിക്കാലത്ത് മുംബൈയില്‍ നിന്ന് നേത്രാവതിയില്‍ നാട്ടിലേയ്ക്കു യാത്ര ചെയ്യുകയായിരുന്നു.
ട്രയിനില്‍ ഒരു കുട്ടിയുടെ കരച്ചില്‍ ഞങള്‍ കയറിയതു മുതല്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ആരുടേയും ആശ്വാസവാക്കുകള്‍ കേള്‍ക്കുന്നുമില്ല. എന്തോ കുഴപ്പം ഉണ്ടെന്നു തോന്നിയപ്പോള്‍ ഞാന്‍ കരച്ചിലിന്റെ ഉടമയെ അന്വേഷിച്ച് ചെന്നു.പതോ പതിനൊന്നോ വയസ്സുള്ള ഒരു കുട്ടിയായിരുന്നു അവള്‍. ഒരു വിളറിയ കുട്ടി, കൂടെ ഒരു തടിച്ചു കൊഴുത്ത സ്ത്രീയും. ആ സ്ത്രീ ചെവി കേള്‍ക്കാത്തവളെ പോലെ ഇരിക്കുന്നുണ്ട്. എന്റെ ചോദ്യത്തിനൊന്നു ഉത്തരം കിട്ടിയില്ല, എന്റെ സഹായത്തിനു ഒന്നു രണ്ടു യാത്രക്കാര്‍ എത്തി.സം സാരിക്കാന്‍ കഴിവില്ലാത്തവളാണു താന്‍ എന്നു ആ സ്ത്രീ ആംഗ്യഭാഷയില്‍ അവതരിപ്പിച്ചു. അത് വിശ്വസിക്കാന്‍ തോന്നിയില്ല. ഞങള്‍ കുട്ടിയെ ഞങളുടെ അടുത്തേക്കു കൊണ്ടുവന്നു. അവള്‍ വയറു വേദന കൊണ്ടും പേടി കൊണ്ടുമാണു കരയുന്നത് എന്ന് പറഞു.അവളുടെ പിതാവു ആന്റിയുടെ പറഞയച്ചതാണു എന്നവള്‍ പറഞു. ആന്റിയെ അവള്‍ ആദ്യമായി കാണുന്നത് റയില്‍വെ സ്റ്റേഷനില്‍ വച്ചും.
അവളുടെ കുടുംബത്തിന്റെ അവസ്ഥ അവള്‍ പറഞു തന്നു. ഇനിയും കുട്ടികള്‍ ഈ ട്രയിനില്‍ ഉണ്ടെന്നും അവളില്‍ നിന്ന് മനസ്സിലാക്കിയപ്പോള്‍ ഞങള്‍ ടി.സി. യെ വിവരം അറിയിച്ചു.
ഇതിനിടെ യാത്രക്കാര്‍ രണ്ടു ചേരികളിലായി. ഒരു മത വിഭാഗത്തിന്റെ ചുമലില്‍ കുറ്റം ചുമത്തുകയും ചെയ്തു. ഒരു ഭീകരാവസ്ഥയ്ക്കു സാക്ഷിയായി. മഡ്ഗാവു എന്ന് സറ്റേഷനില്‍ വച്ചു കുട്ടിയേയും സ്ത്രീയേയും പോലീസിനു കൈമാറി, സ്ത്രീ ബധിരയും ഊമയും അല്ല എന്നു അപ്പോള്‍ മനസ്സ്സിലായി.അന്നത്തെ ആ കുട്ടികള്‍ രക്ഷ പെട്ടിരിക്കുമെന്ന് കരുതുന്നു. വല്ലപ്പോഴും ആ മുഖം ഓര്‍മയിലെത്താറുണ്ട്. ഈ അടുത്ത് നടന്ന സംഭവം അവളെ വീണ്ടും ഓര്‍മിപ്പിച്ചു.ഒരു രക്ഷിതാവിനും സ്വന്തം മക്കളെ വിറ്റ് ജീവിക്കേണ്ടി വരാത്ത തരത്തിലെ ഉയര്‍ച്ച നമ്മുടെ നാടിനുണ്ടാവട്ടെ....

Thursday, May 22, 2014

ഞാനു൦ വരുന്നൂ....

ഇന്നേയ്ക്കു  ഏഴു ദിവസ൦  തികയുന്നു,  നീ എന്നെ  ഒറ്റയ്ക്കാക്കി   യാത്രയായിട്ട്.  നീ വരുമെന്ന പ്രതീക്ഷയിൽ ,  മരണത്തിലേക്കാണു പോയതു എന്ന് വിശ്വസിക്കാനാകാതെ........., അമ്മുവിനു ആരുമില്ല എന്നറിയാമല്ലോ?
നാല്പതു   വർഷത്തിനിടയിൽ   ഒരിക്കലും   നമ്മൾ  പിരിഞ്ഞിരുന്നിട്ടില്ലല്ലോ?   മക്കളില്ലാത്തവരാണെന്ന  ചിന്ത  നാം  പണ്ടേ  ഉപേക്ഷിച്ചിരുന്നുവല്ലോ?  നമുക്ക് നാം തന്നെ മതിയായിരുന്നു.    മക്കളില്ലാത്തതു  ഒരു  അനുഗ്രഹമായിട്ടേ  ഞാൻ  സംസാരിക്കാരുള്ളൂ ,  നീ പഠിപ്പിച്ചു  തന്ന  സൂത്രം ,  മറ്റുള്ളവരുടെ  സഹതാപത്തിൽ  നിന്ന്  രക്ഷപെടാൻ .  മക്കളുള്ളവരുടെ   ദുരിതവും  സ്നേഹമില്ലായ്മയും  ചൂണ്ടികാണിച്ചു  തന്നു നീ  എന്നെ  ആശ്വസിപ്പിക്കുമായിരുന്നു .     അതൊരു  ക്രൂരമായ, അസൂയയുടെ   ആനന്ദമല്ലേ  എന്ന് തോന്നുമായിരുന്നു.   ഒരു  കുട്ടിയെ  ലഭിക്കാനുള്ള  എല്ലാ  പരീക്ഷയിലും  തോറ്റ  നമുക്ക്  ഇത്തരം ഒരാശ്വാസം .

.എങ്കിലും മരണം വരെ  നീ കൂടെ ഉണ്ടാവും എന്ന് കരുതി, അല്ലെങ്കിൽ മരണം ഒരുമിച്ചാവും എന്ന് കരുതി.  നീ പോയതിനു തലേന്നു നമ്മൾ പട്ടിയുടെ ഓലി പതിവില്ലാതെ ശ്രദ്ധിച്ചു,   നമ്മളിൽ ആരെ കൊണ്ടുപോവാനാണു എന്ന് പറയുകയും ചെയ്തു.    പിറ്റേ ദിവസം എന്റെ മടിയിൽ കിടന്നു അവസാന ശ്വാസം വലിക്കുമ്പോൾ  അതെന്താണു എന്ന് പോലും എനിക്ക് മനസ്സിലായില്ല.  ആരൊക്കെയോ  ആശുപത്രിയിൽ കൊണ്ടുപോകുകയും തിരിച്ചു കൊണ്ടുവരുകയും ചെയ്തു.    പിന്നീടുള്ള ഏതാനും മണിക്കൂർ  അമ്മു നിന്നെ കുറിച്ചു  മാത്രം സംസാരിച്ചു.  എല്ലാവരുടേയും  ചോദ്യങ്ങള്ക്ക്  മറുപടിയായി  പലവട്ടം നിന്റെ മരണം പുനവതരിപ്പിച്ചു.   ഓരോരുത്തരും  അവസാനം 'ഭാഗ്യ മരണം '  എന്ന് പറഞ്ഞു.    ആർക്കാണു ഭാഗ്യം നിനക്കോ, എനിക്കോ , അതോ നമുക്ക് ജനിക്കാതിരുന്ന  കുഞ്ഞുങ്ങൾക്കോ ,  നമുക്ക് വേണ്ടി സമയം ചിലവാക്കേണ്ടി വരുമായിരുന്ന ബന്ധുക്കൾക്കോ?


ഇപ്പോൾ ഞാൻ പലതും കേള്ക്കുന്നു....,   അവൾക്കെന്താ   കുഴപ്പം?,  അവശ്യത്തിലധികം സമ്പാധിച്ചിട്ടുണ്ടല്ലോ ?   ഇവള്ക്ക് വെള്ള ഉടുത്തുകൂടെ?  ഇവളെന്താ കരയാത്തെ?  അഹങ്കാരത്തിനു ഒരു കുറവും വന്നിട്ടില്ല ,  ഉള്ളതൊക്കെ  പാവന്ങൾക്കു കൊടുത്തുകൂടെ?  അങ്ങനെ പലതും.   ആർക്കും  ഞാൻ മറുപടി കൊടുത്തിട്ടില്ല  കേട്ടോ .   നമുക്ക് കൂട്ടായി ഒരു കുട്ടിയെ ദത്തെടുക്കാം എന്ന് പലപ്പോഴും ഞാൻ പറയാറുണ്ടായിരുന്നു,   സ്വന്തം  ചോരയേ കൂടെ നിൽക്കൂ എന്നാണു നീ പറയാറ്.  അതിൽ വലിയ സത്യമില്ല എന്നറിയാമായിരുന്നു .  എങ്കിലും ഒരു വാക്ക് തർക്കം ഒഴിവാക്കാനായി ഞാൻ മൌനം പാലിക്കാരാണു  പതിവ്.    പൂക്കാത്തതും  കായ്ക്കാത്ത്തതും  എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞു.   മനസ്സിലെ വേദന മറയ്ക്കാനായി അവരുടെ  കുറവുകൾ നിരത്തി  അവരെ  തോല്പ്പിച്ചു വരാറുണ്ട്.   അത്തരം കഥകൾ കേൾക്കാൻ  നിനക്കിഷ്ടമായിരുന്നു.   ഇന്ന് എനിക്ക് ജയിക്കണമെന്നില്ല,   എന്റെ വിജയഗാഥ കേൾക്കാൻ ആരുമില്ല.  എനിക്കായി നീ ബാക്കി വച്ചതു ജീവനില്ലാത്തവയല്ലേ?  





നീ ജോലി കഴിഞ്ഞു തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ പകൽ മുഴുവൻ കഴിയും.   ഇന്ന് ഞാൻ  നിനക്ക് വേണ്ടി ഒരു കല്യാണ കുറി എടുത്തു വച്ചു,  നമുക്ക് ഒരുമിച്ചു പോകേണ്ടതല്ലേ എന്ന് കരുതി,  പൊന്നുവിന്റെ  കല്യാണത്തിനു നമ്മൾ ഒരുമിച്ചു വരും എന്ന് പറഞ്ഞിരുന്നല്ലോ?  
മുല്ലപ്പൂ മാലയിട്ട ചിത്രത്തിൽ ഇരുന്നു നീ എന്നെ കളിയാക്കി എന്തോ ചോദിക്കുന്ന പോലെ , ഒരുമിച്ചു എങ്ങനെ പോകും എന്നായിരിക്കും.  എനിക്ക് മനസ്സിലായി.  അയ്യോ രാത്രി ആയി, എനിക്ക് പേടിയാവുന്നു .  സ്വന്തം നിഴലിനെ പോലും ഞാൻ പേടിക്കാൻ തുടങ്ങുന്നു.  നീ ഇവിടെയുണ്ടാകുമെന്നു  പറഞ്ഞ വാക്ക് വിശ്വസിച്ചാണു ഞാൻ ഇത്രയും ദിവസം കഴിച്ചു കൂട്ടിയതു,  ഇനി എനിക്ക് വയ്യ , നിനക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമില്ലല്ലോ ?     ഞാനും വരുന്നു......

Tuesday, May 20, 2014

ചോദ്യവും ഉത്തരവും


ചോദ്യം (സ്ത്രീകള്‍):--- ബീവറെജ് ശാലകളുടെ മുന്നില്‍ ക്ഷമയോടെ നില്‍ക്കുന്ന നിങള്‍ക്ക് മാവേലി സ്റ്റോറില്‍ പോയി വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൂടെ?
ഉത്തരം (പുരുഷന്മാര്‍):-- മാവേലിയില്‍ നിന്ന് വീട്ടിലെത്തിക്കുന്നവയുടെ കൂടെ കിട്ടുന്ന കല്ലിനും പുഴുവിനുമടക്കമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ, മദ്യത്തിലാണെങ്കില്‍ ഇത്തരം കുഴപ്പങള്‍ ഉണ്ടാവാറില്ല, ഉണ്ടെങ്കില്‍ തന്നെ ഞങള്ക്കു പരാതിയുമില്ല, എന്നും ക്ഷമയോടെ കാത്തുനിന്ന് വാങാനും മോന്താനും പറ്റണേ എന്ന പ്രാര്‍ത്ഥ്നയേ ഉള്ളൂ.

Friday, May 2, 2014

കയ്യേറ്റക്കാരുടെ ശ്രദ്ധയ്ക്കു...


കുടിയേറ്റം , കയ്യേറ്റം എല്ലാം തെറ്റു തന്നെ. നമ്മുടേതല്ലാത്തതിനൊന്നും നമുക്കു അവകാശമില്ല.എങ്കിലും ജീവിക്കാന്‍ ഒരു തുണ്ടു ഭൂമിയും ഭക്ഷിക്കാന്‍ അല്പം ഭക്ഷണവും ശ്വസിക്കാന്‍ വായുപോലെ അത്യാവശ്യമാണല്ലോ?
പിന്നെ ഇപ്പൊള്‍ നടക്കുന്ന ഒഴിപ്പിക്കലും ആത്മഹത്യ ശ്രമവും വമ്പന്‍ കയ്യേറ്റക്കാരെ രക്ഷിക്കാന്‍ രക്തസാക്ഷികളെ സ്രഷ്ടിക്കാനാകാതിരിക്കട്ടെ.
വിശപ്പു സഹിക്കാനാകാതെ ഒരു അപ്പ കഷ്ണം മോഷ്ടിച്ചാലെ അത് കളവാകൂ, മൊത്തം സംഭരണ ശാല മോഷ്ടിച്ചാല്‍ അത് തൊപ്പിയിലെ പൊന്‍ തൂവലാകുന്ന കാലമാണിതു.