Friday, May 15, 2020

Widgets

വെളിച്ചത്തിലേയ്ക്ക്

                                                      വെളിച്ചത്തിലേയ്ക്ക്
                                                      ====================

ഇതുവരെ ഞങ്ങൾ കൂട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു,  ശത്രുവിനെ പേടിച്ചു. ഒളിക്കാൻ  മാളങ്ങൾ വളരെ നേരത്തെ തയ്യാറാക്കി വച്ചിരുന്നു.    കാറ്റിനെയും മഴയേയും  ഞങ്ങളെ പോലെ തന്നെയുള്ളതും അല്ലാത്തതുമായ മൃഗങ്ങളേയും ഞങ്ങൾ ഭയപ്പെട്ടിരുന്നു.  ആയുസ്സിനെക്കുറിച്ചും  സമ്പത്തിനെക്കുറിച്ചും ആകുലപെടുന്നത് ഒരു ശീലമാക്കി മാറ്റിയിരുന്നു.  പിന്നെ പതുക്കെ പതുക്കെ ദൈവങ്ങളെക്കുറിച്ചും ദേവാലയങ്ങളെ കുറിച്ചും ആവലാതി പെടാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.  അതിൽ ഞങ്ങൾ വളരെയധികം മുന്നോട്ടു പോയി.   ദൈവങ്ങളെ സംരക്ഷിക്കുക ഒരു ഹരമായി, ലഹരിയായി സിരകളിൽ ഒഴുകി തുടങ്ങി,  ദൈവങ്ങൾക്ക് പല നിറങ്ങൾ കൊടുത്തതോടെ ഞങ്ങൾ വളരെ തിരക്കുള്ളവരായി .   വളക്കൂറുള്ള ഞങ്ങളുടെ മണ്ണിൽ വേട്ടക്കാരന്റെയും ഇരകളുടെയും വളർച്ചയെ  അതിശയത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല.    അവരെ സംരക്ഷിക്കാനും ശിക്ഷിക്കാനും ഞങ്ങളിൽ പലരും മുന്നിട്ടിറങ്ങി,  അവരും പല നിറങ്ങളും അടയാളങ്ങളും തിരഞ്ഞെടുത്തു സ്വന്തമാക്കി,  ആ നിറങ്ങളും അടയാളങ്ങളും സംരക്ഷിക്കാനും ഞങ്ങൾ കുറെ ജീവനുള്ളതും ഇല്ലാത്തതുമായ പലതിനേയും ഇല്ലാതാക്കി.  എന്തൊരു വളർച്ചയായിരുന്നു, വെട്ടി തെളിക്കുക, വെട്ടി പിടിക്കുക, വളരെ രസം തോന്നുണ്ടായിരുന്നു.  ഇത്തരം കളികൾ കളിച്ചു തളർന്നവരേയും  കളികൾക്ക് തടസ്സമായി നിന്നവരേയും  ഞങ്ങൾ ഒരുമിച്ചു കൂട്ടി,  മനസ്സിനെയും ശരീരത്തേയും തളർത്തുന്നതിൽ ഞങ്ങൾ വിജയിച്ചു.  ഇനി  അവരെ കൊണ്ട് ശല്യം ഉണ്ടാവില്ല.  ദൂരകാഴ്ചകൾ ഉള്ള ഞങ്ങൾ നാളേയ്ക്ക് വേണ്ടി ഇന്നിനെ മറന്നു,   വിടരുന്ന പൂവിനെ നോക്കാൻ സമയമില്ലാത്തതുകൊണ്ടു, ഉണക്കി സൂക്ഷിക്കാൻ ആജ്ഞാപിച്ചു.  സമയം കിട്ടുമ്പോൾ ആസ്വദിക്കാമല്ലോ ?  അങ്ങനെയിരിക്കുമ്പോഴാണ്  കണ്ണിൽ പെടാത്ത അത്രയും ചെറിയ ശത്രു എത്തിയത്, ഞങ്ങളുടെ കണക്കു കൂട്ടൽ തെറ്റിക്കാൻ മാത്രം അവൻ പടർന്നു പന്തലിച്ചത് ,  ഇനി എന്ത് ?   ഭയന്നോടാൻ  ഭീരുക്കൾ അല്ല ഞങ്ങൾ, പക്ഷേ  വന്ന വഴികൾ തങ്ങളെ രക്ഷിക്കില്ല എന്നൊരു ചിന്ത മുളയ്ക്കുന്നു , കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല.   അപ്പോഴാണ് വെറുതെ ഇരുന്നാലോ എന്ന ചിന്ത വന്നത്, എളുപ്പമല്ല എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് കരുതി, വന്ന വഴികൾ ഓർമയിൽ കൊണ്ട് വരാൻ ശ്രമിച്ചു,  അങ്ങനെയിരിക്കെ കൺപോളകളിൽ ഒരു മൃദു സ്പർശം, ഒരു തണുപ്പ്, കൺപീലികൾ ഒന്നിളകി,  കൺപോളകൾ ഒന്നനങ്ങി , ഒരു വെണ്മ അല്ല പ്രകാശ കിരണം.   അപ്പോൾ മിഴികൾ അടഞ്ഞിരിക്കുകയായിരുന്നോ ?  ആയിരിക്കാം . ഇനി അകകണ്ണുകൾ തുറക്കുകയാണ്,   നേർ വഴികൾ തെളിയുന്നു, തെളിച്ചമുള്ള വഴികൾ ..... തെളിച്ചമുള്ള ജീവിതം.....

No comments:

Post a Comment