ആമിയും അമ്മുവും എന്നത്തേയും പോലെ ഇന്നും കോഴിയങ്കം തുടങ്ങി. ബൈബിളിലെ മാർത്ത മറിയം പോലെ രണ്ടു പേരും ഒരുമിച്ചും അതേ സമയം ഒറ്റയ്ക്കും ആണ് ഈ സഹോദരിമാർ. പെൺകുട്ടികൾക്ക് തലമുറയായി ചാർത്തി കൊടുത്തിട്ടുള്ളതും ഈ കാലങ്ങളിൽ പൊടി തട്ടി മിനുക്കി കിരീടം വച്ചു കൊടുത്തിട്ടുള്ളതുമായ ' അരുതുകൾ ' പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന അമ്മു, ചില ' വിശുദ്ധ ' രുടെ അഭിപ്രായത്തോട് യോജിച്ചു കറി കലത്തിലെ കഷണങ്ങൾ എടുത്തു തെങ്ങിൻ ചുവട്ടിൽ ഇട്ടു, ചാറ് കൂട്ടി ഭക്ഷണം കഴിച്ച് തുടങ്ങി. ആമിയക്ക് ഇത്തരം 'വിശുദ്ധ ' പ്രവർത്തനങ്ങളിൽ താത്പര്യം ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നത്തെ കാരണം. മനസ്സിന് ഇഷ്ടമുള്ളത് പോലെ ചരിക്കാനും ചിരിക്കാനും ആമിയ്ക്ക് കഴിയും. അത് നോക്കി അമ്മു ഒന്നു കൂടെ ചുരുണ്ട് കൂടും. തല മുതൽ പെരുവിരൽ വരെ മറച്ച് ഒരു ആൺ തരിക്ക് പോലും ഒരു പോറലും വരുത്താതിരിക്കാൻ അമ്മു ശ്രമിക്കുന്നു. ആമിയാകട്ടെ നേരെ തിരിച്ചും . ഒരു സ്‌കൂൾ കാലം മുഴുവൻ തന്നെ വേട്ടയാടിയിരുന്ന ഭയത്തിനു കാരണക്കാരനായവനുടെ വർഗ്ഗത്തിനു ഒരല്പം പോറൽ ഏറ്റാലും കുഴപ്പമില്ല എന്ന് കരുതുന്നവളും. സഹനത്തിനു മാത്രം കിട്ടുന്ന വാഴ്ത്തു ഒരു തട്ടിപ്പാണെന്നും അത് ചിലരുടെ സുഖത്തിനും സൗകര്യത്തിനും വേണ്ടിയാണെന്ന് പലവുരു പറഞ്ഞും തെളിവു സഹിതം കാണിച്ചു കൊടുത്തിട്ടും തന്റെ അമ്മു ' വിശുദ്ധ ' പട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. കുടുംബത്തിലെ ചില സ്ത്രീ രത്‌നങ്ങൾ കൈമാറി തന്ന സഹനം ആമി വേണ്ട എന്ന് വച്ചപ്പോൾ അമ്മു കൈ നീട്ടി സ്വീകരിച്ചു , കുറ്റപ്പെടുത്താനാവില്ല . സഹനത്തിന്റെ കൂരിരുട്ടിൽ സുരക്ഷിതം എന്ന് കരുതിയ അവൾ അപൂർവ്വമായി ഒരു ചെറു തിരി കത്തിക്കാൻ ശ്രമിക്കാറുണ്ട്, സഹന സഖാക്കൾ അത് കെടുത്തി കളയുംവരെയുള്ളു ആ വെളിച്ചത്തിന്റെ ആയുസ്സ്. തന്റെ കൂട്ടായ്മയിലേക്ക് ചേക്കേറാൻ ആമിയെയും നിർബന്ധിക്കാറുണ്ട് , പക്ഷെ അത് ഒരു പാട് തീപ്പൊരിയ്ക്കും പൊള്ളലിനും കാരണമാകുകയും ചെയ്യുന്നതിനാൽ ഇപ്പോൾ അമ്മു അത്തരം സാഹസത്തിനു മുതിരാറില്ല. തനിക്ക് വളരെ ഇഷ്ടപെട്ട ഒരു വിഭവം തെങ്ങിൻ ചുവട്ടിൽ കണ്ടപ്പോൾ ആമിയ്ക്ക് സഹിച്ചില്ല. ഇന്നത്തെ അങ്കത്തിനൊടുവിൽ ആമിയും അമ്മുവും ഒരു സഹന സഖാവിന്റെ വീട്ടിൽ എത്തി. വീട്ടിലെ പുരുഷന് സഹനത്തിന്റെ പ്രവൃത്തി പരിചയത്തിനു അവസരം കൊടുക്കുകയായിരുന്ന സഖാവിനെ കണ്ടു തിരിഞ്ഞോടിയ അമ്മുവിന്റെ സഹനത്തിൽ മാഞ്ഞു പോയ ചിരിയെ തിരിച്ചു പിടിക്കാൻ സഹായിച്ചു ആമി.
================
No comments:
Post a Comment