Monday, March 20, 2023



                                                മരണമെത്തുന്ന നേരത്ത് 

                                                 =======================





" No one is so fortunate as not to have standing round his death-bed some people who welcome the fate coming on him ."-------Marcus Aurelius 


 കണ്ണുകളിൽ ജീവൻ്റെ തിളക്കം നഷ്ടപ്പെട്ടിട്ടു ദിവസങ്ങളേറെയായി.  ചെവിയിൽ പതിക്കുന്നതൊന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തതും കേൾക്കുമെന്ന് കരുതാത്തതും ആയിരുന്നു . സ്വർഗ്ഗ ലോകത്തെ കാഴ്ച്ച കണ്ടു കിടക്കുകയാണെന്നു പറഞ്ഞു പോയത്, മറിയകുട്ടിയാണെന്നു തോന്നുന്നു. ചിരിക്കാൻ തന്റെ ചുണ്ടുകൾ സഹായിക്കുന്നില്ല, ഔസേപ്പേട്ടൻ മരിക്കാൻ കിടക്കുമ്പോൾ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തതാണ്, ഇന്ന് തന്റെ മക്കൾക്ക് അറിവ് പകർന്നു നൽകി അവൾ മടങ്ങി . ഇനിയും പലരും അറിവുകളുമായി  വരാനിരിക്കുന്നു  . തന്റെ മക്കളും ചില അറിവുകൾ കൈമാറുന്നുണ്ട് .  അവരും ഇനി മരണത്തിന് സാക്ഷിയാകും. ഞങ്ങളുടെ അമ്മ മരണ നേരത്ത് വിശുദ്ധരോടോപ്പം ദൈവസന്നിധിയിൽ എത്തി എന്ന് പറഞ്ഞു തുടങ്ങും. ആത്മാവിനു വേണ്ട ചടങ്ങുകൾ എല്ലാം വിധി പോലെ നടത്തും. ജനിച്ചപ്പോൾ മുതൽ കേട്ട് തുടങ്ങിയ സ്വർഗ്ഗം നഷ്ടപ്പെടാൻ പാടില്ലല്ലോ . വിശ്രമ ജീവിതം തുടങ്ങിയിട്ട് കുറെ നാളായി,  വീടിനകത്തെ തടവ്- ആദ്യം വീഴാതിരിക്കാനും പിന്നീട് നിർബന്ധിത പിൻവാങ്ങലിന്റെയും  തുടക്കം . ഇന്നത്തെ ഈ അവസ്ഥയ്ക്ക് കുറെ മുന്നേയുള്ള ഒരുക്കം, എല്ലാത്തിനും ഒരുക്കം ആവശ്യമാണല്ലോ ?   ഈ നേരത്ത് ദൈവനാമം ഉരുവിട്ടു  വേണ്ടപ്പെട്ടവർ തന്റെ അരികിൽ ഉണ്ടാകും എന്നു കരുതി. എത്ര ദിവസമായി ഈ കാത്തിരിപ്പ് , മടുപ്പ് വളരെ വേഗം വളരുകയും
വാക്കുകളായി പുറത്ത് വരുകയും ചെയ്യുന്നു. കേൾവി ഇല്ലാതിരുന്നെങ്കിൽ നന്നായിരുന്നു,   അഭിപ്രായങ്ങളും ഉപദേശങ്ങളും കൊണ്ട് നിറഞ്ഞ മുറിയിൽ ഇടം കിട്ടാൻ ജപമാല വളരെ പണിപെടുന്നുണ്ടായിരുന്നു. പാവം,താൻ എന്നും കൂടെ കൂട്ടിയിരുന്നു, വിരലുകളിലെ ചോരയോട്ടം കുറഞ്ഞതോടെ താനും കൈവിട്ടു.  കുട്ടികളെ പോലെ താനും മൊബൈൽ ഫോണിനെ ആശ്രയിച്ചു.  ജപമാലയും കുർബാനയും സുവിശേഷവും എല്ലാം തന്റെ തലയിണയുടെ അടുത്തു വച്ചിരിക്കുന്ന മൊബൈലിൽ നിന്ന് കേൾക്കാം. ചിലപ്പോൾ കൂടെ ചൊല്ലും, ചില ദിവസങ്ങളിൽ അതിനും ത്രാണിയുണ്ടാകാറില്ല.   ആരെയും ബുദ്ധിമുട്ടിക്കാതെ ഈ ലോകം കടന്നു, താൻ സ്വപനം കണ്ട സ്വർഗ്ഗ ഭൂമിയിൽ എത്തണം എന്നു ആഗ്രഹിച്ചിരുന്നു.  ആരാണ്  അനായാസമായ കടന്നു പോക്ക് ആഗ്രഹിക്കാത്തത്.  അതിനൊപ്പം ഇഹലോക സഹനം പരലോക സുഖത്തിനുതകും എന്നും വിശ്വസിച്ചിരുന്നു .  അതിനാൽ അറിഞ്ഞും അറിയാതേയും പല തരം പീഢകളും ഏറ്റു വാങ്ങിയിരുന്നു.  ജോലിയെടുത്തു നടുവൊടിയുമ്പോൾ വിശ്രമം ആഗ്രഹിച്ചിരുന്നു. അതൊരിക്കലും ഇത്തരത്തിൽ ആയിരുന്നില്ല.  ഒരു തുള്ളി വെള്ളം- തൊണ്ട നനയാൻ കിട്ടണമെങ്കിൽ പോലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നു. ഈ അവസ്ഥയെ  ഏതു പേരിൽ വിളിക്കാം . മരിച്ചിട്ടില്ല എന്നു പറയാം അല്ലേ? . ശരീരം  ഉണങ്ങി വിണ്ടു കീറി തുടങ്ങി, വേദനകൾ  കുട്ടികാലം മുതൽ കർത്താവിന്റെ കുരിശിനോട് ചേർത്ത് സമർപ്പിക്കുക പതിവായിരുന്നു, അത് ഇപ്പോഴും തുടരുന്നു. ശരീരത്തിൽ എവിടെയോ മുറിവ് പഴുക്കുന്നുണ്ട് , മരുന്നു വച്ചു തരുന്നുണ്ടെങ്കിലും വേദനയ്ക്ക് കുറവില്ല.    തിരക്കു നിറഞ്ഞ ജീവിതത്തിൽ അണയാൻ പോകുന്ന തിരിക്ക് എത്ര നാൾ കാത്തിരിക്കും.  കത്തി പടരാനുള്ള ജീവിതങ്ങൾക്കുള്ള എണ്ണ പകരേണ്ട സമയമല്ലേ ? അതു തന്നെയല്ലേ താനടക്കമുള്ള മുൻ തലമുറയും ചെയ്തിരുന്നത് . ഇനി എന്തു കാഴ്ചയാണ് ബാക്കിയുള്ളത് , എന്തിനു വേണ്ടിയാണ്, ആർക്കു വേണ്ടിയാണ് പിടയുന്ന ജീവനെ പിടിച്ചു നിർത്തുന്നത്.  മക്കളോട് ഒന്നും പറയാതെ പോകുന്നത് എങ്ങനെ - എന്റെ മക്കൾക്ക്- നിങ്ങൾ കേട്ടിരുന്ന പോലെ അമ്മയ്ക്ക് കണക്ക് കൂട്ടാൻ അറിയില്ല എന്നത് സത്യം തന്നെ --മനസ്സിലായി കാണുമല്ലോ? അമ്മയുടെ  കയ്യിൽ തന്നെയിരുന്നാൽ മക്കളുടെ കണക്കു കൂട്ടൽ തെറ്റും എന്നു മനസ്സിലായപ്പോൾ ഒന്നും കയ്യിൽ കരുതിയില്ല, ജപമാല ഒഴിച്ചു ഒന്നും.  

                                            ==================

Thursday, March 9, 2023

വനിതാ ദിനം - 23@52



                                                    വനിതാ ദിനം - 23@52
                                                     ====================




വനിതാദിന ആഘോഷങ്ങൾ ലോകം മുഴുവൻ പൊടി പൊടിക്കുകയാണ്.  പ്രവർത്തന മേഖല വീട് മാത്രമായത് കൊണ്ട് തനിക്ക്ആ ഘോഷങ്ങൾക്ക് വകുപ്പു ഒന്നുമില്ലായിരുന്നു. ഇവിടെ ഒന്നും കിട്ടിയില്ല, ഇവിടെ ഒന്നും കിട്ടിയില്ല എന്നു മനസ്സിൽ പറഞ്ഞു കൊണ്ടിരിന്നു . ഉച്ചത്തിൽ പറഞ്ഞാലും കേൾക്കാൻ ആളില്ലാത്തതിനാൽ 'energy save mode ' ലാണ്. അപ്പോഴാണ് വനിതാ ദിനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഗോളടിച്ചത്, അല്ലെങ്കിൽ കോളടിച്ചത്.--മകൻ വരുന്നു - സമ്മാനവുമായി - അതിന് അമ്മയ്ക്കെന്താ കാര്യം എന്നാവും - കാര്യമുണ്ട് . അമ്മയുടെ ഉപദേശങ്ങളിൽ ഒന്നു പങ്കു വയ്ക്കാനുള്ള മത്സരമായിരുന്നു. കുട്ടികൾ കേൾക്കുന്നുണ്ട് എന്ന സന്തോഷം. ഇത്രയൊക്കെ മതിയെന്നേ...... 

                                               ======================