Wednesday, March 8, 2017

പ്രതീക്ഷയോടെ---വനിതാ ദിനം

ഇന്ന് എത്ര വനിതകൾക്കു  ഈ ദിനം ആഘോഷിക്കാൻ സാധിച്ചു എന്നറിയില്ല.  ഞങ്ങളിൽ  ഒരു കൂട്ടർ സോഷ്യൽ മീഡിയകളിൽ  മാത്രം ആഘോഷിച്ചു ,  മുഖത്തോട് മുഖം  നോക്കി ഒരു സ്ത്രീയോടും സംസാരിക്കാൻ സമയം കിട്ടിയില്ല.
ഈ ദിനത്തിന്റെ പ്രത്യേകത അറിയാതെ പോയവരുടെ  എണ്ണവും കുറവല്ല.
ഞങ്ങൾ വെറും 'മാംസ കഷ്ണങ്ങൾ '  എന്ന് കരുതേണ്ടി  വരുന്ന ഒരു കൂട്ടർ.
കാമ ഭ്രാന്തന്മാരിൽ നിന്ന് സ്വന്തം കുഞ്ഞുങ്ങളെ പോലും  രക്ഷിക്കാൻ കഴിയാതെ പോയ അമ്മമാർ . പെൺ ഭ്രൂണങ്ങളെ ചവറ്റു കൊട്ടയിൽ നിക്ഷേപിക്കാൻ നിർബന്ധിക്കപ്പെട്ടവർ ,  ഒൻപത് വയസ്സുള്ള 'പെൺകുഞ്ഞിന് '  തൂങ്ങി  മരിക്കാൻ കഴിയും  എന്ന് കരുതേണ്ടി വന്നവർ .....അങ്ങനെ പലരും .

ഭയത്തോടെ മാത്രം കേൾക്കുന്ന  ഓരോ 'വീര പരാക്രമങ്ങൾ' .
 എണ്ണം കൂടുന്നു .... ഇല്ല,   എണ്ണുന്നു അതാണ് സത്യം. മുൻ കാലങ്ങളിൽ പുറത്തറിയിക്കാതെ ഒളിച്ചു വച്ച് ,   'വിഷ  വിത്തുകൾ'  വളരാൻ  നാം സഹായിച്ചു .   ഇനി വെട്ടി ഒതുക്കി തീയിൽ എറി യുന്ന കാലം , പ്രതീക്ഷയുടെ കാലം........

Saturday, October 29, 2016

ഞങ്ങളിലെ നിങ്ങളും നിങ്ങളിലെ ഞങ്ങളും

എന്നെയും കൂട്ടുകാരെയും ഇന്ന് നിങ്ങളുടെ കൂട്ടർ കല്ലെറിഞ്ഞു,  എന്റെ കാലൊടിഞ്ഞു. എങ്ങനെയോ ഞാൻ രക്ഷപെട്ടു.  പക്ഷെ എന്റെ വർഗ്ഗ ത്തിൽ പെട്ട മറ്റു  പലരും നിങ്ങളുടെ കയ്യിലെ കല്ല് കൊണ്ടും, വടി  കൊണ്ടും മറ്റ് പല ഉപകരണങ്ങളും കൊണ്ട് മരിക്കുന്നുണ്ട്.  നിങ്ങൾക്ക് എന്ത് പറ്റി ?  നിങ്ങൾക്ക് കാവലായാണല്ലോ ഞങളെ കൂടെ കൂട്ടിയത്,  ഞങ്ങൾക്ക് അതിൽ അഭിമാനവും ഉണ്ട്.  നിങ്ങൾ തരുന്ന ഭക്ഷണവും കഴിച്ചു നിങ്ങളുടെ കാവൽക്കാരായി ഞങ്ങളുടെ വർഗ്ഗം.  അനുസരണയോടെ ഞങ്ങൾ ഇപ്പോഴും നിങ്ങളുടെ കൂടെയുണ്ട്.    ഈയടുത്തതായി  എണ്ണത്തിൽ ഞങൾ കുറെയേറെ വർദ്ധിച്ചു.  ജനന നിയന്ത്രണം അറിയാത്തതു കൊണ്ടായിരിക്കും.

വഴിയോരം മുഴുവൻ ഞങ്ങൾക്കുള്ള ഭക്ഷണം കൊണ്ട് ചീഞ്ഞു നാറുന്നു. എവിടെയും ഇറച്ചി തുണ്ടുകളും എല്ലുകളും  മറ്റു ഭക്ഷണങ്ങളും.  നിങ്ങളിൽ പലരും മൂക്ക് പൊത്തി നടക്കുന്നത് കണ്ടിട്ടുണ്ട്. ആരും വൃത്തിയാക്കാറില്ല . പൊതു നിരത്തിൽ ഞങൾ കടിപിടി കൂടാൻ തുടങ്ങി , നിങ്ങൾ കണ്ടില്ല എന്ന് നടിച്ചു .   ഏതോ ഒരു ഉപകരണം ചെവിയിൽ തിരുകി കൈയ്യിൽ മറ്റൊന്ന് പിടിച്ച് ചിരിച്ചും അട്ടഹസിച്ചും ആക്രോശിച്ചും  നിങ്ങൾ കടന്നു പോവുന്നു.
ഞങ്ങളിൽ മുന്തിയ വർഗ്ഗം എന്ന് നിങ്ങൾ കരുതിയവ നിങ്ങളുടെ മെത്തയിലും എത്തി. അവരുടെ ജീവിതം സുഖപ്രദമായി.   നിങ്ങൾ അവേരയും കൊണ്ട് നടക്കാനിറങ്ങുംമ്പോൾ ഞങ്ങൾക്കും എന്തെങ്കിലും തരുന്നത് പതിവാക്കി.

നിങ്ങളുടെ വർഗ്ഗത്തിൽ പെട്ട കുട്ടികളെയും  മുതിർന്നവരെയും  ചില വഴി വക്കുകകളിലും  ആരാധനാലയങ്ങളുടെ പരിസരത്തും കാണാറുണ്ട്,  അവരെ നിങ്ങൾ ആട്ടി പായിക്കുന്നത് എന്തിനാണ്?,   അവരും ഉപദ്രവകാരികളാണോ? അവരിൽ ചിലർ ഞങ്ങളുടെ കൂടെ ചവറ്റു കൂനകളിൽ തിരയാറുണ്ട്.  ഞങ്ങളും അവരും തമ്മിൽ മത്സരിക്കും,   ഒരു തുണ്ടു അപ്പ കഷണത്തിനായി.   ഒരിക്കൽ ഞങ്ങളുടെ വർഗ്ഗത്തിലെ ചിലരെ നിങ്ങൾ നല്ല വസ്ത്രങ്ങൾ അണിയിച്ച് നിങ്ങളെ പോലെ സുന്ദരന്മാരും സുന്ദരികളും ആക്കി കൊണ്ട് പോകുന്നത് കണ്ടു, നല്ല ശേലായിരുന്നു,  അവർ  വർഗ്ഗ സ്നേഹം കാണിക്കാൻ ഒരുങ്ങി, പക്ഷെ നിങ്ങൾ അത് തടഞ്ഞു.   എന്നെ അവർ ആട്ടി പായിച്ചു,   ഞാൻ വീണ്ടും വഴിയോര ഭക്ഷണം തേടി എത്തി.  അവിടെയുള്ളത് തികയാത്ത അത്രയും ഞങ്ങളുടെ എണ്ണം വർദ്ധിച്ചു. നിങ്ങൾ പല തരം സഞ്ചിയുമായി അവിടെ എത്തും. ഇപ്പോൾ ഞങ്ങൾ ആരുടെ കയ്യിൽ സഞ്ചി കണ്ടാലും പുറകെ കൂടി അത് മാന്തി പറിച്ചെടുക്കും.   ചിലരെങ്കിലും നിങ്ങളെ ഉപദ്രവിക്കാൻ തുടങ്ങി അല്ലേ ?  ഞങ്ങൾ വളരെ അക്രമകാരികളായി  അല്ലേ ? നിങ്ങളിലും ഞങ്ങളുടെ സ്വഭാവമുള്ളവർ കൂടി വരികയാണല്ലോ?   ഇനി ഞങ്ങളെ കൊന്നുടുക്കുകയല്ലാതെ വേറെ മാർഗ്ഗം ഒന്നും ഇല്ല അല്ലേ ?   അതിൽ വിരോധമൊന്നുമില്ല.  ഞങ്ങളുടെ മരണം നിങ്ങളുടെ കൈ കൊണ്ടാവുന്നതു നല്ലതു തന്നെ.   കൊല്ലാതെ വേറെ മാർഗ്ഗം വല്ലതും ഉണ്ടോ എന്ന് നോക്കുമെന്നു കരുതുന്നു. നിങ്ങൾ വളരെ ബുദ്ധിയുള്ളവരാണല്ലോ?   നിങ്ങൾ വഴിയോരത്ത് നിക്ഷേപിക്കുന്നവ തിന്നാൻ കാക്കയും മറ്റു ജീവികളും മാത്രം മതിയാവുമോ?  

Friday, September 30, 2016

പ്രോത്സാഹനം യുദ്ധങ്ങൾക്കും.....

യുദ്ധവും സമാധാനവും തമ്മിൽ യാതൊരു ബദ്ധവും  ഇല്ല ഇന്ന് കരുതുന്ന ചിലരിൽ ഒരാളാണ് അമ്മു.  അതിനാൽ നമ്മെ അയൽരാജ്യം ആക്രമിച്ചപ്പോഴും തിരിച്ചാക്രമിച്ചപ്പോഴും  വളരെ ഭയം തോന്നി. എല്ലാ തരം  യുദ്ധങ്ങളും ഒഴിവാക്കണം എന്ന് തന്നെയായിരിക്കും  എല്ലാവരും ആഗ്രഹിക്കുന്നത്.  എങ്കിലും ഒഴിവാക്കാൻ സാധിക്കാതെ തോറ്റു  പോകുന്ന സന്ദർഭങ്ങൾ കുറവല്ല. നഷ്ടങ്ങൾ ഏറ്റു വാങ്ങാൻ  നാം തയ്യാറാവുമ്പോഴായിരിക്കും അത് സംഭവിക്കുക.


"ഞങ്ങൾ കൂടെയുണ്ട്", എന്ന് പറഞ്ഞു ജവാന്മാർക്ക് പ്രോത്സാഹനം നൽകുന്ന നമ്മൾ.   വീര മൃത്യുയടഞ്ഞവരുടെ  കുടുംബത്തിന്റെ കണ്ണീർ അളന്നു തിട്ടപ്പെടുത്താൻ മത്സരിക്കുന്നവർ,  മരണവും  ആക്രമണങ്ങളും ഏറ്റവും ആദ്യം ജനങ്ങളിലേയ്ക്ക്  എത്തിക്കാൻ മത്സരിക്കുന്നവർ,  അങ്ങനെ സഹായികൾ ഏറെ.  എങ്കിലും......

 രാജ്യത്തിന്റെ ജനത ഒരുമയോടെ ശത്രുവിനെ ചെറുക്കാൻ അണി ചേരാത്തത്,  യൂണിഫോം ഇല്ലാത്തതു കൊണ്ട് മാത്രമല്ല.......

Wednesday, May 4, 2016

പെൺകുട്ടികളോട് ,


നിങ്ങളെ ഭയക്കുന്ന ഭീരുക്കളായ ഒരു സമൂഹം വളർന്നു വരുന്നുണ്ട് .   നിങ്ങളുടെ ശരീരത്തോടുള്ള അഭിനിവേശം കൊണ്ടല്ല,അവർ നിങ്ങളെ ആക്രമിക്കുന്നത് . അവര്ക്ക് നിങ്ങളുടെ മനകരുത്തിനെ  ഭയമാണ്. മനകരുത്തിനെ തോല്പ്പിക്കാൻ കഴിയാത്തത് കൊണ്ട് കായിക ശക്തിയെ തോൽപ്പിക്കുന്നു .അത്രയേ കരുതേണ്ടൂ .   ജനിക്കാൻ പോലും അർഹതയില്ലെന്ന് കരുതുന്നത് കൊണ്ടായിരിക്കാം ,  ലോകത്തിലേയ്ക്ക് വന്ന വഴികളേയും നിലനില്പിന് കാരണമായവയേയും  ആക്രമിക്കുന്നത്. ഈ ഭീരുക്കളോട് സംരക്ഷണം ആവശ്യപെടില്ല എന്ന് കരുതുന്നു.

Tuesday, March 8, 2016

വനിതാ ദിനം

ദൈവമേ വീണ്ടും ഒരു വനിതാ ദിനം ,   'ശങ്കരൻ പിന്നെയും തെങ്ങുമെ  തന്നെ' എന്നു പറഞ്ഞപോലെ ഞങ്ങൾ വനിതകൾ സ്ഥിരം കലാപരിപാടികൾ തുടങ്ങി.
അതിനിടയ്ക്ക് ചില സന്ദേശങ്ങൾ സ്വീകരിക്കുകയും ചിലത് മറ്റു പലർക്കും  കൊടുക്കുവാനും മറന്നില്ല. സ്ത്രീ സമത്വത്തിനു വേണ്ടി ആചരിക്കുന്നതാണത്രെ ഈ ദിനം.  നല്ലത് തന്നെ.  ഇന്നത്തെ ദിനപത്രവും ഒരു നാലുവയസ്സുകാരിയുടെ കണ്ണീരിൽ കുതിർന്നാണ്  എത്തിയത്.  പെണ്ണിന്റെ ശക്തിയെ വാഴ്ത്തികൊണ്ട് പേജ് 3  തരുണീമണികൾ. പെണ്ണിനെ വീണ്ടും കാഴ്ചയിൽ മനോഹര ഉത്പന്നങ്ങളാക്കാൻ  കമ്പനികൾ മത്സരിച്ചു.   എല്ലാവർക്കും നന്ദി.  ഇതൊന്നും അറിയാതെ തങ്കു പറമ്പിലെ പണിക്കു വന്നു. മീൻ കൊണ്ടുവരുന്നവളും സമയത്ത് എത്തി.  വൈകുന്നേരമായപ്പോൾ തങ്കുവിന്റെ കൂലിയുടെ പങ്കു പറ്റാൻ അയാൾ എത്തി.  ഭാര്യയുടെ കൂലിയുടെ ഒരു ഭാഗം തനിക്കുള്ളതാണ് എന്ന് അയാൾ വിശ്വസിക്കുന്നു. ഈ ഭിക്ഷ കൊടുത്താലെ തനിക്കും കുട്ടികൾക്കും ഉറങ്ങാൻ കഴിയൂ എന്ന അറിവാണ് തങ്കുവിന്റെ തിരിച്ചറിവ്.
പള്ളിയിൽ കുരിശു മണി കൊട്ടുന്നത് കേട്ടത് കൊണ്ടു അമ്മ ആദ്യം മോനേ ,മോനെ എന്നും പിന്നെ ദൈവമേ എന്നും വിളിക്കാൻ തുടങ്ങി.  സ്ത്രീ   സ്വാതന്ത്ര്യത്തിനായി അലമുറയിടുന്ന മകൾ പരസ്യകമ്പനികളുടെ ആജ്ഞകൾ അനുസരിച്ച ശേഷം തിരിച്ചെത്തി.  മീൻ കറി യിൽ പുളി  കൂടിയതുകൊണ്ടോ കുറഞ്ഞത്‌ കൊണ്ടോ പതിവ് പോലെ തന്റെ ഉറക്കവും നഷ്ടപെട്ടു.  പണി കഴിഞ്ഞു ഇറങ്ങുമ്പോൾ തങ്കു ചോദിച്ച ചോദ്യത്തിനു ഉത്തരം കിട്ടുമോ എന്നാലോചിച്ചു  നേരം വെളുത്തത് അറിഞ്ഞില്ല , ചോദ്യം    എന്താണ്  എന്നായിരിക്കും...."ഇന്ന് നമുക്ക് വല്ല പ്രത്യേകതയും ഉണ്ടോ ?".

Thursday, January 28, 2016

അന്ധതയുടെ തെളിച്ചം.

ഓരോ വൃദ്ധർ പഴിചാരപെടുംമ്പോഴും  ഒഴിവാക്കപെടുമ്പോഴും വൃദ്ധസദനങ്ങളിലും വഴിയോരങ്ങളിലും ഉപേക്ഷിക്കപെടുമ്പോഴും  യൗവ്വനം  അന്ധത ബാധിച്ച കണ്ണുകളിലെ തെളിച്ചത്തെ വിശ്വസിക്കുന്നുണ്ടാവണം.  വാർദ്ധക്യത്തിന്റെ  ഓർമ്മകൾ നഷ്ടപെടുമ്പോൾ യൗവ്വനം ഓർമ്മകൾ ചേർത്തുവയ്ക്കുന്നു .   അമ്പുകളിൽ വിഷം തേയ്ക്കുന്നു,  അവർക്കതു  സാധിക്കും.   അവർ അവരിലാണ്, അല്ല അവർക്ക് മാത്രമാണ് ശക്തി എന്ന് കരുതുന്നു. വാർദ്ധക്യത്തിന്റെ ചുവടു പിഴയ്ക്കുന്നു.  യൗവ്വനം തറയിലും എന്തിനു ആകാശത്തു പോലും വയ്ക്കുന്ന ചുവടുകൾ പിഴയ്ക്കുന്നില്ല എന്ന് കരുതുന്നു.    വാർദ്ധക്യത്തിന്റെ  തിരുത്തലുകളും  മുന്നറിയിപ്പുകളും  പരിഹാസവും തോൽ വിയുമായി  മുദ്രകുത്തപെടുന്നു.    യൗവ്വനം  തിമർത്താടുന്നു,   വാർദ്ധക്യം  ചുരുണ്ടു കൂടുന്നു.  ഇനി കാലു കൊണ്ടു തട്ടാൻ എളുപ്പമായി. എതിർക്കാനുള്ള  ശക്തി ഊറ്റിയെടുത്തു.  എല്ലാം വേഗം വേണം. സമയം  പാഴാക്കാനില്ല.   എളുപ്പത്തിൽ തട്ടാവുന്നത് വഴിയോരത്തേക്കായിരുന്നു.   കാലുകള് പൊന്തി ,ഊക്കോടെ  വന്നു.  പക്ഷേ  വാർദ്ധക്യം ഉരുണ്ടു പോയിരുന്നു,  അങ്ങകലേയ്ക്കു .........  തട്ടി  മാറ്റേണ്ടി വന്നില്ല.   പക്ഷെ കാലുകളിൽ സംഭരിച്ച ശക്തി ചെന്നടിച്ചതു തന്റെ പിൻ ലമുറയുടെ കൗമാരമാകുന്ന  പാറയിലായിരുന്നു,   ആ നിമിഷം വീണു തകർന്നു ,   അവർ വളരെ നേരത്തെ ശക്തി സംഭരിച്ചിട്ടുണ്ടായിരുന്നു......

Tuesday, November 17, 2015

സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിൽ

സ്വർഗ്ഗവാതിൽ  തേടിയുള്ള യാത്രയിലായിരുന്നു ഞാനടക്കമുള്ള  ഒരു സമൂഹം. അവിടെ എത്തിയാൽ പിന്നെ അല്ലലില്ല,ദു:ഖമില്ല , ദുരിതമില്ല എന്നാണല്ലോ അറിഞ്ഞത് . പോയവരാരും തെളിവുകൾ  അമ്മുവിന് തന്നിട്ടില്ല ,  മറ്റു  പലർക്കും കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു .   ഞങ്ങൾ ഒന്നടങ്കം ആ വാതിൽ ലക്ഷ്യമാക്കി നീങ്ങി. നല്ല തിക്കും തിരക്കും ഉണ്ടായിരുന്നു. പലതരം വഴികാട്ടികൾ  ഞങ്ങൾക്കുണ്ടായിരുന്നു. ചിലർ ദൈവത്തിന്റെ
 തൊട്ട്ടുത്തിരിക്കുന്നവർ എന്ന് അവകാശപെട്ടു,  പലതരം പ്രാർത്ഥനകൾ  ഞങ്ങളെ പഠി പ്പിച്ചു. അല്ല , എല്ലാം ഒന്ന് തന്നെയായിരുന്നു. പക്ഷെ പല തരത്തിലാണ് കേട്ടിരുന്നത് .  ആരവങ്ങളുടെ , വെല്ലുവിളികളുടെ ,ഇടിമുഴക്കങ്ങളുടെ, കരച്ചിലിന്റെ, യാചനയുടെ രൂപത്തിലെ പ്രാർത്ഥന .
അമ്മുവിന് ഭയം തോന്നി, പോകുന്ന വഴി ശരിയാണോ ,   തന്റെ മനസ്സ്  വേദനിക്കാൻ തുടങ്ങി, ശരീരവും മനസ്സും തളർന്നു . കണ്ണിൽ  നിറഞ്ഞ വെള്ളം താഴേയ്ക്കു ഒഴുകി.   അത് തന്റെ താങ്ങായിരുന്ന, മുറിഞ്ഞ,ചോര ഒഴുകുന്ന  കാല്പാദങ്ങളിൽ  വീണു. പാദത്തിനുടമയോട്  താൻ ചോദിച്ചു.  " എന്താണ് ഇതിന്റെയൊക്കെ അർത്ഥം ? ഈ സമൂഹത്തിനു മാത്രമേ രക്ഷയുള്ളൂ? പുറത്ത് നില്ക്കാൻ വിധിക്കപെട്ടവർ അങ്ങയുടെ സൃഷ്ടിയല്ലേ?  ഞങ്ങളെ നയിക്കുന്നവരുടെ വാക്കിലൂടെ മാത്രമേ ഞങ്ങളുടെ വേദന അങ്ങേയ്ക്ക് അറി യുകയുള്ളൂ ? ഞങ്ങളെ  പോലെ തോന്നിക്കുന്ന കുറെ സൃഷ്ടികൾ  ഈ കുടാരത്തിനു ചുറ്റുമിരുന്നു കരയുന്നു,  അവരുടെ വ്രണങ്ങൾ ഉണങ്ങുന്നില്ല ,വിശപ്പു മാറുന്നില്ല, യുദ്ധം അവസാനിക്കുന്നില്ല, എന്നിട്ടും അവരേക്കാൾ  ആവശ്യങ്ങൾ ഞങ്ങൾക്കാണ് , എനിക്കൊരു ഉത്തരം വേണം."    തന്റെ കണ്ണീർ ഉണങ്ങി. കാൽപാദത്തിലെ മുറിവിൽ  ഉത്തരം തെളിഞ്ഞു."ഞാനും നീയും തമ്മിലുള്ള  ബന്ധത്തിനു ഇടനിലക്കാരൻ വേണ്ട, ഒരു മന്ത്ര-തന്ത്രവും വേണ്ട ,ഒരു തിരിയുടെ വെളിച്ചവും വേണ്ട ,  ഒരു ബലിയും ആവശ്യമില്ല.  സൃഷ്ടിയ്ക്കു സൃഷ്ടാവിനോടുള്ള വിശ്വാസം  അത് മാത്രം മതി." താൻ തിരിഞ്ഞു നടന്നു, അപ്പൂപ്പൻ  താടി പോലെ, ഒട്ടും ഭാരമില്ലാതെ .