Tuesday, November 17, 2015

സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിൽ

സ്വർഗ്ഗവാതിൽ  തേടിയുള്ള യാത്രയിലായിരുന്നു ഞാനടക്കമുള്ള  ഒരു സമൂഹം. അവിടെ എത്തിയാൽ പിന്നെ അല്ലലില്ല,ദു:ഖമില്ല , ദുരിതമില്ല എന്നാണല്ലോ അറിഞ്ഞത് . പോയവരാരും തെളിവുകൾ  അമ്മുവിന് തന്നിട്ടില്ല ,  മറ്റു  പലർക്കും കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു .   ഞങ്ങൾ ഒന്നടങ്കം ആ വാതിൽ ലക്ഷ്യമാക്കി നീങ്ങി. നല്ല തിക്കും തിരക്കും ഉണ്ടായിരുന്നു. പലതരം വഴികാട്ടികൾ  ഞങ്ങൾക്കുണ്ടായിരുന്നു. ചിലർ ദൈവത്തിന്റെ
 തൊട്ട്ടുത്തിരിക്കുന്നവർ എന്ന് അവകാശപെട്ടു,  പലതരം പ്രാർത്ഥനകൾ  ഞങ്ങളെ പഠി പ്പിച്ചു. അല്ല , എല്ലാം ഒന്ന് തന്നെയായിരുന്നു. പക്ഷെ പല തരത്തിലാണ് കേട്ടിരുന്നത് .  ആരവങ്ങളുടെ , വെല്ലുവിളികളുടെ ,ഇടിമുഴക്കങ്ങളുടെ, കരച്ചിലിന്റെ, യാചനയുടെ രൂപത്തിലെ പ്രാർത്ഥന .
അമ്മുവിന് ഭയം തോന്നി, പോകുന്ന വഴി ശരിയാണോ ,   തന്റെ മനസ്സ്  വേദനിക്കാൻ തുടങ്ങി, ശരീരവും മനസ്സും തളർന്നു . കണ്ണിൽ  നിറഞ്ഞ വെള്ളം താഴേയ്ക്കു ഒഴുകി.   അത് തന്റെ താങ്ങായിരുന്ന, മുറിഞ്ഞ,ചോര ഒഴുകുന്ന  കാല്പാദങ്ങളിൽ  വീണു. പാദത്തിനുടമയോട്  താൻ ചോദിച്ചു.  " എന്താണ് ഇതിന്റെയൊക്കെ അർത്ഥം ? ഈ സമൂഹത്തിനു മാത്രമേ രക്ഷയുള്ളൂ? പുറത്ത് നില്ക്കാൻ വിധിക്കപെട്ടവർ അങ്ങയുടെ സൃഷ്ടിയല്ലേ?  ഞങ്ങളെ നയിക്കുന്നവരുടെ വാക്കിലൂടെ മാത്രമേ ഞങ്ങളുടെ വേദന അങ്ങേയ്ക്ക് അറി യുകയുള്ളൂ ? ഞങ്ങളെ  പോലെ തോന്നിക്കുന്ന കുറെ സൃഷ്ടികൾ  ഈ കുടാരത്തിനു ചുറ്റുമിരുന്നു കരയുന്നു,  അവരുടെ വ്രണങ്ങൾ ഉണങ്ങുന്നില്ല ,വിശപ്പു മാറുന്നില്ല, യുദ്ധം അവസാനിക്കുന്നില്ല, എന്നിട്ടും അവരേക്കാൾ  ആവശ്യങ്ങൾ ഞങ്ങൾക്കാണ് , എനിക്കൊരു ഉത്തരം വേണം."    തന്റെ കണ്ണീർ ഉണങ്ങി. കാൽപാദത്തിലെ മുറിവിൽ  ഉത്തരം തെളിഞ്ഞു."ഞാനും നീയും തമ്മിലുള്ള  ബന്ധത്തിനു ഇടനിലക്കാരൻ വേണ്ട, ഒരു മന്ത്ര-തന്ത്രവും വേണ്ട ,ഒരു തിരിയുടെ വെളിച്ചവും വേണ്ട ,  ഒരു ബലിയും ആവശ്യമില്ല.  സൃഷ്ടിയ്ക്കു സൃഷ്ടാവിനോടുള്ള വിശ്വാസം  അത് മാത്രം മതി." താൻ തിരിഞ്ഞു നടന്നു, അപ്പൂപ്പൻ  താടി പോലെ, ഒട്ടും ഭാരമില്ലാതെ .

Thursday, October 15, 2015

പ്രതിഷേധ പ്രകടനം

പ്രതിഷേധം പ്രകടിപ്പിക്കാൻ  അംഗീകാരങ്ങൾ  തിരിച്ചു  കൊടുക്കുന്ന കാഴ്ച കുറച്ചു ദിവസങ്ങളായി  കാണുന്നു.   കിട്ടിയതെല്ലാം അല്ലെങ്കിൽ സ്വരുക്കൂട്ടി വച്ചിരുന്നത്,  മറ്റുള്ളവരുടെ നന്മയ്ക്കായി  വിട്ടുകൊടുക്കുന്ന മഹാമനസ്കത.
ഇതൊക്കെ കാണുമ്പോൾ  അമ്മുവിന് ഒരു സംശയം.  അമ്മു  കണ്ടിട്ടുള്ള ഭൂരിപക്ഷം മനുഷ്യരും  അംഗീകാരം ആഗ്രഹിക്കുന്നവരാണ്.  പ്രത്യേകമായ കഴിവുള്ള പലരും  അവർക്ക്  കിട്ടുമെന്ന് കരുതിയ അംഗീകാരം കിട്ടാവതാവുമ്പോൾ നടത്തുന്ന പല  പ്രകടനങ്ങൾക്കും  മറ്റുള്ളവർ  സാക്ഷിയാണ്.  ഒരു സമ്മാനം സ്വീകരിക്കുമ്പോൾ സ്വീകരിക്കുന്നയാളും കൊടുക്കുന്നയാളും  ഒരേ പോലെ അംഗീകരിക്കപെടുന്നു.  തിരസ്കരിക്കുമ്പോൾ  കൊടുക്കുന്നയാൾ നിന്ദിക്കപെടുന്നു.

പുരസ്ക്കാരങ്ങളൊ  മറ്റു ചുമതലകളൊ  തിരിച്ചേൽപ്പിച്ചാൽ തീരുന്ന പ്രശ്നമേയുള്ളോ  നമ്മുടെ നാട്ടിൽ ,    അല്ല എന്ന് തോന്നുന്ന പലരുടെയും കൂട്ടത്തിൽ അമ്മുവുമുണ്ട്.    

Wednesday, September 9, 2015

കാരുണ്യം

ഇന്നത്തെ മീറ്റിംഗിലെ ചർച്ച 'ആരെ നാം സഹായിക്കും',  എന്നായിരുന്നു.   'പാവങ്ങൾ ',   'ദരിദ്രർ '   അങ്ങനെ പല പേരിലും രൂപത്തിലും  ഉള്ള ആവശ്യക്കാരുണ്ടല്ലൊ?    'സഹായം '    അത് നമ്മുടെ സംഘടനയുടെ
കാര്യപ്രാപ്തിയെ  വിളിച്ചോതും,   പ്രവർത്തന  പുസ്തകത്തിൽ എഴുതി ചേർക്കാനും പ്രസംഗിക്കാനും ഉള്ളതാണ്.    ഞങ്ങളുടെ ഇടയിൽ എല്ലാവരും സാമ്പത്തിക സുരക്ഷ ഉള്ളവർ .    ഈ  കൽ ചുമരു പൊളിച്ചു പുറം ലോകത്തെ അറിയാൻ മെനക്കെടാറില്ല.    അപ്പോഴാണു  പഴയ നേതാവ് ഒരു പ്രധാന കാര്യം ഓർമിപ്പിച്ചതു.    വിലപെട്ട ഒരു സന്ദേശം.  "ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കാ നല്ലേ ,നമ്മൾ ദരിദ്രരെ സൃഷ്ടിക്കേണ്ടത്‌ , അതിനുള്ള  വഴിയും ഞാൻ പറഞ്ഞിരുന്നു"
എല്ലാവരും പഴയ ഓർമയിലേക്ക് ,   ഉപദേശങ്ങളിൽ ചിലത്  മനസ്സിലെത്തി.
ഒന്നാമതായി  കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കാതിരിക്കുക,   ചെറിയ കടങ്ങൾ ഉള്ളവരെ സഹായിക്കാതിരിക്കുക,    വലിയ സഹായങ്ങൾ ചെയ്യാൻ അവരുടെ  'നല്ല നാളെ '   നമ്മെ സഹായിക്കും.    വീഴുന്നവർക്ക്   കൈത്താങ്ങു
കൊടുക്കരുത് ,    സ്ഥിരമായി  കിടപ്പിലാതാകുന്നതു  നമുക്ക് നല്ലതായിരിക്കും.
അങ്ങിനെ ചെറിയ പല ദു:ഖങ്ങളും  കണ്ടില്ല എന്ന് കരുതിയാൽ 'മഹത്തായ  പല സഹായങ്ങൾ '  ചെയ്യാനാകും.  അത്തരം പ്രവർത്തനങ്ങൾക്ക്  പേരും പെരുമയും  കൂടും.,  എല്ലാവരും  നേതാവിന്റെ  ബുദ്ധി യെ   അഭിനന്ദിക്കുകയും  നന്ദി പറയുകയും  ചെയ്തു.   വിശപ്പു  ഇരയെ കൊണ്ടു വന്നു തരും.

Thursday, July 30, 2015

മതം പ്രതിയല്ല

ഇന്ന്  നമ്മുടെ നാട്ടിൽ  നടന്ന രണ്ടു ശവസംസ്കാരങ്ങൾ ------ഒരാൾ രാജ്യത്തിനും ലോകത്തിനും വേണ്ടപ്പെട്ടത്‌,  നന്മ  മാത്രം ചെയ്തു കടന്നുപോയ ഭാരത  രത്നം,. എല്ലാ ആദരാഞ്ജലി കളോടും  കൂടെ നടന്ന ശവസംസ്ക്കാരം .  -------മറ്റൊരാൾ  പലരുടെയും ജീവനും വസ്തുവും നശിപ്പിക്കാൻ സഹായിച്ചു എന്ന കുറ്റം  ചെയ്തയാൾ (തെളിവുകൾ ഉണ്ടത്രേ),   പരമാവധി ശിക്ഷ  നടപ്പിലാക്കി.
------രണ്ടു പേരും ഒരേ മതത്തിൽ നിന്നുള്ളവർ -----ഇനിയെങ്കിലും മതങ്ങളെ  പ്രതി പട്ടികയിൽ ചേർക്കാതിരിക്കാം.

Saturday, July 25, 2015

ശിരോവസ്ത്രം എന്ന 'തെറ്റ് '

പരീക്ഷകളിൽ  കോപ്പിയടിക്കാൻ  സഹായിക്കുന്നവ  ഉളിപ്പിച്ചു വയ്ക്കാൻ  ശിരോവസ്ത്രം    സഹായിക്കുമെന്ന് കരുതി, പരിശോധന  നടത്തുകയും  ശിരോവസ്ത്രം  ഇല്ലാതെ പരീക്ഷ എഴുതാൻ  നിർബദ്ധം പിടിക്കുകയും  ചെയ്യുന്ന എല്ലാവർക്കും നന്ദിയും ആശംസകളും.   അർഹതയുള്ളവർക്കു മാത്രമാകട്ടെ വിജയം.  ഏതു വസ്ത്രത്തിലും പരീക്ഷ എഴുതാൻ സഹായിക്കുന്ന പലതും ഒളിപ്പിച്ചു വയ്ക്കാൻ  കഴിയും എന്ന് മറന്നതല്ലല്ലോ ?   അത് ഓർക്കുമ്പോൾ നഗ്നരായി പരീക്ഷ എഴുതണം  എന്ന് പറയില്ല എന്ന് കരുതുന്നു.


Sunday, June 7, 2015

മാഗ്ഗിയും നമ്മളും

ഒരു ദിവസം കൊണ്ടല്ലേ  അടുക്കളയിലെ  പ്രധാനി  'മാഗ്ഗി'  പുറത്ത്
 എറിയപ്പെട്ടതു .      'മാഗ്ഗി'  നമുക്ക് എന്തായിരുന്നു?   കുട്ടികൾക്ക്  ഇഷ്ടമായത് കൊണ്ടു മാത്രമാണോ  നമ്മുടെ അടുക്കളയിൽ  'മാഗ്ഗി'  സ്ഥാനം പിടിച്ചതു?
'രണ്ടു മിനിറ്റ് ' ഒരു എളുപ്പം  തന്നെയായിരുന്നു.   'മാഗ്ഗി' യുടെ  കുറവുകൾ പലതും പലപ്പോഴായി നാം കേട്ടപ്പോഴും ,   അത്  കണ്ടില്ല എന്ന് നടിച്ചു.
ഇത്തരം പല പായ്ക്കറ്റുകളും  നമ്മുടെ തിരക്കേറിയ ജീവിതത്തിൽ  സഹായമായിട്ടുണ്ട്.

ഒരു തിരിഞ്ഞു നോട്ടം :    'മാഗ്ഗി'    കേരളത്തിൽ എത്തിയ  കാലം.  ഏകദേശം  മുപ്പതു വർഷങ്ങൾക്കു മുൻപ് ,   കുട്ടികള്ക്ക്  'മാഗ്ഗി' പരിചയപെടുത്താനായി  ഞങ്ങളുടെ സ്കൂളിൽ   വിതരണം  നടത്തി.    പാകം ചെയ്യേണ്ട വിധവും പറഞ്ഞു  പഠി പ്പിച്ചു.   ആദ്യമായി  പാചകം പരീക്ഷിച്ചു.   തീൻ മേശയിൽ ആവശ്യമില്ലാത്ത  ഒരു ജീവിയുടെ ആകാര സാമ്യം ,   'മാഗ്ഗി' യെ  അന്ന് അടുക്കളയിൽ നിന്ന് പുറത്താക്കി.  അത് കഴിക്കുന്നത്‌ കണ്ട് വെറുപ്പോടെ എഴുന്നേറ്റു പോയവർ ,   ഇതു നമുക്ക് പറ്റിയതല്ല എന്ന് പറഞ്ഞവർ,  അങ്ങിനെ  പരീ ക്ഷണശാലയിൽ  ടെസ്റ്റ്‌ ചെയ്യാതെ നാം പുറ ത്താക്കിയത് ,    എളുപ്പവഴികൾ തേടുന്ന നമ്മുടെ അടുക്കളയിൽ ഒന്നാം സ്ഥാനത്തെത്തി.   പലരും പാചകം പഠിച്ചു.

തിരിച്ചുവരവിനായി 'മാഗി' യും  തിരിച്ചുവന്നാൽ  സ്വീകരിക്കാൻ തയ്യാറായി പല അടുക്കളകളും.    ഏതെല്ലാം രീതിയിൽ വിഷം നാം അകത്താക്കുന്നു  പിന്നയല്ലേ  ഈ ഒരു കൊച്ചു പായ്കറ്റ് ?  

Saturday, May 9, 2015

മാതൃദിനം

അമ്മമാർ  അറിയാൻ

 ഇന്നത്തെ  ആശംസകൾ  ഏറ്റു  വാങ്ങാൻ  യോഗ്യത ഉണ്ടോ  നമുക്ക്?  ഒന്ന്  ചിന്തിക്കാം .   ഒരു പാട്  കാര്യങ്ങൾ ഒരുമിച്ചു  ചെയ്യുന്ന  'super  machine '  കളായി  മാറുന്നുണ്ടോ നാം.    സ്വാതന്ത്ര്യത്തിനും  തുല്യതയ്ക്കും  വേണ്ടി  അലമുറയിടാൻ  സമയം ചിലവിടുമ്പോൾ,  നമ്മുടെ ശ്രദ്ധയും സ്നേഹവും പരിചരണവും വേണ്ടവരെ തഴയുന്നുണ്ടോ?  

നമ്മുടെ  ആണ്‍കുട്ടികൾ  പെണ്‍വർഗ്ഗത്തോട് ക്രൂരത  കാണിക്കുന്നു,   നമ്മോടുള്ള  വെറുപ്പ്  ഇതിനു കാരണമാവുന്നുണ്ടോ?     നമ്മുടെ  പെണ്‍കുട്ടികൾക്ക്  ശക്തിയും   മാതൃകയുമാവാൻ  കഴിയുന്നുണ്ടോ?  അവർ ചതികുഴികളിൽ വീഴാതിരിക്കാനുള്ള  ഉൾകാഴ്ച്ച  കൊടുക്കാൻ സാധിച്ചിട്ടുണ്ടോ?

ഇല്ലെങ്കിൽ  ഒരു പൂവോ കാർഡോ  അതുമല്ലെങ്കിൽ  ഏതെങ്കിലും  തരത്തിലെ  ഒരു സമ്മാന കൈമാറ്റത്തിനുശേഷം  'അമ്മ'  അവസാനിക്കും.  

Wednesday, April 22, 2015

എല്ലാവരും ജയിച്ചു, കുട്ടികൾ 'തോറ്റു ' .

പരീക്ഷാഫലം   പറഞ്ഞ സമയത്ത്  തന്നെ പ്രഖ്യാപിക്കാൻ കഴിഞ്ഞവരുടെ  ജയം.    വാരികോരി മാർക്ക്  കൊടുത്ത്  കുട്ടികളെ സന്തോഷിപ്പിച്ചവരുടെ  ജയം.    'revaluation '  എന്ന  നൂലാമാലകളിൽ   നിന്ന് രക്ഷപെട്ടവരുടെ ജയം.
അടച്ചു പൂട്ടലിൽ  നിന്ന് രക്ഷപെട്ട സ്കൂളുകളുടേയും  അതിലെ  അധ്യാ പകരുടേയും  ജയം.   'tuition class 'കളുടെ  ജയം.  തെറ്റ് ചൂണ്ടികാണിച്ചു    കൊടി പിടിക്കാൻ  കഴിഞ്ഞവരുടെ ജയം.   ഇതിനിടയിൽ  ജയിച്ചിട്ടും ' തോറ്റ '    കുട്ടികൾ......

Tuesday, April 14, 2015

പഠിപ്പിച്ചു തളർത്തുകയോ ?

'പഠിച്ചു വളരുക'   എന്നതിന്  പകരം  'പഠിച്ചു  തളരുകയും '  ,   'പഠിപ്പിച്ചു തളർത്തുകയും  '    ഒരു പതിവായി   കഴിഞ്ഞിരിക്കുന്നു.      ചിരിക്കാനും  കരയാനും  അടക്കം പലതരം പരിശീലനകളരികൾ .    'ട്രെൻഡ് ' അനുസരിച്ചു  എല്ലാം രുചി നോക്കി  എല്ലാം അറിയാമെന്നു കരുതുന്ന കുരുന്നുകൾ.  'കുരുതി'ക്ക്  കുട്ടികൾ  തന്നെയാണു  നല്ലത് അല്ലേ ?

Wednesday, March 25, 2015

മൌനം ദു:ഖമാണുണ്ണീ ........


ചെറിയ  ചെറിയ മുറികൾ ,  ജയിലേതെന്നു  തോന്നിക്കുന്നവ,  അല്ല ജയിൽ തന്നെ. ഇവരാരും കുറ്റം ചെയ്തവരല്ല ,  'മനോരോഗികൾ '  എന്ന് മുദ്ര കുത്തപെട്ടവർ .  നാട്ടുകാർ ,വീട്ടുകാർ, അങ്ങനെ  പലരും  പറഞ്ഞപ്പോൾ
 ഡോക്ട റും    സമ്മതിച്ചു.   കൂട്ടിലടയ്ക്കാൻ  അധികം  താമസിച്ചില്ല.
പലരും കൈ നീട്ടി തൊടുവാൻ ശ്രമിച്ചു,  അമ്മു അടക്കമുള്ള  സന്ദർശകർ  പിന്മാറി.   അക്രമ സ്വഭാവം  ഉള്ളവരാണ് അധികവും എന്ന് പറഞ്ഞിരുന്നു.
കൂട്ടിൽ കിടക്കുന്നവർ  ആരെ ആക്രമിക്കാൻ?  അവരുടെയും  ഞങ്ങളുടേയും  മുഖത്ത് ഒരേ ഭാവമായിരുന്നു.  പരസ്പരം പേടി,  അകൽച്ച .


ഈ കൂട്ടത്തിൽ  അമ്മു ഒരേ ഒരു മുഖം തിരയുകയായിരുന്നു,   അതിനു വേണ്ടിയാണു  ഈ  യാത്രയെന്നു കൂടെയുളളവർക്ക്   അറിയാത്തത് ഭാഗ്യം. കുഞ്ഞുമോൾ  ഇതിൽ ഇതു മുറിയിലാണ്  ആവോ ,  തനിക്കു കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമോ ?   ഇരുപതു വർഷം മുൻപ്  കണ്ടതാണ്.  അന്ന് അവൾക്കു പതിനാറോ പതിനേഴോ  വയസ്സ് കാണും.   അവളുടെ  സ്വരം വീണ്ടും  കാതുകളിൽ എത്തി.  ഇരുപതു  വർഷം കൊണ്ടു  മായിച്ചു കളയാൻ പറ്റാത്ത ഓർമകൾ .   ജന്മം നൽകിയവർക്ക്  വളർത്താൻ കഴിവില്ലാഞ്ഞിട്ടോ ,
അതോ  അപ്പയുടെ  ലോകത്തിൽ  ഭാര്യയും മക്കളും ഇല്ലാതിരുന്നിട്ടോ ?   കുഞുമോൾക്കും  ഒന്നും മനസ്സിലായില്ല.   വീടു പുറത്ത് നിന്ന് പൂട്ടി പോകുന്ന അപ്പ ,   അപ്പ തിരിച്ചെ ത്തുന്നതുവരെ  അമ്മയും മക്കളും വീടിനകത്ത്,  തുരുമ്പ് പിടിച്ച വിജാഗിരികളുടെ  അകമ്പടിയോടെ  അകത്ത് കടക്കുന്ന വെളിച്ചത്തേയും  അപ്പയുടെ കയ്യിലെ പൊതിചോറും   കാത്തിരുന്നു.  ഒരിക്കൽ ചേട്ടൻ  ചോദിച്ചത്രെ  അപ്പയുടെ കൂടെ വരട്ടെ എന്ന്, മറുപടി കിട്ടിയില്ല . പിന്നീട് ആരും ഒന്ന് ചോദിച്ചില്ല.  അകത്തു നിന്ന് തുറക്കാവുന്ന ജനൽ പാളികളെ കുറിച്ചു പോലും  അവർ മറന്നിരുന്നു.     അകത്തു നിന്ന് പുറത്ത് കടന്നിട്ടില്ലെങ്കിലും കുഞ്ഞുമോൾ  വലിയമോളായതു അറിഞ്ഞ  ചിലരുടെ  പരാക്രമത്തിൽ  നിന്ന് രക്ഷിക്കാൻ  വലിയ  താഴിട്ടു പൂട്ടിയ വാതിലിനോ  അമ്മയ്ക്കോ ചേട്ടനോ  കഴിഞ്ഞില്ല.   അതോടെ  വീടു പൂട്ടുന്ന ജോലി അപ്പയ്ക്ക്‌ കുറഞ്ഞു കിട്ടി.    ഇത്രയും കേട്ടപ്പോൾ  അവൾക്കു കൊടുക്കാൻ  കൊണ്ടു വന്ന  കുപ്പി വളകൾ തന്റെ കയ്യിൽ  നിന്ന് താഴെ വീണു  പൊട്ടി ചിതറി .   അവളിൽ ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു.


തുറന്നു കിടന്ന വീട്ടിൽ ക്ഷേമാന്വേഷ കരുടെ  എണ്ണം  കൂടിയപ്പോൾ ആരുടേയോ നല്ല മനസ്സ്  ഈ മുറിക്കുള്ളിൽ അവൾക്കു സുരക്ഷ നല്കി.  ഇവിടെ അവൾ 'മനോരോഗി'   ആണെങ്കിലും സുരക്ഷിതയാണ്.  ഇടയ്ക്കു  പഠി ക്കാനും  അറിയാനും സഹതപിക്കുവാനുമായി   ചിലർ   എത്തും  എന്നു മാത്രം.
തന്റെ ചിന്തകൾക്ക്  ഒരു വിരാമമായി,  'ചേച്ചി' എന്ന വിളി ,   കുഞ്ഞുമോളെ  കണ്ട സന്തോഷം പുറത്ത് കാണിക്കാൻ തന്റെ  ദുരഭിമാനം സമ്മതിച്ചില്ല.   ആരാ,  എന്താ  എന്നാ ചോദ്യങ്ങള്ക്ക്  തനിക്കു മറുപടിയില്ലായിരുന്നു.   ഇവൾ
ആരെ കണ്ടാലും  ചേച്ചി  എന്നാണു  വിളിക്കാറ്,    'മാഡം '   അത് കാര്യമാക്കണ്ട എന്ന്  വാർഡൻ,  തന്റെ കുറ്റബോധത്തെ ഒരു മൌനത്തിൽ ഒളിപ്പിക്കാൻ കഴിഞ്ഞു.

Thursday, January 29, 2015

ഇന്നലെ ഇന്ന്


ഇന്നലെ  മുഴുവൻ  പാവലിന്റെ പൂവ്  എന്നെ സന്തോഷിപ്പിക്കുകയും  ദു:ഖിപ്പിക്കുകയും  ചെയ്തു.   പൂ വിരിഞ്ഞതിലുള്ള  സന്തോഷം , തന്റെ പ്രതീക്ഷകൾ  ഉണർ ത്തിയതിന്റെ  നന്ദി ,  ആ ഇളം  മഞ്ഞ പൂവിനു  മാത്രം .
ജനലഴികളിലൂടെ  പാവലിന്റെ  തണ്ട് ,  അന്നദാതാവിനെ  അന്വേഷിച്ചു  പുറത്തേക്ക്  നീണ്ടപ്പോൾ   താൻ തടഞ്ഞില്ല.   എന്റെ ജനൽ  കൂട്ടിൽ  നിന്ന്  രക്ഷപെടട്ടെ  എന്നേ  കരുതിയുള്ളൂ.   എന്നാൽ ഇന്ന്  അതിൽ  പൂ വിരിഞ്ഞപ്പോൾ   അതും എന്റെ കൂടിനു പുറത്ത്,  എന്റെ കൈകൾ ക്ക്  എത്തി  പെടാൻ  പറ്റാത്തിടത്തു ,  എന്നാൽ എന്റെ  കണ്ണുകൾ
 എത്തുന്നിടത്തുമായപ്പോൾ  തനിക്കു  വേവലാതിയായി.   എങ്ങിനെ  ആ മഞ്ഞ നിറം  തന്റേതു  മാത്രമാക്കും  എന്ന ചിന്ത  വളരെയധികം  അലട്ടി.       പൂ എന്റെ സ്വന്തമാക്കുന്നതിനിടെ  ചെടി  നശിക്കാനുള്ള  സാധ്യതയുള്ളതിനാൽ  ,സ്വന്തമാക്കണ്ട  എന്ന തീരുമാനത്തിലെത്തിക്കാൻ  മനസ്സിനെ  തയ്യാറാക്കി,  ഞാൻ വിജയിച്ചു.    സമാധാനത്തോടെ  തളർ ന്നു  ഉറങ്ങി ,   നേരം  വെളുത്തപ്പോൾ  ആദ്യം ഓടിയത് ,   ജനൽകൂടിനരികിലേയ്ക്കു ,  മഞ്ഞ നിറം കാണാതെ  താൻ തളരാൻ  തുടങ്ങിയപ്പോഴാണ്  ഒടിഞ   ഒരു തണ്ട്  കണ്ണിൽ   പെട്ടത്.  സന്തോഷിക്കാനും  ദു:ഖിക്കാനും  കഴിഞ്ഞില്ല........