ഇന്നേയ്ക്കു ഏഴു ദിവസ൦ തികയുന്നു, നീ എന്നെ ഒറ്റയ്ക്കാക്കി യാത്രയായിട്ട്. നീ വരുമെന്ന പ്രതീക്ഷയിൽ , മരണത്തിലേക്കാണു പോയതു എന്ന് വിശ്വസിക്കാനാകാതെ........., അമ്മുവിനു ആരുമില്ല എന്നറിയാമല്ലോ?
നാല്പതു വർഷത്തിനിടയിൽ ഒരിക്കലും നമ്മൾ പിരിഞ്ഞിരുന്നിട്ടില്ലല്ലോ? മക്കളില്ലാത്തവരാണെന്ന ചിന്ത നാം പണ്ടേ ഉപേക്ഷിച്ചിരുന്നുവല്ലോ? നമുക്ക് നാം തന്നെ മതിയായിരുന്നു. മക്കളില്ലാത്തതു ഒരു അനുഗ്രഹമായിട്ടേ ഞാൻ സംസാരിക്കാരുള്ളൂ , നീ പഠിപ്പിച്ചു തന്ന സൂത്രം , മറ്റുള്ളവരുടെ സഹതാപത്തിൽ നിന്ന് രക്ഷപെടാൻ . മക്കളുള്ളവരുടെ ദുരിതവും സ്നേഹമില്ലായ്മയും ചൂണ്ടികാണിച്ചു തന്നു നീ എന്നെ ആശ്വസിപ്പിക്കുമായിരുന്നു . അതൊരു ക്രൂരമായ, അസൂയയുടെ ആനന്ദമല്ലേ എന്ന് തോന്നുമായിരുന്നു. ഒരു കുട്ടിയെ ലഭിക്കാനുള്ള എല്ലാ പരീക്ഷയിലും തോറ്റ നമുക്ക് ഇത്തരം ഒരാശ്വാസം .
.എങ്കിലും മരണം വരെ നീ കൂടെ ഉണ്ടാവും എന്ന് കരുതി, അല്ലെങ്കിൽ മരണം ഒരുമിച്ചാവും എന്ന് കരുതി. നീ പോയതിനു തലേന്നു നമ്മൾ പട്ടിയുടെ ഓലി പതിവില്ലാതെ ശ്രദ്ധിച്ചു, നമ്മളിൽ ആരെ കൊണ്ടുപോവാനാണു എന്ന് പറയുകയും ചെയ്തു. പിറ്റേ ദിവസം എന്റെ മടിയിൽ കിടന്നു അവസാന ശ്വാസം വലിക്കുമ്പോൾ അതെന്താണു എന്ന് പോലും എനിക്ക് മനസ്സിലായില്ല. ആരൊക്കെയോ ആശുപത്രിയിൽ കൊണ്ടുപോകുകയും തിരിച്ചു കൊണ്ടുവരുകയും ചെയ്തു. പിന്നീടുള്ള ഏതാനും മണിക്കൂർ അമ്മു നിന്നെ കുറിച്ചു മാത്രം സംസാരിച്ചു. എല്ലാവരുടേയും ചോദ്യങ്ങള്ക്ക് മറുപടിയായി പലവട്ടം നിന്റെ മരണം പുനവതരിപ്പിച്ചു. ഓരോരുത്തരും അവസാനം 'ഭാഗ്യ മരണം ' എന്ന് പറഞ്ഞു. ആർക്കാണു ഭാഗ്യം നിനക്കോ, എനിക്കോ , അതോ നമുക്ക് ജനിക്കാതിരുന്ന കുഞ്ഞുങ്ങൾക്കോ , നമുക്ക് വേണ്ടി സമയം ചിലവാക്കേണ്ടി വരുമായിരുന്ന ബന്ധുക്കൾക്കോ?
ഇപ്പോൾ ഞാൻ പലതും കേള്ക്കുന്നു...., അവൾക്കെന്താ കുഴപ്പം?, അവശ്യത്തിലധികം സമ്പാധിച്ചിട്ടുണ്ടല്ലോ ? ഇവള്ക്ക് വെള്ള ഉടുത്തുകൂടെ? ഇവളെന്താ കരയാത്തെ? അഹങ്കാരത്തിനു ഒരു കുറവും വന്നിട്ടില്ല , ഉള്ളതൊക്കെ പാവന്ങൾക്കു കൊടുത്തുകൂടെ? അങ്ങനെ പലതും. ആർക്കും ഞാൻ മറുപടി കൊടുത്തിട്ടില്ല കേട്ടോ . നമുക്ക് കൂട്ടായി ഒരു കുട്ടിയെ ദത്തെടുക്കാം എന്ന് പലപ്പോഴും ഞാൻ പറയാറുണ്ടായിരുന്നു, സ്വന്തം ചോരയേ കൂടെ നിൽക്കൂ എന്നാണു നീ പറയാറ്. അതിൽ വലിയ സത്യമില്ല എന്നറിയാമായിരുന്നു . എങ്കിലും ഒരു വാക്ക് തർക്കം ഒഴിവാക്കാനായി ഞാൻ മൌനം പാലിക്കാരാണു പതിവ്. പൂക്കാത്തതും കായ്ക്കാത്ത്തതും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞു. മനസ്സിലെ വേദന മറയ്ക്കാനായി അവരുടെ കുറവുകൾ നിരത്തി അവരെ തോല്പ്പിച്ചു വരാറുണ്ട്. അത്തരം കഥകൾ കേൾക്കാൻ നിനക്കിഷ്ടമായിരുന്നു. ഇന്ന് എനിക്ക് ജയിക്കണമെന്നില്ല, എന്റെ വിജയഗാഥ കേൾക്കാൻ ആരുമില്ല. എനിക്കായി നീ ബാക്കി വച്ചതു ജീവനില്ലാത്തവയല്ലേ?
നീ ജോലി കഴിഞ്ഞു തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ പകൽ മുഴുവൻ കഴിയും. ഇന്ന് ഞാൻ നിനക്ക് വേണ്ടി ഒരു കല്യാണ കുറി എടുത്തു വച്ചു, നമുക്ക് ഒരുമിച്ചു പോകേണ്ടതല്ലേ എന്ന് കരുതി, പൊന്നുവിന്റെ കല്യാണത്തിനു നമ്മൾ ഒരുമിച്ചു വരും എന്ന് പറഞ്ഞിരുന്നല്ലോ?
മുല്ലപ്പൂ മാലയിട്ട ചിത്രത്തിൽ ഇരുന്നു നീ എന്നെ കളിയാക്കി എന്തോ ചോദിക്കുന്ന പോലെ , ഒരുമിച്ചു എങ്ങനെ പോകും എന്നായിരിക്കും. എനിക്ക് മനസ്സിലായി. അയ്യോ രാത്രി ആയി, എനിക്ക് പേടിയാവുന്നു . സ്വന്തം നിഴലിനെ പോലും ഞാൻ പേടിക്കാൻ തുടങ്ങുന്നു. നീ ഇവിടെയുണ്ടാകുമെന്നു പറഞ്ഞ വാക്ക് വിശ്വസിച്ചാണു ഞാൻ ഇത്രയും ദിവസം കഴിച്ചു കൂട്ടിയതു, ഇനി എനിക്ക് വയ്യ , നിനക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടമില്ലല്ലോ ? ഞാനും വരുന്നു......