Tuesday, March 8, 2016

Widgets

വനിതാ ദിനം

ദൈവമേ വീണ്ടും ഒരു വനിതാ ദിനം ,   'ശങ്കരൻ പിന്നെയും തെങ്ങുമെ  തന്നെ' എന്നു പറഞ്ഞപോലെ ഞങ്ങൾ വനിതകൾ സ്ഥിരം കലാപരിപാടികൾ തുടങ്ങി.
അതിനിടയ്ക്ക് ചില സന്ദേശങ്ങൾ സ്വീകരിക്കുകയും ചിലത് മറ്റു പലർക്കും  കൊടുക്കുവാനും മറന്നില്ല. സ്ത്രീ സമത്വത്തിനു വേണ്ടി ആചരിക്കുന്നതാണത്രെ ഈ ദിനം.  നല്ലത് തന്നെ.  ഇന്നത്തെ ദിനപത്രവും ഒരു നാലുവയസ്സുകാരിയുടെ കണ്ണീരിൽ കുതിർന്നാണ്  എത്തിയത്.  പെണ്ണിന്റെ ശക്തിയെ വാഴ്ത്തികൊണ്ട് പേജ് 3  തരുണീമണികൾ. പെണ്ണിനെ വീണ്ടും കാഴ്ചയിൽ മനോഹര ഉത്പന്നങ്ങളാക്കാൻ  കമ്പനികൾ മത്സരിച്ചു.   എല്ലാവർക്കും നന്ദി.  ഇതൊന്നും അറിയാതെ തങ്കു പറമ്പിലെ പണിക്കു വന്നു. മീൻ കൊണ്ടുവരുന്നവളും സമയത്ത് എത്തി.  വൈകുന്നേരമായപ്പോൾ തങ്കുവിന്റെ കൂലിയുടെ പങ്കു പറ്റാൻ അയാൾ എത്തി.  ഭാര്യയുടെ കൂലിയുടെ ഒരു ഭാഗം തനിക്കുള്ളതാണ് എന്ന് അയാൾ വിശ്വസിക്കുന്നു. ഈ ഭിക്ഷ കൊടുത്താലെ തനിക്കും കുട്ടികൾക്കും ഉറങ്ങാൻ കഴിയൂ എന്ന അറിവാണ് തങ്കുവിന്റെ തിരിച്ചറിവ്.
പള്ളിയിൽ കുരിശു മണി കൊട്ടുന്നത് കേട്ടത് കൊണ്ടു അമ്മ ആദ്യം മോനേ ,മോനെ എന്നും പിന്നെ ദൈവമേ എന്നും വിളിക്കാൻ തുടങ്ങി.  സ്ത്രീ   സ്വാതന്ത്ര്യത്തിനായി അലമുറയിടുന്ന മകൾ പരസ്യകമ്പനികളുടെ ആജ്ഞകൾ അനുസരിച്ച ശേഷം തിരിച്ചെത്തി.  മീൻ കറി യിൽ പുളി  കൂടിയതുകൊണ്ടോ കുറഞ്ഞത്‌ കൊണ്ടോ പതിവ് പോലെ തന്റെ ഉറക്കവും നഷ്ടപെട്ടു.  പണി കഴിഞ്ഞു ഇറങ്ങുമ്പോൾ തങ്കു ചോദിച്ച ചോദ്യത്തിനു ഉത്തരം കിട്ടുമോ എന്നാലോചിച്ചു  നേരം വെളുത്തത് അറിഞ്ഞില്ല , ചോദ്യം    എന്താണ്  എന്നായിരിക്കും...."ഇന്ന് നമുക്ക് വല്ല പ്രത്യേകതയും ഉണ്ടോ ?".

No comments:

Post a Comment