കൊറോണ മരുന്ന് -----------------------
ഇന്നത്തെ വിഷയം കിട്ടാൻ ചാരുവിന് ബുദ്ധിമുട്ട് ഉണ്ടായില്ല. എങ്ങോട്ട് തിരിഞ്ഞാലും കൊറോണ വിശേഷം. എന്നാൽ പിന്നെ താമസിക്കണ്ട എന്ന് ചാരുവിൻ്റെ മീഡിയ സഹായി. തലേന്ന് തന്നെ ഒരുക്കി വച്ചിരുന്ന വസ്ത്രങ്ങളിൽ ചാരു ക്യാമറയ്ക്ക്ക്ക് മുന്നിലെത്തി. വിഷയം ശോകമായതിനാലും തമാശകളിൽ തുടങ്ങാൻ സാധിക്കാത്തതിനാലും ഒരല്പം ഗൗരവത്തോടെ തന്നെ തുടങ്ങി.----- "കൂട്ടുകാരെ, കൊറോണയ്ക്കുള്ള മരുന്ന് പലതും നിങ്ങൾ പരീക്ഷിച്ചു കാണും. ഞാനും അങ്ങനെ തന്നെ. പച്ച മുളക് തൊട്ട് പച്ച ഇറച്ചി വരെ ചവച്ചരച്ച് തിന്നാൻ പറയുന്നത് അനുസരിച്ച് മടുത്ത നാം ഇനി എന്ത് ചെയ്യും? മുഖാവരണം, സാമൂഹിക അകൽച്ച, എന്നിവ കാറ്റിൽ പറത്തി കൊണ്ട് നടക്കുന്നത് എതിരാളിയ്ക്ക് പിടി മുറുക്കാൻ സഹായകമായി എന്ന സത്യം കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ല. ഭക്ത സംഘങ്ങൾ പ്രാർഥന കൊണ്ട് നടക്കുന്നുണ്ടെങ്കിലും വാക്സിൻ വേണം എന്ന് പറയുന്ന നല്ല കാഴ്ചകൾ ഭാവിയിലേയ്ക്ക് ഗുണം ചെയ്യും. നാട് ശവ പറമ്പാവുന്ന കാഴ്ചകൾ കണ്ടില്ല എന്ന് നടിക്കരുത്. ചിതയിലെ തീ വെളിച്ചമല്ല എന്ന തിരിച്ചറിവ് നല്ലതായിരിക്കും. സഹോദരരുടെ കണ്ണീർ കാണാതിരിക്കുകയും ചെയ്യരുത്. പാട്ടും ഡാൻസും എല്ലാം മനസ്സിന് സന്തോഷം നൽകുന്നതിനൊപ്പം യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാനും സഹായിക്കുന്നു. ഒരു പരിധി വരെ ഭക്തിയും ചെയ്യുന്നത് അത് തന്നെ. ജനനവും മരണവും അനിവാര്യമായ ഒന്ന് തന്നെ. എങ്കിലും മരണം ദുഃഖകരം . ജീവിക്കാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ടെങ്കിലും, ആഗ്രഹം ഒന്ന് കൊണ്ട് മാത്രം നമുക്ക് മുന്നോട്ട് പോകാനാവില്ല. പരസ്പര സഹായം അത്യാവശ്യമുള്ള ഈ സമയത്ത് 'ഞാൻ- നീ' എന്നീ വേർതിരിവ് തുടച്ചു നീക്കാൻ ശ്രമിക്കാം. ജീവനെ മുന്നോട്ട് കൊണ്ടു പോകാൻ സഹായിക്കാം. ആഘോഷങ്ങൾ , കൂടെയുള്ളവരുടെ കരച്ചിൽ കേൾക്കാതിരിക്കാനുള്ള മറ ആവതിരിക്കട്ടെ. പ്രാണ വായു കിട്ടാനും കൊടുക്കാനും ഇല്ലാത്ത ഈ സമയത്ത് കുറ്റപെടുത്തലുകൾ കൊണ്ടും അധികാര ദുർവിനിയോഗം കൊണ്ടും പരസ്പരം തോൽപ്പിക്കാതിരിക്കാം. ഒന്നാമനാവാനും വിജയം കൊയ്യാനുമുള്ള സൂത്രങ്ങളും, സമ്പത്ത് എത്തിക്കാനുള്ള യന്ത്രങ്ങളും സൂക്തങ്ങളും, ദൈവ സംരക്ഷണത്തിനുള്ള മന്ത്രങ്ങളും തന്ത്രങ്ങളും സഹായത്തിന് എത്തുന്നുണ്ടോ? ഉണ്ടെങ്കിൽ നമ്മുടെ അവസ്ഥ ഇത്രയും മോശമാകില്ലായിരുന്നു സഹോദരർ പ്രാണ വായുവിന് വേണ്ടി പിടയുന്നതും കത്തിയെരിയുന്നതും കണ്ടില്ല എന്ന് നടിക്കാനും മനസ്സിന് സുഖം തോന്നുന്ന കാഴ്ചകൾ കാണാനും കേൾക്കാനും പറയുന്നത് അപകടകരമായ ഒരു നീക്കമാണ്. മന്ത്രതന്ത്രങ്ങൾ ചൊല്ലി രക്ഷപ്പെടുന്നവർ ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാ വിഭാഗവും കൊറോണ കുടക്കീഴിൽ വരുന്നുണ്ട്. നാം സ്വീകരിക്കുന്ന ഉപദേശം ശാസ്ത്രീയ അടിസ്ഥാനം ഉള്ളാതാവണം എന്നു ഉറപ്പ് വരുത്തുക." --- ചാരു മതിയാക്കി. , എണ്ണിയാൽ ഒടുങ്ങാത്ത സ്വർഗ്ഗീയ ദൈവങ്ങളും ആൾ ദൈവങ്ങളും ഉള്ള നാട്ടിൽ എന്തു പറയാൻ? Like, comment, subscribe, follow എന്നീ വാക്കുകൾ പറഞ്ഞില്ല. -----------------------------