കുറെ ദിവസങ്ങളായി അടുക്കള താരമായി വിലസുന്നു. പിന്നാമ്പുറത്ത് നിന്നിരുന്നവൾ അരങ്ങ് തകർക്കുന്ന കാഴ്ച കണ്ട് പലരും തങ്ങളുടെ അനുഭവത്തിൽ നിന്ന് വിചാരണകൾ നടത്തുന്നു. തങ്കു ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്തു, എഴുപതുകളുടെ തുടക്കം ആഘോഷിക്കുന്ന തങ്കു ഒരു പാട് അടുക്കളകൾ കണ്ടിട്ടുണ്ട്. തങ്കുവിൻ്റെ വീട്ടിലെ അടുക്കളയിലെ ചമ്മന്തി പലകയായിരുന്നു അന്നു താരം, അതിലെ ഉണക്ക മുളകും കല്ലുപ്പും ചിലപ്പോൾ രണ്ടു തുള്ളി വെളിച്ചെണ്ണയും. വേവിനെകുറിച്ചോ രസത്തെകുറിച്ചോ ആർക്കും ഒരു പരിഭവും ഉണ്ടാകാൻ ഇടയില്ലാത്തവിധം ഉപ്പും മുളകും ഒന്നാകും. പിന്നെ പണിക്ക് പോകുന്ന വീടുകളിലെ അടുക്കളയെ കുറിച്ച് പറയുകയാണെങ്കിൽ എല്ലാ ഭാവങ്ങളും രസങ്ങളും ആർത്തിയും ആർഭാടവും എല്ലാം ചേർന്നതു തന്നെയായിരുന്നു. ഇപ്പോൾ അടുക്കള വീടുകളിൽ ഉണ്ടോ എന്ന് സംശയം തോന്നാറുണ്ട്. ചെറുതും വലുതുമായ ഒരു പാട് അടുക്കളകൾ വഴിയോരത്ത് ഉണ്ടല്ലോ. പൂമുഖത്തും ഊണ് മേശയിലും ഇരുന്ന് ആഘോഷിച്ചിരുന്ന കൂട്ടരെ കാണാൻ ബുദ്ധിമുട്ടാണ് എന്നു തോന്നുന്നു. ഇന്നലെ തന്നെയാണ് എന്ന് തോന്നുന്നു, മാഷിൻ്റെ മരുമകനെ അടുക്കളയിൽ കണ്ടു, തീ കത്തിക്കാതെ തന്നെ കഴിക്കാനുള്ളതു തയ്യാറാക്കുന്നതു കണ്ട കാഴ്ച രസകരമായിരുന്നു. തീയില്ലാത്ത, പുകയില്ലാത്ത, പെണ്ണില്ലാത്ത അടുക്കള. വെറുതെയല്ല തങ്കു ഇനി പുറം പണി മാത്രം ചെയ്താൽ മതി എന്നു മാഷിന്റെ മോളു പറഞ്ഞത്. മാഷും ടീച്ചറും പോയതിൽ പിന്നെ മോളാണ് വീട്ടിൽ താമസം. മോളെയും അധിക സമയം വീട്ടിൽ കാണാറില്ല. കുട്ടികളും ആയിട്ടില്ല . പറഞ്ഞു വന്ന അടുക്കള കാര്യം, അങ്ങനെ ഈ വീട്ടിലെ അടുക്കള ,ചായം തേച്ച് മുഖം മിനുക്കി. ഇപ്പൊ കുറെ നാളായി കുറെ ചെക്കന്മാർ സ്‌കൂട്ടറിൽ പൊതികളുമായി തലങ്ങും വിലങ്ങും പോകുന്നത് കാണാം. രവിയുടെ മോൻ പറഞ്ഞറിഞ്ഞു, നിറമുള്ള അടുക്കളകളിൽ നിന്നെത്തുന്ന നിറമുള്ള ഭക്ഷണം എത്തിക്കുന്നത് ഈ കുട്ടികളാണ് എന്ന്. തങ്കുവിന് ഈ ഇടപാട് വളരെ ഇഷ്ടമായി. തിളച്ച എണ്ണ വീണു പൊള്ളാത്ത കൈകൾ, രസം പോരാത്തതിനു ഊണു മേശയിൽ നിന്നു പറക്കാത്ത പാത്രങൾ , ചൂടു ചായ വീണു പൊള്ളാത്ത മുഖങളും മനസ്സൂം, മൊത്തത്തിൽ ഒരാഘോഷം. കുറച്ചു കാലം ഇങനെ പോകട്ടെ, അപ്പോഴേയ്ക്കും അടുക്കള, പൂമുഖം പോലെ എല്ലവർക്കും ഇരിപ്പിടം ഒരുക്കിയിട്ടുണ്ടാകും. ഇങനെയൊക്കെ ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും പാചകറാണിമാർക്ക് കുറവൊന്നും ഇല്ല എന്നാണറിഞ്ഞത്. സമ്മാനവും കിരീടവും കിട്ടാത്ത കുറച്ചു പേർ ജീവിക്കാൻ വേണ്ടിയും വേറെ ചിലർ തൻ്റെ ജീവനായവർക്കു വേണ്ടിയും അടുക്കള അരങാക്കുന്നു. തങ്കു ഇപ്പോൾ കാഴ്ചകൾക്കായി കണ്ണും മനസ്സുും തുറന്നു കൊടുത്തു. മാറി മാറി വരുന്ന നിറങൾക്കു എന്താ ഭംഗി.