എന്തൊരു ഈണമാണ് ഇന്നത്തെ ഉണർത്തു പാട്ടിനു , വിശ്വസിക്കാനാകുന്നില്ല മനോഹരമായ ഈണം തന്നെ വേഗം വിളിച്ചുണർത്തി, ഉണർത്തി എന്ന് പറഞ്ഞാൽ തെറ്റാകും ഉറങ്ങിയവർക്കല്ലേ ഉണരാൻ പറ്റുകയുള്ളൂ. പഠന കാലത്തെ വിനോദയാത്രയെ ഓർമപ്പെടുത്തുന്നതുപോലെ ഉറക്കമില്ലായ്മ ആയിരുന്നു ഇന്നലെയും. കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു, ജോലികൾ എല്ലാം പെട്ടന്ന് അവസാനിപ്പിച്ചു , സാധാരണയുള്ള എണ്ണിപ്പെറുക്കലുകളോ പരിഭവമോ ഇല്ലാതെ തന്നെ, ഒരു മൂളിപ്പാട്ടിന്റെ ഈണത്തിന് ഒത്തു താൻ ഒഴുകുകയായിരുന്നു. പപ്പയ്ക്കും മക്കൾക്കുമുള്ള ഭക്ഷണം എടുത്തു വച്ചതിനു ശേഷം താൻ ഒരുങ്ങാൻ തുടങ്ങിയപ്പോൾ, ഒരു പരിഹാസ ചോദ്യം, "ഒരു അനാഥ ശാല സന്ദർശനത്തിനാണോ ഇത്രയും സന്തോഷം?" മറുപടി പറഞ്ഞു ആ രസം കൊല്ലിയെ ചൊടിപ്പിക്കണ്ട എന്ന് കരുതാനും മാത്രം എന്റെ മനസ്സിന് സന്തോഷമുണ്ടായിരുന്നു. അത് അനാഥ കുഞ്ഞുങ്ങൾ കാഴ്ച വസ്തുക്കൾ ആയതു കൊണ്ടല്ല, കൂട്ടുകാരുമായുള്ള യാത്ര അത് മാത്രമായിരുന്നു അപ്പോൾ മനസ്സിൽ. താൻ തന്നോട് തന്നെ ചിരിച്ചത് തെറ്റിദ്ധരിച്ചു കൊണ്ട് ആശ്വാസത്തോടെ ചോദ്യകർത്താവ് പിൻവാങ്ങി, വാതിൽ തുറന്നു പുറത്തിറങ്ങി. തന്നെ കാത്തെന്നപോലെ ലിഫ്റ്റ് ഫ്ലോറിൽ തന്നെ ഉണ്ടായിരുന്നു. മഞ്ഞിനേയും ഇരുട്ടിനെയും വകഞ്ഞു മാറ്റി കൊണ്ട് ഒരു കൂട്ടം അമ്മമാരെ കൂട്ടികൊണ്ടു താൻ ഒറ്റയ്ക്ക് റിക്ഷ സ്റ്റാൻഡിൽ എത്തി, മൊബൈൽ ശബ്ദം സോന വഴിയിൽ കാത്തു നിൽക്കുന്നത് അറിയിച്ചു. അനുസരണയുള്ള കുട്ടികളെ പോലെ എല്ലാ അമ്മമാരും ഒത്തുചേരാം എന്ന് പറഞ്ഞിരുന്ന കവലയിൽ എത്തി. ബസിൽ അവരവർക്കു സൗകര്യ പ്രദമായ ഇടം തിരഞ്ഞെടുക്കുന്നതിൽ ഒട്ടു മിക്കവരും വിജയിച്ചു. യാത്രയുടെ തുടക്കം തന്നെ എല്ലാവരും സുഖ സുഷുപ്തിയിൽ ആണ്ടു. ഒരു ദിവസത്തെ ജോലികൾ മുഴുവൻ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് തീർത്ത ക്ഷീണം, വെയിൽ തെളിഞ്ഞു തുടങ്ങിയപ്പോൾ ഓരോരുത്തർ ഉയർത്തെഴുന്നേറ്റു. പ്രാർത്ഥനയോടെ തുടങ്ങി പാട്ടിലും കളികളിലും കളിയാക്കലുകളിലുമായി മുന്നേറി . രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷം ചെന്നെത്തിയത് ഒരു വലിയ കോട്ട വാതിലിനു മുന്നിൽ, ചുറ്റും വിജനമായ പ്രദേശം, ഒട്ടും സ്നേഹമില്ലാത്ത പോലെ. പച്ചപ്പ് പേരിനു മാത്രം, കൃഷിക്കാരൻ ഉപേക്ഷിച്ച ഭൂമി. മനുഷ്യന് അന്നമായി ചെടികളോ ഭൂമിക്ക് തണലായി മരങ്ങളോ ഇല്ലാത്ത മണ്ണ്. ചൂട് കാറ്റും പൊടിപടലവും നിറഞ്ഞ അന്തരീക്ഷം. വരുന്ന വഴികളിൽ കൊച്ചു കൊച്ചു കൂരകളും ഉണങ്ങിയ മനുഷ്യരെയും കണ്ടിരുന്നു. ഞങ്ങളുടെ വരവ് മുൻകൂട്ടി അറിയിച്ചിട്ടും കോട്ടവാതിൽ തുറക്കാത്തത് ആരെയോ ഭയപ്പെട്ടിട്ടായിരിക്കാം. ലീഡറിന്റെ ഫോൺ സന്ദേശത്തിനു ശേഷം നാലോ അഞ്ചോ മിനിറ്റുകൾ കഴിഞ്ഞു, ഒരു കരച്ചിലോടെ കോട്ടയുടെ കവാടം തുറന്നു. പുറത്തെ കാഴ്ച്ചകൾക്ക് വിപരീതമായ ഒരിടം, നിറയെ പൂക്കൾ, കായ്കനികൾ, പച്ചില പന്തലുകൾ. ഉദ്യാന പാലകർ സ്നേഹിച്ച മണ്ണ് തളിർത്തുലഞ്ഞു നിൽക്കുന്നു, ഉദ്യാനത്തിന്റെ പല ഭാഗങ്ങളിലായി ലാളിത്യത്തോടെ തല ഉയർത്തി നിൽക്കുന്ന മൂന്നു കെട്ടിടങ്ങൾ. കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങിയവർ തങ്ങളുടെ ആരെങ്കിലും ഉണ്ടോ എന്നറിയാൻ പതിവ് പോലെ ഇറങ്ങി വന്നു, വെറും കാഴ്ച്ചക്കാരായ ഞങ്ങളെ കണ്ട് എപ്പോഴത്തേയും പോലെ ഇന്നും അവർ നിരാശരായി, എങ്കിലും അവർ ഞങ്ങളെ സ്വീകരിച്ചു, വിപണിയിൽ നിന്ന് വാങ്ങി കൊണ്ട് വന്ന സമ്മാനങ്ങൾ അവർ സന്തോഷത്തോടെ വാങ്ങി , ഇനിയെന്തെങ്കിലും വേണമോ എന്ന് ചോദിക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടില്ല, സ്വന്തം മക്കൾക്ക് വാരിക്കോരി കൊടുക്കുന്നതിനിടയിൽ ഇത്തരക്കാരെ ഒഴിവാക്കേണ്ടതാണ് എന്ന് ഞങ്ങൾക്ക് അറിയാം. ഇനി വരുന്നവർ ഞങ്ങളെ തീർച്ചയായും കൊണ്ടുപോകും എന്ന് അവർ വെറുതെ മോഹിച്ചു, കോട്ട വാതിൽ വീണ്ടും അടഞ്ഞു, നമുക്ക് വേഗം വീട്ടിൽ എത്താം, കുട്ടികൾ വീടെത്തുന്നതിനു മുൻപ് എത്തണം, ഞങ്ങൾ വീണ്ടും സ്വന്തം കുഞ്ഞുങ്ങളുടെ അമ്മമാർ മാത്രമായി.