Wednesday, September 19, 2018

അമ്മയുടെ കത്ത്

                                                         അമ്മയുടെ കത്ത്
                                                          ================


പ്രിയ മക്കൾക്ക് ,

നല്ലതൊന്നും കാണാനോ കേൾക്കാനോ ഇല്ലാതായിട്ട് കുറെ നാളായി, നിങ്ങള്ക്ക് വല്ല ബുദ്ധിമുട്ടും തോന്നുണ്ടോ ?   എല്ലാ സാമൂഹ്യ മാദ്ധ്യമങ്ങളും ഇരയേയും വേട്ടക്കാരനെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇര ആരെന്നും വേട്ടക്കാരൻ ആരെന്നും അന്വേഷണ സംഘം അന്വേഷിക്കട്ടെ. എങ്കിലും അമ്മയുടെ അറിവ് അനുസരിച്ചു അമ്മയുടെ വർഗ്ഗം വേട്ടയാട പെടുക എന്നത് വളരെ സാധാരണമായി കൊണ്ടിരിക്കുന്നു. പകൽ പഠിക്കാൻ പോയ പെൺകുട്ടി മുതൽ രാത്രി സിനിമ കാണാൻ പോയവർ വരെ ഇതിൽ പെടുന്നു. ഇത്രയും വെറുക്ക പെട്ടത് എങ്ങനെ എന്ന് മനസ്സിലാവുന്നില്ല,   പെൺ രൂപത്തെ ദൈവമായി പ്രതിഷ്‌ഠിച്ച  ഒരുപാട് മന്ദിരങ്ങൾ നമുക്കുണ്ട്. ശക്തിയായി, അറിവായി എല്ലാം നാം  അവരെ അംഗീകരിക്കുന്നു. അതെല്ലാം കൽ പ്രതിമകൾ അല്ലേ ,  ജീവനുള്ളവയെ ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും ആയി തോന്നുന്നില്ലായിരിക്കാം . ഭിക്ഷക്കാരൻ മുതൽ ആത്മീയ ആചാര്യൻ വരെ പെണ്ണുടൽ മാത്രമേ കാണുന്നുള്ളൂ എന്ന് തോന്നുന്നു .   അവളിലെ അമ്മയെയോ സഹോദരിയെയോ കാണാൻ  കഴിയുന്നില്ല എന്നോർക്കുമ്പോൾ ഭയം തോന്നുന്നു.  ഒരു പെൺകുട്ടിപോലും ആൺ വർഗ്ഗത്തെ പേടിച്ച് വീട്ടു തടങ്കലിൽ അടയ്ക്കപ്പെടരുത് . നിങ്ങൾ കാണുന്ന കാഴ്ചകളും നിറങ്ങളും അവർക്കും അവകാശപെട്ടതാണ് എന്ന് മറക്കരുത്. ഭീഷണി പെടുത്തിയും ഭയപെടുത്തിയും അവരിൽ നിന്ന് ഒന്നും കവർന്നെടുക്കാതിരിക്കുക. നല്ല അമ്മയായി, സഹോദരിയായി , ഭാര്യയായി ,സുഹൃത്തായി, അഗതികളുടെ അമ്മയായി ഒക്കെ അവരും ജീവിക്കട്ടെ. ഇത്രയും എന്റെ ആൺകുട്ടികളോട്  പറയുമ്പോൾ എന്റെ പെണ്മക്കളോട്  ഒരേ ഒരു കാര്യം മാത്രമേ പറയാനുള്ളൂ , സ്വന്തം ശക്തി തിരിച്ചറിയൂ ,  അത് ആരെയും തോൽപിക്കാനോ തകർത്തെറിയാനോ  അല്ല , പടുത്തുയർത്താനും രക്ഷപെടുത്താനും ആണെന്ന് മറക്കാതിരിക്കുക .


Thursday, August 16, 2018

'ആൾ ദൈവങ്ങൾ' എവിടെ?

ദൈവത്തിന്റെ മൊത്ത വിതരണക്കാരേയും കച്ചവടക്കാരെയും അന്വേഷിച്ചു അമ്മു മടുത്തു .  മഴക്കെടുതിയിൽ നിന്ന് അമ്മുവിൻറെ സഹോദരങ്ങളെ രക്ഷിക്കാൻ എന്തെങ്കിലും കുറുക്കു വഴിയുണ്ടോ ?  ഏതു ദൈവത്തിന്റെ ജപങ്ങളാണ് ഞാൻ ചൊല്ലേണ്ടത് ? ഏതു ആരാധനാലയത്തിലാണ് അഭയം
തേടേണ്ടത് ?   ആർക്കെങ്കിലും ദർശനങ്ങൾ കിട്ടിയിരുന്നോ ?  എങ്കിൽ ഈ പാവം ജനതയെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാമായിരുന്നില്ലേ? മാറാരോഗങ്ങൾ നിങ്ങളുടെ പ്രാർത്ഥന കൊണ്ടല്ലേ മാറിയിരുന്നത്? കുട്ടികളുടെ ഉയർന്ന മാർക്ക്, ജോലി, താമസിക്കാനുള്ള 'കൊട്ടാരങ്ങൾ '  ഇവയ്‌ക്കെല്ലാം പ്രത്യേകം പ്രത്യേകം കുറുക്കു വഴികൾ ഉണ്ടായിരുന്നില്ലേ? ചത്തൊടുങ്ങിയതും ചത്തൊടുങ്ങാനുള്ളതും നശിച്ചതും നശിക്കാനുള്ളതും നല്ലതിനായിരുന്നു എന്ന് പറഞ്ഞു കൊണ്ട് നിങ്ങൾ നിങ്ങളുടെ നില ഭദ്രമാക്കും  എന്നറിയാം.ഞങ്ങൾ സാധാരണ ജനങ്ങൾക്കു ദൈവ ഭാഷ അറിയാത്തതു കൊണ്ട് നിങ്ങൾ ഞങ്ങളുടെ സന്ദേശവാഹകരാണെന്നു തെറ്റിദ്ധരിപ്പിച്ചു  സ്വരുക്കൂട്ടിയ പണം തിരികെ തരാൻ പറ്റില്ല എന്നറിയാം,  എങ്കിലും പുറകെ കൂട്ടിയ ജനങ്ങളെ തിരിച്ചു പറഞ്ഞയക്കുമെന്നു കരുതുന്നു.


Tuesday, January 23, 2018

നല്ല കള്ളൻ

                                                        

കക്കുന്നത്  തെറ്റാണെന്നു എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നു.   അടുത്ത പറമ്പിൽ നിന്ന് കശു മാങ്ങാ കൊണ്ടുവന്ന അന്ന് തന്നെ ശപഥം ചെയ്തിരുന്നു, ഇനി കളവ് ഇല്ല എന്ന് . ഇഷ്ടപെട്ട ഒരു പെൻസിൽ  വീട്ടിലേയ്ക്ക് കൊണ്ട് വന്നപ്പോൾ ,  കിട്ടിയ അടിയുടെ പാട് ഇപ്പോഴും തുടയിൽ ഉണ്ട്.  അന്നും ഇന്നും ആരോ ഇട്ടു പഴകിയ യൂണിഫോം, നടന്നു തേഞ്ഞ ചെരിപ്പുകൾ, ഭാരം താങ്ങി ജീവിതം മടുത്ത ബാഗ് ഇവയാണ് തനിക്ക് സ്കൂളിലേയ്‌ക്കുള്ള കൂട്ട് .  ഒരു നല്ല ചെരിപ്പിനായി ചോദിച്ചപ്പോൾ പൊട്ടി കരഞ്ഞ അച്ഛന്റെ  മുഖം, പിന്നീടൊരിക്കലും ഒന്നും ചോദിക്കാതിരിക്കാൻ അപ്പുവിനെ സഹായിച്ചു.

മുറിയുടെ ഒഴിഞ്ഞ കോണിൽ ഒരു തുണികൂമ്പാരമായി ഇരിക്കുന്ന അച്ഛൻ , അച്ഛനെന്താ ഇങ്ങനെ എന്ന ചോദ്യത്തിന് അമ്മയുടെ മറുപടി " വളർത്തിയ തള്ളയോട് ചോദിക്ക്",   "എന്റെ മോന് വയ്യ , പാവം കുട്ടി " എന്ന് അച്ഛമ്മ .
ഇവരുടെ കൂടെ താനും തന്റെ പൊന്നനിയത്തിയും .അവളെ നല്ല ചന്തത്തിൽ നടത്താൻ  ഒരു നല്ല ഉടുപ്പ് പോലുമില്ല, ഒരിക്കൽ അവൾ കാലിൽ കൊലുസിന്റെ ചിത്രം വരയ്ക്കുന്നത് കണ്ടു, നല്ല ശേലായിരുന്നു , പക്ഷെ അതിലെ മുത്തുമണികൾക്ക് അവളുടെ കൊഞ്ചൽ പോലെ ശബ്ദമുണ്ടാക്കാൻ പറ്റില്ലല്ലോ ?   വര്ഷങ്ങള്ക്കു മുൻപ് ഒരു കലോത്സവത്തിൽ അവളെയും കൂട്ടി, ആരുടേയോ ഒഴിവിൽ.  ഉടുപ്പും മറ്റു അലങ്കാരങ്ങളും അവർ തരാം  എന്നേറ്റതു കൊണ്ട് അമ്മ സമ്മതം മൂളി .  എന്നും അവൾ ചോദിക്കും, ഉടുപ്പ് തന്നോ ? ഏതു നിറത്തിലെ മാലയാണ്, കൊലുസുകളിൽ ധാരാളം മണികൾ ഉണ്ടോ ?  എല്ലാം നേരമാവുമ്പോൾ കിട്ടും എന്ന അമ്മയുടെ മറുപടി, അവളെ തൃപ്തയാക്കും.
അടുത്ത കടകളിൽ കണക്കെഴുതി  തളർന്നു വരുന്ന അമ്മയുടെ ശബ്ദവും തളർന്നതായിരിക്കും, എങ്കിലും ഞങ്ങൾക്കായി എന്തെങ്കിലും പലഹാരം കൊണ്ടു വരാൻ മറക്കാറില്ല.   വീട്ടിലെത്തിയാൽ പിന്നെ അടുക്കളയാണ് അമ്മയുടെ ലോകം,  കഞ്ഞി കാലമായോ എന്നറിയാൻ ഇടയ്ക്കിടെ അച്ഛമ്മ അടുക്കളയിലേക്ക് എത്തി നോക്കും, കഞ്ഞിയ്ക്കു പകരം ശകാരവർഷങ്ങൾ, തിരിച്ചു ശാപവാക്കുകൾ , ഇതിനിടയിൽ അച്ഛന്റെ കരച്ചിൽ, "എനിക്കാരുമില്ലേ ,  എനിക്കൊന്നുമില്ലേ , എനിക്കാരുമില്ലേ .....", ഒച്ച വച്ച് തളരുമ്പോൾ വീണ്ടും  തുണികൂമ്പാരമായി മാറും.  അയൽ വീടുകളിൽ പല തരത്തിലെ സന്ധ്യ   പ്രാർത്ഥനകളിൽ മുഴുകുന്നവർ ഞങ്ങളുടെ വീട്ടിലെ അപശബ്ദങ്ങളിൽ നിന്നും രോദനങ്ങളിൽ നിന്നും അകന്നു നിന്നു .

ദീപമോളും ഞങ്ങളും കാത്തിരുന്ന ദിവസം എത്തി, കലോത്സവ ദിവസം, കലയും ആർഭാടവും മത്സരവും കൈ കോർക്കുന്ന ദിവസം.  ആരോ തന്ന ഉടുപ്പും മാലയും വളകളും കൊലുസുകളും അണിഞ്ഞു അവൾ എന്റെ അടുത്തേയ്ക്കു ഓടി വന്നു, എന്ത് തിളക്കമായിരുന്നു, അവളുടെ കണ്ണുകളിൽ, അമ്മയുടെ നിറഞ്ഞ കണ്ണുകളിൽ ആദ്യമായി പുഞ്ചിരി വിടർന്നു. എന്നും ഇങ്ങനെ ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു.  സന്തോഷം അധികം നീണ്ടു നിന്നില്ല, മത്സരം കഴിഞ്ഞു, ആടയാഭരണങ്ങൾ അഴിച്ചു അമ്മ ഒരു ബാഗിൽ വച്ചു ,  ദീപ മോൾ വീണ്ടും മുഷിഞ്ഞ യൂണിഫോമിനുള്ളിലായി . അവൾ ഒന്നും ചോദിക്കാതെ തന്നെ അമ്മ പറഞ്ഞു "'അമ്മ പുതിയതൊന്ന് വാങ്ങി തരാം, ഇത് നമ്മുടെയല്ലല്ലോ ?"  ബാഗിൽ നിന്ന് ഞാൻ കൊലുസുകൾ എടുത്തു, ആരും കണ്ടില്ല എന്ന് ഉറപ്പു വരുത്തി .  അതൊരു തുടക്കം മാത്രമായിരുന്നു. തളർന്നിരിക്കുന്ന അച്ഛന്റെ കയ്യിലേക്ക് , അച്ഛമ്മയുടെ  മരുന്ന് പെട്ടിയിലേയ്ക്ക്, ദീപമോളുടെ മോഹങ്ങളിലേയ്ക്ക് ,അമ്മയുടെ തീരാ ദു:ഖങ്ങളിലേയ്ക്ക്  എല്ലാം തന്നാൽ കഴിയുന്ന വിധം ആശ്വാസം നിറച്ചു .