Saturday, October 29, 2016

ഞങ്ങളിലെ നിങ്ങളും നിങ്ങളിലെ ഞങ്ങളും

എന്നെയും കൂട്ടുകാരെയും ഇന്ന് നിങ്ങളുടെ കൂട്ടർ കല്ലെറിഞ്ഞു,  എന്റെ കാലൊടിഞ്ഞു. എങ്ങനെയോ ഞാൻ രക്ഷപെട്ടു.  പക്ഷെ എന്റെ വർഗ്ഗ ത്തിൽ പെട്ട മറ്റു  പലരും നിങ്ങളുടെ കയ്യിലെ കല്ല് കൊണ്ടും, വടി  കൊണ്ടും മറ്റ് പല ഉപകരണങ്ങളും കൊണ്ട് മരിക്കുന്നുണ്ട്.  നിങ്ങൾക്ക് എന്ത് പറ്റി ?  നിങ്ങൾക്ക് കാവലായാണല്ലോ ഞങളെ കൂടെ കൂട്ടിയത്,  ഞങ്ങൾക്ക് അതിൽ അഭിമാനവും ഉണ്ട്.  നിങ്ങൾ തരുന്ന ഭക്ഷണവും കഴിച്ചു നിങ്ങളുടെ കാവൽക്കാരായി ഞങ്ങളുടെ വർഗ്ഗം.  അനുസരണയോടെ ഞങ്ങൾ ഇപ്പോഴും നിങ്ങളുടെ കൂടെയുണ്ട്.    ഈയടുത്തതായി  എണ്ണത്തിൽ ഞങൾ കുറെയേറെ വർദ്ധിച്ചു.  ജനന നിയന്ത്രണം അറിയാത്തതു കൊണ്ടായിരിക്കും.

വഴിയോരം മുഴുവൻ ഞങ്ങൾക്കുള്ള ഭക്ഷണം കൊണ്ട് ചീഞ്ഞു നാറുന്നു. എവിടെയും ഇറച്ചി തുണ്ടുകളും എല്ലുകളും  മറ്റു ഭക്ഷണങ്ങളും.  നിങ്ങളിൽ പലരും മൂക്ക് പൊത്തി നടക്കുന്നത് കണ്ടിട്ടുണ്ട്. ആരും വൃത്തിയാക്കാറില്ല . പൊതു നിരത്തിൽ ഞങൾ കടിപിടി കൂടാൻ തുടങ്ങി , നിങ്ങൾ കണ്ടില്ല എന്ന് നടിച്ചു .   ഏതോ ഒരു ഉപകരണം ചെവിയിൽ തിരുകി കൈയ്യിൽ മറ്റൊന്ന് പിടിച്ച് ചിരിച്ചും അട്ടഹസിച്ചും ആക്രോശിച്ചും  നിങ്ങൾ കടന്നു പോവുന്നു.
ഞങ്ങളിൽ മുന്തിയ വർഗ്ഗം എന്ന് നിങ്ങൾ കരുതിയവ നിങ്ങളുടെ മെത്തയിലും എത്തി. അവരുടെ ജീവിതം സുഖപ്രദമായി.   നിങ്ങൾ അവേരയും കൊണ്ട് നടക്കാനിറങ്ങുംമ്പോൾ ഞങ്ങൾക്കും എന്തെങ്കിലും തരുന്നത് പതിവാക്കി.

നിങ്ങളുടെ വർഗ്ഗത്തിൽ പെട്ട കുട്ടികളെയും  മുതിർന്നവരെയും  ചില വഴി വക്കുകകളിലും  ആരാധനാലയങ്ങളുടെ പരിസരത്തും കാണാറുണ്ട്,  അവരെ നിങ്ങൾ ആട്ടി പായിക്കുന്നത് എന്തിനാണ്?,   അവരും ഉപദ്രവകാരികളാണോ? അവരിൽ ചിലർ ഞങ്ങളുടെ കൂടെ ചവറ്റു കൂനകളിൽ തിരയാറുണ്ട്.  ഞങ്ങളും അവരും തമ്മിൽ മത്സരിക്കും,   ഒരു തുണ്ടു അപ്പ കഷണത്തിനായി.   ഒരിക്കൽ ഞങ്ങളുടെ വർഗ്ഗത്തിലെ ചിലരെ നിങ്ങൾ നല്ല വസ്ത്രങ്ങൾ അണിയിച്ച് നിങ്ങളെ പോലെ സുന്ദരന്മാരും സുന്ദരികളും ആക്കി കൊണ്ട് പോകുന്നത് കണ്ടു, നല്ല ശേലായിരുന്നു,  അവർ  വർഗ്ഗ സ്നേഹം കാണിക്കാൻ ഒരുങ്ങി, പക്ഷെ നിങ്ങൾ അത് തടഞ്ഞു.   എന്നെ അവർ ആട്ടി പായിച്ചു,   ഞാൻ വീണ്ടും വഴിയോര ഭക്ഷണം തേടി എത്തി.  അവിടെയുള്ളത് തികയാത്ത അത്രയും ഞങ്ങളുടെ എണ്ണം വർദ്ധിച്ചു. നിങ്ങൾ പല തരം സഞ്ചിയുമായി അവിടെ എത്തും. ഇപ്പോൾ ഞങ്ങൾ ആരുടെ കയ്യിൽ സഞ്ചി കണ്ടാലും പുറകെ കൂടി അത് മാന്തി പറിച്ചെടുക്കും.   ചിലരെങ്കിലും നിങ്ങളെ ഉപദ്രവിക്കാൻ തുടങ്ങി അല്ലേ ?  ഞങ്ങൾ വളരെ അക്രമകാരികളായി  അല്ലേ ? നിങ്ങളിലും ഞങ്ങളുടെ സ്വഭാവമുള്ളവർ കൂടി വരികയാണല്ലോ?   ഇനി ഞങ്ങളെ കൊന്നുടുക്കുകയല്ലാതെ വേറെ മാർഗ്ഗം ഒന്നും ഇല്ല അല്ലേ ?   അതിൽ വിരോധമൊന്നുമില്ല.  ഞങ്ങളുടെ മരണം നിങ്ങളുടെ കൈ കൊണ്ടാവുന്നതു നല്ലതു തന്നെ.   കൊല്ലാതെ വേറെ മാർഗ്ഗം വല്ലതും ഉണ്ടോ എന്ന് നോക്കുമെന്നു കരുതുന്നു. നിങ്ങൾ വളരെ ബുദ്ധിയുള്ളവരാണല്ലോ?   നിങ്ങൾ വഴിയോരത്ത് നിക്ഷേപിക്കുന്നവ തിന്നാൻ കാക്കയും മറ്റു ജീവികളും മാത്രം മതിയാവുമോ?