Wednesday, March 25, 2015

മൌനം ദു:ഖമാണുണ്ണീ ........


ചെറിയ  ചെറിയ മുറികൾ ,  ജയിലേതെന്നു  തോന്നിക്കുന്നവ,  അല്ല ജയിൽ തന്നെ. ഇവരാരും കുറ്റം ചെയ്തവരല്ല ,  'മനോരോഗികൾ '  എന്ന് മുദ്ര കുത്തപെട്ടവർ .  നാട്ടുകാർ ,വീട്ടുകാർ, അങ്ങനെ  പലരും  പറഞ്ഞപ്പോൾ
 ഡോക്ട റും    സമ്മതിച്ചു.   കൂട്ടിലടയ്ക്കാൻ  അധികം  താമസിച്ചില്ല.
പലരും കൈ നീട്ടി തൊടുവാൻ ശ്രമിച്ചു,  അമ്മു അടക്കമുള്ള  സന്ദർശകർ  പിന്മാറി.   അക്രമ സ്വഭാവം  ഉള്ളവരാണ് അധികവും എന്ന് പറഞ്ഞിരുന്നു.
കൂട്ടിൽ കിടക്കുന്നവർ  ആരെ ആക്രമിക്കാൻ?  അവരുടെയും  ഞങ്ങളുടേയും  മുഖത്ത് ഒരേ ഭാവമായിരുന്നു.  പരസ്പരം പേടി,  അകൽച്ച .


ഈ കൂട്ടത്തിൽ  അമ്മു ഒരേ ഒരു മുഖം തിരയുകയായിരുന്നു,   അതിനു വേണ്ടിയാണു  ഈ  യാത്രയെന്നു കൂടെയുളളവർക്ക്   അറിയാത്തത് ഭാഗ്യം. കുഞ്ഞുമോൾ  ഇതിൽ ഇതു മുറിയിലാണ്  ആവോ ,  തനിക്കു കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമോ ?   ഇരുപതു വർഷം മുൻപ്  കണ്ടതാണ്.  അന്ന് അവൾക്കു പതിനാറോ പതിനേഴോ  വയസ്സ് കാണും.   അവളുടെ  സ്വരം വീണ്ടും  കാതുകളിൽ എത്തി.  ഇരുപതു  വർഷം കൊണ്ടു  മായിച്ചു കളയാൻ പറ്റാത്ത ഓർമകൾ .   ജന്മം നൽകിയവർക്ക്  വളർത്താൻ കഴിവില്ലാഞ്ഞിട്ടോ ,
അതോ  അപ്പയുടെ  ലോകത്തിൽ  ഭാര്യയും മക്കളും ഇല്ലാതിരുന്നിട്ടോ ?   കുഞുമോൾക്കും  ഒന്നും മനസ്സിലായില്ല.   വീടു പുറത്ത് നിന്ന് പൂട്ടി പോകുന്ന അപ്പ ,   അപ്പ തിരിച്ചെ ത്തുന്നതുവരെ  അമ്മയും മക്കളും വീടിനകത്ത്,  തുരുമ്പ് പിടിച്ച വിജാഗിരികളുടെ  അകമ്പടിയോടെ  അകത്ത് കടക്കുന്ന വെളിച്ചത്തേയും  അപ്പയുടെ കയ്യിലെ പൊതിചോറും   കാത്തിരുന്നു.  ഒരിക്കൽ ചേട്ടൻ  ചോദിച്ചത്രെ  അപ്പയുടെ കൂടെ വരട്ടെ എന്ന്, മറുപടി കിട്ടിയില്ല . പിന്നീട് ആരും ഒന്ന് ചോദിച്ചില്ല.  അകത്തു നിന്ന് തുറക്കാവുന്ന ജനൽ പാളികളെ കുറിച്ചു പോലും  അവർ മറന്നിരുന്നു.     അകത്തു നിന്ന് പുറത്ത് കടന്നിട്ടില്ലെങ്കിലും കുഞ്ഞുമോൾ  വലിയമോളായതു അറിഞ്ഞ  ചിലരുടെ  പരാക്രമത്തിൽ  നിന്ന് രക്ഷിക്കാൻ  വലിയ  താഴിട്ടു പൂട്ടിയ വാതിലിനോ  അമ്മയ്ക്കോ ചേട്ടനോ  കഴിഞ്ഞില്ല.   അതോടെ  വീടു പൂട്ടുന്ന ജോലി അപ്പയ്ക്ക്‌ കുറഞ്ഞു കിട്ടി.    ഇത്രയും കേട്ടപ്പോൾ  അവൾക്കു കൊടുക്കാൻ  കൊണ്ടു വന്ന  കുപ്പി വളകൾ തന്റെ കയ്യിൽ  നിന്ന് താഴെ വീണു  പൊട്ടി ചിതറി .   അവളിൽ ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു.


തുറന്നു കിടന്ന വീട്ടിൽ ക്ഷേമാന്വേഷ കരുടെ  എണ്ണം  കൂടിയപ്പോൾ ആരുടേയോ നല്ല മനസ്സ്  ഈ മുറിക്കുള്ളിൽ അവൾക്കു സുരക്ഷ നല്കി.  ഇവിടെ അവൾ 'മനോരോഗി'   ആണെങ്കിലും സുരക്ഷിതയാണ്.  ഇടയ്ക്കു  പഠി ക്കാനും  അറിയാനും സഹതപിക്കുവാനുമായി   ചിലർ   എത്തും  എന്നു മാത്രം.
തന്റെ ചിന്തകൾക്ക്  ഒരു വിരാമമായി,  'ചേച്ചി' എന്ന വിളി ,   കുഞ്ഞുമോളെ  കണ്ട സന്തോഷം പുറത്ത് കാണിക്കാൻ തന്റെ  ദുരഭിമാനം സമ്മതിച്ചില്ല.   ആരാ,  എന്താ  എന്നാ ചോദ്യങ്ങള്ക്ക്  തനിക്കു മറുപടിയില്ലായിരുന്നു.   ഇവൾ
ആരെ കണ്ടാലും  ചേച്ചി  എന്നാണു  വിളിക്കാറ്,    'മാഡം '   അത് കാര്യമാക്കണ്ട എന്ന്  വാർഡൻ,  തന്റെ കുറ്റബോധത്തെ ഒരു മൌനത്തിൽ ഒളിപ്പിക്കാൻ കഴിഞ്ഞു.