Wednesday, November 26, 2014

വൃത്തിയാക്കാൻ വേണ്ടി വൃത്തി കേടാക്കുന്നവർ

ഇന്ന് അമ്മുവിൻറെ  സ്കൂൾ  " സ്വച്ഛതാ  അഭിയാ൯"  ന്റെ    ഭാഗമാകാൻ തീരുമാനിച്ചു.    അതിന്റെ  ആദ്യ പടിയായി  അമ്മുവിനേയും  കൂട്ടുക്കാരേയും  ഏകദേശം പതിനൊന്നു  മണിയോടെ  സ്കൂളിനടുത്തുള്ള  പാതയോരത്ത്  നിർത്തി,   ചൂലുകളും  ഞങ്ങളുടെ  കൈയ്യിൽ  ഉണ്ടായിരുന്നു .  അധ്യാപകരും  മാർഗ്ഗ നിർദേശികളായി  ഉണ്ടായിരുന്നു.   മുൻസിപാലിറ്റിക്കാർ  വൃത്തിയാക്കിയിട്ട്‌  അധിക നേരം  ആയിരുന്നില്ല ,   അതിനാൽ  ഞങ്ങളുടെ  ചൂലുകൾക്ക്  നിലം തൊടേണ്ടി  വന്നില്ല .സ്കൂൾ  അധികാരികൾ  കൊണ്ടുവന്ന  ഫോട്ടോഗ്രാഫർ  സമയത്ത് തന്നെ എത്തി , ഞങ്ങളുടെ  ചൂലുകൾ  പ്രവർത്തിക്കാൻ  തുടങ്ങി.  പ്രധാന അധ്യാപിക  അമ്മുവിൻറെ  ചൂൽ വാങ്ങി,  ക്യാമറ  കണ്ണുകൾ  'വൃത്തിയാക്കൽ'  ഒപ്പിയെടുത്തതിനുശേഷം ചൂൽ തിരികെ  നല്കുകയും  ചെയ്തു.  കുറെ നേരം കൂടി ,ആരെയോ  പ്രതീക്ഷിക്കുന്ന  മട്ടിൽ ഞങ്ങൾ വെയിലത്ത്  നിന്നു,   വഴിയാത്രക്കാർക്ക് ഞങ്ങൾ  ഒരു കാഴ്ച്ചയായി.   ക്ഷീണമകറ്റാൻ  കിട്ടിയ  ലഘു ഭക്ഷണത്തിന്റേയും  പാനിയത്തിന്റേയും   അവശിഷ്ടങ്ങൾ  ചവറ്റുകൊട്ട  അന്വേഷിച്ചു പോയില്ല.  





വൃത്തിയാക്കാൻ  ആരെങ്കിലും  വരുമല്ലോ?
വരും,  വരാതിരിക്കില്ല .

Wednesday, October 22, 2014

ഒരു കുഞ്ഞു ഹൃദയം

കയ്യിൽ കൊടുത്ത ഒരു കളിപാട്ടം ,   (ഒരു പൊട്ടിയ വാട്ടർ  ബോട്ടിലിന്റെ  ഭാഗം)  കടിച്ചു പിടിച്ചു കൊണ്ട് ,    അവന്റെ കയ്യിലുണ്ടായിരുന്ന   കിലുക്ക  അതിലിട്ട്  ശബ്ദമുണ്ടാക്കി  കളിച്ചു  കൊണ്ടിരിക്കുകയാണ്  അപ്പു.   ഓരോ പ്രവശ്യം  കിലുക്ക  താഴെ വീഴുമ്പോഴും  അവൻ  അത്  തിരിച്ചു എടുക്കുകയും  ഇടുകയും  ചെയ്യുന്നുണ്ട് .    ആരുടേയും സഹായത്തിനായി  അവൻ  കാത്തു  നില്ക്കുന്നില്ല .    പക്ഷെ  അവനു  ആവശ്യമുള്ള  ഒരു  സഹായം  നമ്മുടെ  അംഗീകാരം, അതും  കയ്യടി മാത്രം .   കയ്യടിയുടെ  ശബ്ദം  അവനെ ഒരു പാടു സന്തോഷിപ്പിക്കുന്നുണ്ട് ,   അതിനു പകരമായി  അവൻ മനോഹരമായി  ചിരിക്കും .    അവന്റെ  വിജയത്തിൽ  അവനും  സ്വയം  പ്രോത്സാഹിപ്പിക്കുകയും  അംഗീകരിക്കുകയും  ചെയ്യും,   അതാണു  അവനു  സ്വന്തം കയ്യടി.  പലപ്പോഴും  ഞാനും കയ്യടിച്ചിരുന്നു ,  മറന്ന  അവസരങ്ങളിൽ  എന്നെ ഓർമപെടുത്താൻ  അവൻ മറന്നില്ല ,   അവന്റെ  'മ്മ '  വിളി  അതിനായിരുന്നു.    'delayed  milestone '    അതായിരുന്നു അവന്റെ  പ്രശ്നം .ഒരു മണിക്കൂർ കഴിഞ്ഞു  ഞാനും  അവനും  ഈ കളി തുടങ്ങിയിട്ട്.    യാതൊരു മടുപ്പും  അവനില്ല .  മകന്റെ ആദ്യത്തെ  പ്രോഗ്രസ്സ്  റിപ്പോർട്ട്  വാങ്ങാൻ  വളരെ  സന്തോഷത്തോടെയാണു  അവൾ പോയിരിക്കുന്നത് .   മകനെ  തന്റെയടുത്ത്  ഇരിക്കുമോ  എന്ന പേടി  ഉണ്ടായിരിന്നു. അവൻ വാശി പിടിച്ചാൽ  എന്ത് ചെയ്യുമെന്ന  പേടി  ഉള്ളിലൊതുക്കി  താൻ  അവനെ കൂടെയിരുത്തി.   അവന്റെ  വിഷമം  അവതരിപ്പിക്കാൻ  അവൻ  വളർന്നിട്ടില്ലല്ലോ ?   ഇഷ്ടപെട്ട  പാട്ടുകൾ  വച്ചു കൊടുക്കാൻ ഞാൻ ശ്രദ്ധിച്ചു .  അവന്റെ  അമ്മയുടെ  ആകുലതയും നിസ്സഹായതയും  മനസ്സിലാക്കിയിട്ടെന്ന  പോലെ  അവൻ  ആരേയും  ശല്യപെടുത്താതെ  കളിയിലും പാട്ടിലും എന്റെ കയ്യടിയിലും  ആഹ്ലാദിച്ചു.   ഓരോ  കയ്യടിക്കും  അക്ഷരമില്ലാത്ത  ഭാഷയിൽ  അവൻ  നന്ദി  പറഞ്ഞു കൊണ്ടിരുന്നു.   'delayed milestone '    ആയതു കൊണ്ടായിരിക്കാം  അവൻ  നന്ദി പറയാൻ  മടി  കാണിക്കാഞ്ഞത്.



Thursday, October 16, 2014

നന്ദിയാരോടു ചൊല്ലിടും ......

അണ്ഡ  ശീതികരണം  ഏറ്റെടുത്ത ആപ്പിളിനും  ഫേസ്ബുക്കിനും  നന്ദി....   പെണ് ബുദ്ധികളെ  അവർക്ക്  ആവശ്യമുണ്ട് .   കുട്ടികളെ  നോക്കി  പാഴാകേണ്ടതല്ല  പെണ്‍ബുദ്ധികൾ .  ഔദ്യോഗിക  ജീവിതം  മടുക്കുമ്പോൾ,  അല്ലെങ്കിൽ  കുട്ടികളെ നോക്കാൻ സമയമുണ്ടാകുമ്പോൾ , ശീതികരിച്ച  അണ്ഡം ഉപയോഗിച്ചു  നല്ല  കുട്ടികളെ  സൃഷ്ടിക്കാം ,     രക്തം ഊറ്റി കുടിച്ചവർ  നല്കിയ നാണയത്തുട്ടുകൾ  അവർക്ക് സമ്മാനമായി  നല്കാം .

പഴയ ഒരു കഥ ഓർമയുണ്ടോ ,    ഓടിയെടുക്കാൻ  കഴിയുന്നത്ര  ഭൂമി  എടുത്തോളാൻ പറഞ്ഞപ്പോൾ  മരണം വരെ ഓടിയ മൂഢന്റെ  കഥ.




Sunday, October 5, 2014

കണ്ണടച്ചു ഇരുട്ടാക്കരുതേ.....

ഗാനഗന്ധർവ്വൻ യേശുദാസ്  എന്താണു പറയാൻ  ഉദേശിച്ചതു  എന്ന്  എല്ലാവർക്കും മനസ്സിലായിട്ടുണ്ട്.   എങ്കിലും എന്തിനീ  പ്രഹസനങ്ങൾ .      ആരെങ്കിലും  കല്ലെറിയാൻ കാത്തിരിക്കുകയായിരുന്നോ  , കൂട്ടെത്തിൽ  എറിയാൻ .    വീട്ടിലെ ഒരു മുതിർന്ന  ആൾ മറ്റുള്ളവരോടു  പറയാൻ ശ്രമിച്ച  ഒരു  കാര്യത്തിൽ  പറ്റിയ ചെറിയ പിഴവിനെ  ഇത്രയ്ക്കും  വഷളാക്കാൻ  മാത്രം എന്ത് ദ്രോഹമാണ്  അദ്ദേഹം  ചെയ്തത് .   

Wednesday, September 24, 2014

മഖ്‌സൂദ് -ഇന്ത്യ-ചൊവ്വ

മംഗൾയാൻ  ചൊവ്വയുടെ   ഭ്രമണ  പഥത്തിൽ എത്തിക്കാൻ സഹായിച്ച ഓരോ വ്യക്തിക്കും ആശംസകൾ .  

 മഖ്‌സൂദ്  എന്ന  പത്തൊൻപതുകാരനെ  കടുവ കൂട്ടിൽ  നിന്ന് രക്ഷിക്കാൻ  ഇതിലും  ബുദ്ധിമുട്ടുണ്ടായിരുന്നോ ?
മയക്കു വെടി  പോലും എളുപ്പം കിട്ടവുന്നതരത്തിൽ സൂക്ഷിക്കാനോ  ,    ഏതെങ്കിലും തരത്തിൽ രക്ഷിക്കാനോ  കഴിഞ്ഞില്ല,   പത്തു മിനിട്ട്  കടുവ കാത്തിരുന്നു,   എന്നാണു  റിപ്പോർട്ടുകൾ  പറയുന്നത്,  മനുഷ്യർക്ക്‌  നല്ല ബുദ്ധിയല്ലേ,  അവരുടെ  ആള്ക്കാരെ  രക്ഷിക്കും  എന്ന്  പാവം കടുവ  കരുതി.


 മഖ്സൂദിനോട്  കടുവ കൂട്ടിലേക്കു  ചാടാനോ  വീഴാനോ  ആരും പറഞ്ഞില്ലല്ലോ  അല്ലേ?  

Saturday, September 20, 2014

സ്വാതന്ത്ര്യം

അന്നുമോളുടെ   അനായാസമായ കുത്തികുറിക്കലുകളിൽ  അമ്മുവിന്  അസൂയ  തോന്നി തുടങ്ങി .    മനസ്സിൽ  തോന്നിയതെല്ലാം  അവൾ  പുസ്തക  താളുകളിലാക്കുന്നുണ്ട്.    ചില  താളുകൾ അവൾ തന്നെ  കീറി  മാറ്റുന്നുണ്ട്.  
ഓരോ താളുകളും അവളുടെ മനസ്സിന്റെ ചിത്രങ്ങൾ  കൊണ്ട്  നിറയുന്നു.   താൻ എഴുതുന്നതിന്റെ  വ്യാകരണമോ  വൃത്തമോ  അവൾക്കറിയില്ല,    അക്ഷരങ്ങൾ അവൾ തിരഞ്ഞെടുത്തതാണ് . ആരുടേയും വേദനയോ  ഭീഷണിയോ അവൾക്കു പ്രശ്നമല്ല.  പ്രശംസയോ  തിരസ്കരണമോ  അവളെ  ബാധിക്കുന്നില്ല .   
അന്നുമോൾ  എന്ന  രണ്ടു വയസ്സുകാരിയെ പോലെ എല്ലാവർക്കും മനസ്സിന്റെ  ഭാഷ  പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ  നന്നായിരുന്നു.

Friday, September 5, 2014

നന്ദി

മനസ്സിന്റെ  അന്ധകാരം  നീക്കി  സ്വതന്ത്രരാകാൻ  സഹായിക്കുന്ന  എല്ലാ  ഗുരുക്കന്മാർക്കും  നന്ദി.