Saturday, May 9, 2020

മനുഷ്യക്കുരുതി

                                                                 മനുഷ്യക്കുരുതി
                                                              ================


"മനുഷ്യക്കുരുതി ഒറ്റയ്ക്ക് വേണോ ഒരുമിച്ചു വേണോ എന്നതിൽ മാത്രമേ തർക്കമുള്ളൂ .   ജാതി , നിറം, ദേശം അങ്ങനെ പല പേരിനാൽ കുരുതിക്കിരയായ ജീവിതങ്ങൾ ഉയർത്തെഴുന്നേൽപ്പ് കാത്തു കിടക്കുന്നു. "
 അമ്മുവിന് ഈ ഒരു മറുപടി കൊടുക്കാനേ കഴിഞ്ഞുള്ളൂ .  അവൾക്ക് അത് പൂർണ്ണമായി മനസ്സിലായോ എന്നറിയില്ല, തന്റെ മൗനത്തിൽ നിന്ന് അവൾ പലതും മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.  റെയിൽവേ പാളങ്ങളിൽ  കിടന്നുറങ്ങിയതിനിടയിൽ  മരിച്ചവരെക്കുറിച്ചും, പൊരിവെയിലത്തു അത്യാവശ്യ ഭക്ഷണം പോലും കരുതാതെ കൊച്ചു കുഞ്ഞുങ്ങളുമായി  കിലോമീറ്ററകലെയുള്ള  ഗ്രാമങ്ങളിലേക്ക് നടക്കുന്നവരെ കുറിച്ചുമായിരുന്നു  ഇന്നവൾക്ക് സംശയം.   ചോദ്യത്തിൽ കാര്യമുണ്ട് താനും, നടന്നാൽ എത്താവുന്ന  ദൂരത്തിൽ  അല്ല അവരുടെ ഗ്രാമമെന്നും റെയിൽവേ പാളങ്ങൾ  ഉറങ്ങാനുള്ള സ്ഥലങ്ങൾ അല്ല എന്നും അവർക്കറിയാം.  കുഞ്ഞു കാലുകൾ ചുട്ടുപഴുത്തപ്പോൾ ആതിര അമ്മയോടും ഇത്തരം ചോദ്യങ്ങൾ ചോദിച്ചു.  അപ്പോൾ മുന്നേ ഓടുന്ന അച്ഛനെ കാണിച്ചു കൊടുത്തു,  ദൂരെ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രക്കിനെ ലക്ഷ്യമാക്കി ഒരു കൂട്ടം ആളുകൾ ഓടുന്നു, അതിൽ അവളുടെ അച്ഛനും ഉണ്ടായിരുന്നു.   മാധ്യമങ്ങളിൽ നടക്കുന്ന തമ്മിൽ തല്ലും തലോടലും ഒന്നും അറിയാതെ ഒരു കൂട്ടം മനുഷ്യകോലങ്ങൾ തിരിച്ചു നടക്കുന്നു.  ജീവിത മാർഗം തേടിയെത്തിയ നഗരത്തിൽ  നാളെ മുതൽ അന്നത്തിനു വകയില്ല എന്നറിഞ്ഞപ്പോൾ ഭയപ്പെട്ടോടാൻ അമ്മയുടെ മടിത്തട്ടെന്നപോലെ  സുരക്ഷിതം തങ്ങളുടെ ഗ്രാമമെന്നവർക്കു തോന്നി .  നഗരത്തിനു തത്കാലം അവരെ ആവശ്യമില്ല,  അതിനാൽ അവരുടെ തിരിച്ചു പോക്ക് കണ്ടില്ല എന്ന് നടിച്ചു.   അവർക്കു വേണ്ടി ശബ്ദിച്ചവരുടെ ശബ്ദം എത്തുമെന്ന് പേടിച്ചു പല വാതിലുകളും കാതുകളും അടച്ചു വച്ചിരുന്നു. 
                        ==================================



Wednesday, April 29, 2020

ഒരു കൊറോണ ദിനം

                                                      ഒരു കൊറോണ ദിനം
                                                      ===================
 കൊറോണയെ തല്ലി  കൊന്നു എന്ന് കരുതിയാണ് ഇന്നും എഴുന്നേറ്റത്.    പക്ഷെ കൊല്ലാൻ  പറ്റിയില്ല എന്നറിഞ്ഞു.   എന്തൊരു ഭീകരനാണിവൻ, പിടി തരുന്നില്ലല്ലോ .     കൊറോണയെ കുറിച്ചാലോചിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞു വിശപ്പ്  വാശി പിടിക്കാൻ തുടങ്ങി.   അങ്ങനെ കൊറോണ മൂലം മെലിഞ്ഞു പോയ അടുക്കളയിൽ എത്തി.   എന്തുണ്ടാക്കും എന്നാലോചിച്ചപ്പോൾ  ചിരി വന്നു. അധികം ആലോചിക്കാൻ മാത്രം വിഭവങ്ങൾ ഒന്നും ഇല്ല. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പഴമൊഴി തട്ടി  കുടഞ്ഞെടുത്തിട്ട് കുറെ ദിവസമായി.
കൊടുത്തത് പരാതി  കൂടാതെ കഴിച്ചി ട്ട് വീണ്ടും മൊബൈൽ  നോക്കി ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർ ഒരുതരത്തിലും ആരെയും ശല്യപെടുത്തുന്നില്ല.    ആദ്യമായി കൊറോണ, മുഖാവരണം, ലോക്ക് ഡൌൺ  എന്നീ വാക്കുകൾ കേട്ടപ്പോൾ തോന്നിയ അറിവില്ലായ്മയുടെ തമാശയും കുറച്ചു ദിവസം വെറുതെ വീട്ടിലിരിക്കാമെന്ന സന്തോഷവും നിറം മാറ്റം കാണിച്ചു തുടങ്ങി.  പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇപ്പോൾ ഞങ്ങളുടെ താമസസ്ഥലത്തു തന്നെ എത്തും. നൂറ്റമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ കെട്ടിട കൂമ്പാരത്തിലെ മനുഷ്യർ ഒച്ചയും ബഹളവും ഒന്നുമില്ലാതെ താഴെ എത്തുന്നു. കൈകഴുകിയും അകലം പാലിച്ചും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നു.  ആരും  ആരോടും സംസാരിക്കുന്നില്ല, ചിരിക്കുന്നുണ്ടോ എന്നറിയാൻ മുഖാവരണം സമ്മതിക്കുന്നുമില്ല. പൊടിപിടിച്ചു കിടക്കുന്ന വണ്ടികൾക്ക് ഓരം ചേർന്നു നിൽക്കുന്ന മനുഷ്യർ. കുട്ടികളെ കാണാനേ ഇല്ല. ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ ഇറങ്ങാൻ അവകാശമുള്ളൂ.   ബാൽകണികളിൽ പോലും കുട്ടികൾ ഇല്ല. എവിടെ പോയി അവരുടെ ആരവവും തല്ലുകൂടലും ചിരിയും ,  കുട്ടികൾ ഇനി കളികൾ മറക്കുമോ?  ആകെ കുറച്ചു കിളികളുടെ ശബ്ദം മാത്രമേ കേൾക്കാനുള്ളൂ.   അവയ്ക്ക് കൊറോണയെ  കുറിച്ചു  അറിയാത്തതുകൊണ്ടു നേരം വെളുക്കുമ്പോൾ തന്നെ കലപില കൂട്ടി പുറത്തുപോകും, വെളിച്ചം മങ്ങി തുടങ്ങുമ്പോൾ സ്വന്തം വാസസ്ഥലം  തേടി വരുകയും ചെയ്യും. ചെടികൾക്ക് ഒഴിക്കുന്ന വെള്ളത്തിന്റെ പങ്കുപറ്റി ദാഹമകറ്റാനും അവയ്ക്ക് കഴിയുന്നു. പെട്ടന്നുള്ള അടച്ചുപൂട്ടൽ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിൽ പെട്ട് പോയവർ തിരിച്ചെത്താൻ കഴിയാതെ കേഴുന്നു.  പട്ടിണിയും ഭയവും  കൊണ്ട്  കരിഞ്ഞുണങ്ങിയ മനുഷ്യകോലങ്ങൾ  കിലോമീറ്ററുകൾക്കപ്പുറമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേയ്ക്ക്   നടക്കുന്നത് കാണാതിരിക്കാൻ പലരും മുഖാവരണം കണ്ണിലും ധരിക്കാൻ തുടങ്ങിയിരിക്കുന്നു .  


Tuesday, April 7, 2020

ദൈവത്തിന്റെ സന്ദേശം

                                            ദൈവത്തിന്റെ  സന്ദേശം 
                                            ======================== 


നിങ്ങൾ എന്റെ whatsapp  status , Dp  എന്നിവ ശ്രദ്ധിച്ചുകാണുമെന്നാണ് ഞാൻ കരുതിയത്.     നിങ്ങളിൽ മാറ്റങ്ങൾ ഒന്നും കാണാത്തതുകൊണ്ടാണ് ഓരോരുത്തർക്കും email സന്ദേശം അയക്കാം എന്ന് കരുതിയത്.  വ്യക്തിപരമായി ലഭിക്കുമ്പോൾ,  ഞാനറിഞ്ഞില്ല , എന്നോട് പറഞ്ഞില്ല എന്നാരും പറയില്ലല്ലോ ?   നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്താണല്ലോ കോവിഡ് വന്നത്,  ഇപ്പോൾ പോകേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു.നിങ്ങൾക്ക് അവനെ തോൽപ്പിക്കാൻ എത്രയും പെട്ടന്ന് കഴിയണം.  പ്രാർത്ഥനയിൽ നിങ്ങൾ എപ്പോഴും മുൻപന്തിയിൽ ആയിരുന്നു, എങ്കിലും ഈ അടുത്തകാലത്ത് അത് വളരെ കൂടി.  ആവശ്യങ്ങൾ കൂടി എന്ന് ഞാൻ മനസ്സിലാക്കി.  തരുന്നത് സ്വീകരിക്കാൻ നിങ്ങൾക്ക് താത്പര്യം കുറഞ്ഞു.   എനിക്ക് സ്തുതികളും അർച്ചനകളും ആരാധനയും വേണമെന്ന് നിങ്ങളെ പഠിപ്പിച്ചതാരാണ്?  ആരാധനയും സ്തുതിയും കൊണ്ട് എന്തങ്കിലും ആരെങ്കിലും നേടിയിട്ടുണ്ടോ ?  തൂണിലും തുരുമ്പിലും ഞാനുണ്ടെന്നു നിങ്ങൾക്ക് അറിയാം.  പിന്നെ എന്തിനാണ് എനിക്കാണെന്നു പറഞ്ഞു നിങ്ങൾ കൊട്ടാരങ്ങൾ പണിയുന്നത്?

മന്ത്രങ്ങളുടെ എണ്ണം, ചൊല്ലേണ്ട സമയം എന്നിവയെ കുറിച്ച് വളരെയധികം ചിന്തിക്കുന്നുണ്ട് എന്ന് തോന്നുന്നു.  അങ്ങനെയൊന്നുമില്ല കേട്ടോ . മക്കളുടെ വേദനയും ദുരിതവും എല്ലാം അറിയുന്നുണ്ട് . പലതും അത്യാഗ്രഹത്തിൽ നിന്നുണ്ടാവുന്നതല്ലേ ?  ഒന്നാലോചിച്ചു നോക്കൂ .  എത്ര തലമുറയ്ക്കുള്ളതാണ് കൂട്ടി വയ്ക്കുന്നത്?  ചിലവാക്കിയതിന്റെ എത്ര മടങ്ങ്  തിരിച്ചു കിട്ടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?   ലാഭം കൊയ്യാൻ മക്കളെ പഠിപ്പിക്കുമ്പോൾ, അവർ അത് നന്നായി പഠിച്ചു  എന്ന് ഉറപ്പു വരുത്തുമ്പോൾ നിങ്ങള്ക്ക് തത്കാലം ദൈവത്തിന് സ്തുതി പറയാനുള്ള കാലമായി എന്ന് തോന്നുന്നു.   ലാഭ കൊയ്ത്തിനു മാതാപിതാക്കൾ തടസ്സമാണെന്നു കാണുമ്പോൾ നിങ്ങളുടെ സ്ഥാനം വ്രദ്ധാശ്രമങ്ങളിൽ  ആവുമ്പോൾ നിങ്ങള്ക്ക് സ്തുതിയും ആരാധനയും അർപ്പിക്കാൻ തോന്നാറുണ്ടോ?  പുതുതായി ഞാൻ കണ്ട ഒരു കാഴ്ച്ചയാണ്,  എന്റെ രൂപം പ്രചരിപ്പിക്കുക , പത്തോ ഇരുപതോ പേർക്ക് അയച്ചു കൊടുക്കുക, പെട്ടന്ന് അയച്ചാൽ  നന്മ വരും,  നിങ്ങൾക്ക് എങ്ങനെ ഇത് വിശ്വസിക്കാൻ കഴിയുന്നു ?. പ്രാർത്ഥനകളുടെ എണ്ണവും അങ്ങനെ തന്നെ.  നിങ്ങള്ക്ക് എന്ത് പറ്റി ?  നിങ്ങളുടെ ഇടയിൽ തന്നെയുള്ളവർ നിങ്ങളെ വഴി തെറ്റിക്കുന്നു.  എന്നെ രക്ഷിക്കാൻ വേണ്ടിയാണ് പലരും നടക്കുന്നത്, നിങ്ങളുടെ കൈയ്യിലാണോ എന്റെ രക്ഷ ?   കളകളാണല്ലോ പടർന്നു പന്തലിച്ചതു എന്നോർക്കുമ്പോൾ ഒരു വിഷമം .  നിങ്ങൾ കുറെ കൂടി ധൈര്യമുള്ളവരാകണം. ഞാൻ തരുന്നത് സ്വീകരിക്കുക,  ഒന്നും നിങ്ങളുടെ തകർച്ചയ്ക്കല്ല.  നിങ്ങൾ എനിക്ക് ഒരു ഉറപ്പ് തരണം, എന്താണെന്നല്ലേ ഇനി ഞാൻ എഴുതുന്നത്  ശ്രദ്ധിച്ചു  വായിക്കണം,അതനുസരിച്ചു ജീവിക്കുക . "താളം തെറ്റാതെയും തെറ്റിക്കാതെയും ജീവിക്കുക, നിന്റെ മാത്രമല്ല സഹജീവികളുടെയും " എളുപ്പമാണെന്നേ! ഒന്ന് പരീക്ഷിച്ചു  നോക്കൂ .പിന്നെ എന്റെ Dp  ഒന്ന് നോക്കണേ, അതിലുണ്ട് എല്ലാം .

Thursday, October 24, 2019

മുഖം മൂടികൾ

                                                       മുഖം മൂടികൾ
                                                      ===============

പിതാവിന്റെ ജന്മദിനം മുഖപുസ്തകം വഴി കൂട്ടുകാരെ അറിയിക്കുകയായിരുന്നു, മകൻ.    മനോഹരമായ പദങ്ങൾ  കൊണ്ട് അലങ്കരിച്ച നിറമുള്ള ഒരു പോസ്റ്റ്.   ആശംസകളുടെ  പ്രവാഹമായിരുന്നു, ആയിരകണക്കിന് കൂട്ടുകാരുണ്ടായിരുന്നു അവനു, പകുതിയിലധികം പേരും 'ഭാഗ്യവാനായ അച്ഛനു  '  ആശംസകൾ നേർന്നു.   തങ്ങളുടെ  മക്കൾ ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്നോർത്തു ദുഃഖിക്കുന്ന മാതാപിതാക്കളും അവന്റെ  സുഹൃത് വലയത്തിൽ ഉണ്ടായിരുന്നു.  മനസ്സിന്റെ വേദന ഒളിപ്പിച്ചുകൊണ്ടു അവരും ആശംസ പ്രവാഹത്തിൽ പങ്കു ചേർന്നു .  എൺപത് വയസ്സായ അച്ഛൻ ഇതൊന്നും അറിഞ്ഞില്ല,  അന്നും പതിവുപോലെ  ഉച്ചയ്ക്ക് കിട്ടിയ പൊതിച്ചോറിൽ  നിന്ന് ബാക്കിയുണ്ടായിരുന്നതും കഴിച്ചു ഉറങ്ങാൻ കിടന്നു, അപ്പോഴും മകൻ മറ്റൊരു നഗരത്തിൽ ഉറക്കമിളച്ചിരുന്ന് കൂട്ടുകാർക്ക് നന്ദി പറയുകയായിരുന്നു.

Thursday, March 28, 2019

ഒരു യാത്രയുടെ സുഖവും ദു:ഖവും

എന്തൊരു ഈണമാണ് ഇന്നത്തെ ഉണർത്തു പാട്ടിനു  , വിശ്വസിക്കാനാകുന്നില്ല മനോഹരമായ   ഈണം തന്നെ വേഗം വിളിച്ചുണർത്തി, ഉണർത്തി എന്ന് പറഞ്ഞാൽ തെറ്റാകും ഉറങ്ങിയവർക്കല്ലേ  ഉണരാൻ പറ്റുകയുള്ളൂ.   പഠന കാലത്തെ വിനോദയാത്രയെ ഓർമപ്പെടുത്തുന്നതുപോലെ ഉറക്കമില്ലായ്മ ആയിരുന്നു ഇന്നലെയും.  കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു, ജോലികൾ എല്ലാം പെട്ടന്ന് അവസാനിപ്പിച്ചു , സാധാരണയുള്ള എണ്ണിപ്പെറുക്കലുകളോ പരിഭവമോ ഇല്ലാതെ തന്നെ, ഒരു മൂളിപ്പാട്ടിന്റെ ഈണത്തിന് ഒത്തു  താൻ ഒഴുകുകയായിരുന്നു.  പപ്പയ്ക്കും മക്കൾക്കുമുള്ള ഭക്ഷണം എടുത്തു വച്ചതിനു ശേഷം താൻ ഒരുങ്ങാൻ തുടങ്ങിയപ്പോൾ, ഒരു പരിഹാസ ചോദ്യം, "ഒരു അനാഥ ശാല സന്ദർശനത്തിനാണോ ഇത്രയും സന്തോഷം?"   മറുപടി പറഞ്ഞു ആ രസം കൊല്ലിയെ ചൊടിപ്പിക്കണ്ട എന്ന് കരുതാനും മാത്രം എന്റെ മനസ്സിന് സന്തോഷമുണ്ടായിരുന്നു.  അത് അനാഥ കുഞ്ഞുങ്ങൾ കാഴ്ച വസ്തുക്കൾ ആയതു കൊണ്ടല്ല,  കൂട്ടുകാരുമായുള്ള യാത്ര അത് മാത്രമായിരുന്നു അപ്പോൾ മനസ്സിൽ.  താൻ തന്നോട് തന്നെ ചിരിച്ചത് തെറ്റിദ്ധരിച്ചു കൊണ്ട് ആശ്വാസത്തോടെ ചോദ്യകർത്താവ് പിൻവാങ്ങി,  വാതിൽ തുറന്നു പുറത്തിറങ്ങി.   തന്നെ കാത്തെന്നപോലെ ലിഫ്റ്റ് ഫ്ലോറിൽ തന്നെ ഉണ്ടായിരുന്നു.  മഞ്ഞിനേയും ഇരുട്ടിനെയും വകഞ്ഞു മാറ്റി കൊണ്ട് ഒരു കൂട്ടം അമ്മമാരെ കൂട്ടികൊണ്ടു താൻ ഒറ്റയ്ക്ക് റിക്ഷ സ്റ്റാൻഡിൽ എത്തി, മൊബൈൽ ശബ്ദം സോന വഴിയിൽ കാത്തു നിൽക്കുന്നത് അറിയിച്ചു.  അനുസരണയുള്ള കുട്ടികളെ പോലെ എല്ലാ അമ്മമാരും ഒത്തുചേരാം എന്ന് പറഞ്ഞിരുന്ന കവലയിൽ എത്തി.  ബസിൽ അവരവർക്കു സൗകര്യ പ്രദമായ ഇടം തിരഞ്ഞെടുക്കുന്നതിൽ ഒട്ടു മിക്കവരും വിജയിച്ചു.   യാത്രയുടെ തുടക്കം തന്നെ എല്ലാവരും സുഖ സുഷുപ്തിയിൽ ആണ്ടു.  ഒരു ദിവസത്തെ ജോലികൾ മുഴുവൻ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് തീർത്ത ക്ഷീണം,  വെയിൽ തെളിഞ്ഞു തുടങ്ങിയപ്പോൾ ഓരോരുത്തർ ഉയർത്തെഴുന്നേറ്റു.  പ്രാർത്ഥനയോടെ തുടങ്ങി പാട്ടിലും കളികളിലും കളിയാക്കലുകളിലുമായി മുന്നേറി .  രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷം ചെന്നെത്തിയത് ഒരു വലിയ കോട്ട വാതിലിനു മുന്നിൽ, ചുറ്റും വിജനമായ പ്രദേശം, ഒട്ടും സ്നേഹമില്ലാത്ത പോലെ. പച്ചപ്പ്‌ പേരിനു മാത്രം, കൃഷിക്കാരൻ ഉപേക്ഷിച്ച ഭൂമി.  മനുഷ്യന് അന്നമായി  ചെടികളോ ഭൂമിക്ക് തണലായി മരങ്ങളോ ഇല്ലാത്ത മണ്ണ്. ചൂട് കാറ്റും പൊടിപടലവും നിറഞ്ഞ അന്തരീക്ഷം.  വരുന്ന വഴികളിൽ കൊച്ചു കൊച്ചു കൂരകളും ഉണങ്ങിയ മനുഷ്യരെയും കണ്ടിരുന്നു.  ഞങ്ങളുടെ വരവ് മുൻകൂട്ടി അറിയിച്ചിട്ടും കോട്ടവാതിൽ തുറക്കാത്തത് ആരെയോ ഭയപ്പെട്ടിട്ടായിരിക്കാം. ലീഡറിന്റെ ഫോൺ സന്ദേശത്തിനു ശേഷം നാലോ അഞ്ചോ മിനിറ്റുകൾ കഴിഞ്ഞു, ഒരു കരച്ചിലോടെ കോട്ടയുടെ കവാടം തുറന്നു.  പുറത്തെ കാഴ്ച്ചകൾക്ക് വിപരീതമായ ഒരിടം, നിറയെ പൂക്കൾ, കായ്കനികൾ, പച്ചില പന്തലുകൾ. ഉദ്യാന പാലകർ സ്നേഹിച്ച മണ്ണ് തളിർത്തുലഞ്ഞു നിൽക്കുന്നു, ഉദ്യാനത്തിന്റെ പല ഭാഗങ്ങളിലായി ലാളിത്യത്തോടെ തല ഉയർത്തി നിൽക്കുന്ന മൂന്നു കെട്ടിടങ്ങൾ.  കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങിയവർ  തങ്ങളുടെ ആരെങ്കിലും ഉണ്ടോ എന്നറിയാൻ പതിവ് പോലെ ഇറങ്ങി വന്നു,  വെറും കാഴ്ച്ചക്കാരായ ഞങ്ങളെ കണ്ട് എപ്പോഴത്തേയും പോലെ ഇന്നും അവർ നിരാശരായി, എങ്കിലും അവർ ഞങ്ങളെ സ്വീകരിച്ചു, വിപണിയിൽ നിന്ന് വാങ്ങി കൊണ്ട് വന്ന സമ്മാനങ്ങൾ അവർ സന്തോഷത്തോടെ വാങ്ങി , ഇനിയെന്തെങ്കിലും വേണമോ എന്ന് ചോദിക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടില്ല, സ്വന്തം മക്കൾക്ക് വാരിക്കോരി കൊടുക്കുന്നതിനിടയിൽ ഇത്തരക്കാരെ ഒഴിവാക്കേണ്ടതാണ് എന്ന് ഞങ്ങൾക്ക് അറിയാം. ഇനി വരുന്നവർ ഞങ്ങളെ തീർച്ചയായും കൊണ്ടുപോകും എന്ന് അവർ വെറുതെ മോഹിച്ചു, കോട്ട വാതിൽ വീണ്ടും അടഞ്ഞു, നമുക്ക് വേഗം വീട്ടിൽ എത്താം, കുട്ടികൾ വീടെത്തുന്നതിനു മുൻപ് എത്തണം, ഞങ്ങൾ വീണ്ടും സ്വന്തം കുഞ്ഞുങ്ങളുടെ അമ്മമാർ മാത്രമായി.

Wednesday, September 19, 2018

അമ്മയുടെ കത്ത്

                                                         അമ്മയുടെ കത്ത്
                                                          ================


പ്രിയ മക്കൾക്ക് ,

നല്ലതൊന്നും കാണാനോ കേൾക്കാനോ ഇല്ലാതായിട്ട് കുറെ നാളായി, നിങ്ങള്ക്ക് വല്ല ബുദ്ധിമുട്ടും തോന്നുണ്ടോ ?   എല്ലാ സാമൂഹ്യ മാദ്ധ്യമങ്ങളും ഇരയേയും വേട്ടക്കാരനെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇര ആരെന്നും വേട്ടക്കാരൻ ആരെന്നും അന്വേഷണ സംഘം അന്വേഷിക്കട്ടെ. എങ്കിലും അമ്മയുടെ അറിവ് അനുസരിച്ചു അമ്മയുടെ വർഗ്ഗം വേട്ടയാട പെടുക എന്നത് വളരെ സാധാരണമായി കൊണ്ടിരിക്കുന്നു. പകൽ പഠിക്കാൻ പോയ പെൺകുട്ടി മുതൽ രാത്രി സിനിമ കാണാൻ പോയവർ വരെ ഇതിൽ പെടുന്നു. ഇത്രയും വെറുക്ക പെട്ടത് എങ്ങനെ എന്ന് മനസ്സിലാവുന്നില്ല,   പെൺ രൂപത്തെ ദൈവമായി പ്രതിഷ്‌ഠിച്ച  ഒരുപാട് മന്ദിരങ്ങൾ നമുക്കുണ്ട്. ശക്തിയായി, അറിവായി എല്ലാം നാം  അവരെ അംഗീകരിക്കുന്നു. അതെല്ലാം കൽ പ്രതിമകൾ അല്ലേ ,  ജീവനുള്ളവയെ ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും ആയി തോന്നുന്നില്ലായിരിക്കാം . ഭിക്ഷക്കാരൻ മുതൽ ആത്മീയ ആചാര്യൻ വരെ പെണ്ണുടൽ മാത്രമേ കാണുന്നുള്ളൂ എന്ന് തോന്നുന്നു .   അവളിലെ അമ്മയെയോ സഹോദരിയെയോ കാണാൻ  കഴിയുന്നില്ല എന്നോർക്കുമ്പോൾ ഭയം തോന്നുന്നു.  ഒരു പെൺകുട്ടിപോലും ആൺ വർഗ്ഗത്തെ പേടിച്ച് വീട്ടു തടങ്കലിൽ അടയ്ക്കപ്പെടരുത് . നിങ്ങൾ കാണുന്ന കാഴ്ചകളും നിറങ്ങളും അവർക്കും അവകാശപെട്ടതാണ് എന്ന് മറക്കരുത്. ഭീഷണി പെടുത്തിയും ഭയപെടുത്തിയും അവരിൽ നിന്ന് ഒന്നും കവർന്നെടുക്കാതിരിക്കുക. നല്ല അമ്മയായി, സഹോദരിയായി , ഭാര്യയായി ,സുഹൃത്തായി, അഗതികളുടെ അമ്മയായി ഒക്കെ അവരും ജീവിക്കട്ടെ. ഇത്രയും എന്റെ ആൺകുട്ടികളോട്  പറയുമ്പോൾ എന്റെ പെണ്മക്കളോട്  ഒരേ ഒരു കാര്യം മാത്രമേ പറയാനുള്ളൂ , സ്വന്തം ശക്തി തിരിച്ചറിയൂ ,  അത് ആരെയും തോൽപിക്കാനോ തകർത്തെറിയാനോ  അല്ല , പടുത്തുയർത്താനും രക്ഷപെടുത്താനും ആണെന്ന് മറക്കാതിരിക്കുക .


Thursday, August 16, 2018

'ആൾ ദൈവങ്ങൾ' എവിടെ?

ദൈവത്തിന്റെ മൊത്ത വിതരണക്കാരേയും കച്ചവടക്കാരെയും അന്വേഷിച്ചു അമ്മു മടുത്തു .  മഴക്കെടുതിയിൽ നിന്ന് അമ്മുവിൻറെ സഹോദരങ്ങളെ രക്ഷിക്കാൻ എന്തെങ്കിലും കുറുക്കു വഴിയുണ്ടോ ?  ഏതു ദൈവത്തിന്റെ ജപങ്ങളാണ് ഞാൻ ചൊല്ലേണ്ടത് ? ഏതു ആരാധനാലയത്തിലാണ് അഭയം
തേടേണ്ടത് ?   ആർക്കെങ്കിലും ദർശനങ്ങൾ കിട്ടിയിരുന്നോ ?  എങ്കിൽ ഈ പാവം ജനതയെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാമായിരുന്നില്ലേ? മാറാരോഗങ്ങൾ നിങ്ങളുടെ പ്രാർത്ഥന കൊണ്ടല്ലേ മാറിയിരുന്നത്? കുട്ടികളുടെ ഉയർന്ന മാർക്ക്, ജോലി, താമസിക്കാനുള്ള 'കൊട്ടാരങ്ങൾ '  ഇവയ്‌ക്കെല്ലാം പ്രത്യേകം പ്രത്യേകം കുറുക്കു വഴികൾ ഉണ്ടായിരുന്നില്ലേ? ചത്തൊടുങ്ങിയതും ചത്തൊടുങ്ങാനുള്ളതും നശിച്ചതും നശിക്കാനുള്ളതും നല്ലതിനായിരുന്നു എന്ന് പറഞ്ഞു കൊണ്ട് നിങ്ങൾ നിങ്ങളുടെ നില ഭദ്രമാക്കും  എന്നറിയാം.ഞങ്ങൾ സാധാരണ ജനങ്ങൾക്കു ദൈവ ഭാഷ അറിയാത്തതു കൊണ്ട് നിങ്ങൾ ഞങ്ങളുടെ സന്ദേശവാഹകരാണെന്നു തെറ്റിദ്ധരിപ്പിച്ചു  സ്വരുക്കൂട്ടിയ പണം തിരികെ തരാൻ പറ്റില്ല എന്നറിയാം,  എങ്കിലും പുറകെ കൂട്ടിയ ജനങ്ങളെ തിരിച്ചു പറഞ്ഞയക്കുമെന്നു കരുതുന്നു.