Tuesday, March 8, 2016

വനിതാ ദിനം

ദൈവമേ വീണ്ടും ഒരു വനിതാ ദിനം ,   'ശങ്കരൻ പിന്നെയും തെങ്ങുമെ  തന്നെ' എന്നു പറഞ്ഞപോലെ ഞങ്ങൾ വനിതകൾ സ്ഥിരം കലാപരിപാടികൾ തുടങ്ങി.
അതിനിടയ്ക്ക് ചില സന്ദേശങ്ങൾ സ്വീകരിക്കുകയും ചിലത് മറ്റു പലർക്കും  കൊടുക്കുവാനും മറന്നില്ല. സ്ത്രീ സമത്വത്തിനു വേണ്ടി ആചരിക്കുന്നതാണത്രെ ഈ ദിനം.  നല്ലത് തന്നെ.  ഇന്നത്തെ ദിനപത്രവും ഒരു നാലുവയസ്സുകാരിയുടെ കണ്ണീരിൽ കുതിർന്നാണ്  എത്തിയത്.  പെണ്ണിന്റെ ശക്തിയെ വാഴ്ത്തികൊണ്ട് പേജ് 3  തരുണീമണികൾ. പെണ്ണിനെ വീണ്ടും കാഴ്ചയിൽ മനോഹര ഉത്പന്നങ്ങളാക്കാൻ  കമ്പനികൾ മത്സരിച്ചു.   എല്ലാവർക്കും നന്ദി.  ഇതൊന്നും അറിയാതെ തങ്കു പറമ്പിലെ പണിക്കു വന്നു. മീൻ കൊണ്ടുവരുന്നവളും സമയത്ത് എത്തി.  വൈകുന്നേരമായപ്പോൾ തങ്കുവിന്റെ കൂലിയുടെ പങ്കു പറ്റാൻ അയാൾ എത്തി.  ഭാര്യയുടെ കൂലിയുടെ ഒരു ഭാഗം തനിക്കുള്ളതാണ് എന്ന് അയാൾ വിശ്വസിക്കുന്നു. ഈ ഭിക്ഷ കൊടുത്താലെ തനിക്കും കുട്ടികൾക്കും ഉറങ്ങാൻ കഴിയൂ എന്ന അറിവാണ് തങ്കുവിന്റെ തിരിച്ചറിവ്.
പള്ളിയിൽ കുരിശു മണി കൊട്ടുന്നത് കേട്ടത് കൊണ്ടു അമ്മ ആദ്യം മോനേ ,മോനെ എന്നും പിന്നെ ദൈവമേ എന്നും വിളിക്കാൻ തുടങ്ങി.  സ്ത്രീ   സ്വാതന്ത്ര്യത്തിനായി അലമുറയിടുന്ന മകൾ പരസ്യകമ്പനികളുടെ ആജ്ഞകൾ അനുസരിച്ച ശേഷം തിരിച്ചെത്തി.  മീൻ കറി യിൽ പുളി  കൂടിയതുകൊണ്ടോ കുറഞ്ഞത്‌ കൊണ്ടോ പതിവ് പോലെ തന്റെ ഉറക്കവും നഷ്ടപെട്ടു.  പണി കഴിഞ്ഞു ഇറങ്ങുമ്പോൾ തങ്കു ചോദിച്ച ചോദ്യത്തിനു ഉത്തരം കിട്ടുമോ എന്നാലോചിച്ചു  നേരം വെളുത്തത് അറിഞ്ഞില്ല , ചോദ്യം    എന്താണ്  എന്നായിരിക്കും...."ഇന്ന് നമുക്ക് വല്ല പ്രത്യേകതയും ഉണ്ടോ ?".

Thursday, January 28, 2016

അന്ധതയുടെ തെളിച്ചം.

ഓരോ വൃദ്ധർ പഴിചാരപെടുംമ്പോഴും  ഒഴിവാക്കപെടുമ്പോഴും വൃദ്ധസദനങ്ങളിലും വഴിയോരങ്ങളിലും ഉപേക്ഷിക്കപെടുമ്പോഴും  യൗവ്വനം  അന്ധത ബാധിച്ച കണ്ണുകളിലെ തെളിച്ചത്തെ വിശ്വസിക്കുന്നുണ്ടാവണം.  വാർദ്ധക്യത്തിന്റെ  ഓർമ്മകൾ നഷ്ടപെടുമ്പോൾ യൗവ്വനം ഓർമ്മകൾ ചേർത്തുവയ്ക്കുന്നു .   അമ്പുകളിൽ വിഷം തേയ്ക്കുന്നു,  അവർക്കതു  സാധിക്കും.   അവർ അവരിലാണ്, അല്ല അവർക്ക് മാത്രമാണ് ശക്തി എന്ന് കരുതുന്നു. വാർദ്ധക്യത്തിന്റെ ചുവടു പിഴയ്ക്കുന്നു.  യൗവ്വനം തറയിലും എന്തിനു ആകാശത്തു പോലും വയ്ക്കുന്ന ചുവടുകൾ പിഴയ്ക്കുന്നില്ല എന്ന് കരുതുന്നു.    വാർദ്ധക്യത്തിന്റെ  തിരുത്തലുകളും  മുന്നറിയിപ്പുകളും  പരിഹാസവും തോൽ വിയുമായി  മുദ്രകുത്തപെടുന്നു.    യൗവ്വനം  തിമർത്താടുന്നു,   വാർദ്ധക്യം  ചുരുണ്ടു കൂടുന്നു.  ഇനി കാലു കൊണ്ടു തട്ടാൻ എളുപ്പമായി. എതിർക്കാനുള്ള  ശക്തി ഊറ്റിയെടുത്തു.  എല്ലാം വേഗം വേണം. സമയം  പാഴാക്കാനില്ല.   എളുപ്പത്തിൽ തട്ടാവുന്നത് വഴിയോരത്തേക്കായിരുന്നു.   കാലുകള് പൊന്തി ,ഊക്കോടെ  വന്നു.  പക്ഷേ  വാർദ്ധക്യം ഉരുണ്ടു പോയിരുന്നു,  അങ്ങകലേയ്ക്കു .........  തട്ടി  മാറ്റേണ്ടി വന്നില്ല.   പക്ഷെ കാലുകളിൽ സംഭരിച്ച ശക്തി ചെന്നടിച്ചതു തന്റെ പിൻ ലമുറയുടെ കൗമാരമാകുന്ന  പാറയിലായിരുന്നു,   ആ നിമിഷം വീണു തകർന്നു ,   അവർ വളരെ നേരത്തെ ശക്തി സംഭരിച്ചിട്ടുണ്ടായിരുന്നു......

Tuesday, November 17, 2015

സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിൽ

സ്വർഗ്ഗവാതിൽ  തേടിയുള്ള യാത്രയിലായിരുന്നു ഞാനടക്കമുള്ള  ഒരു സമൂഹം. അവിടെ എത്തിയാൽ പിന്നെ അല്ലലില്ല,ദു:ഖമില്ല , ദുരിതമില്ല എന്നാണല്ലോ അറിഞ്ഞത് . പോയവരാരും തെളിവുകൾ  അമ്മുവിന് തന്നിട്ടില്ല ,  മറ്റു  പലർക്കും കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു .   ഞങ്ങൾ ഒന്നടങ്കം ആ വാതിൽ ലക്ഷ്യമാക്കി നീങ്ങി. നല്ല തിക്കും തിരക്കും ഉണ്ടായിരുന്നു. പലതരം വഴികാട്ടികൾ  ഞങ്ങൾക്കുണ്ടായിരുന്നു. ചിലർ ദൈവത്തിന്റെ
 തൊട്ട്ടുത്തിരിക്കുന്നവർ എന്ന് അവകാശപെട്ടു,  പലതരം പ്രാർത്ഥനകൾ  ഞങ്ങളെ പഠി പ്പിച്ചു. അല്ല , എല്ലാം ഒന്ന് തന്നെയായിരുന്നു. പക്ഷെ പല തരത്തിലാണ് കേട്ടിരുന്നത് .  ആരവങ്ങളുടെ , വെല്ലുവിളികളുടെ ,ഇടിമുഴക്കങ്ങളുടെ, കരച്ചിലിന്റെ, യാചനയുടെ രൂപത്തിലെ പ്രാർത്ഥന .
അമ്മുവിന് ഭയം തോന്നി, പോകുന്ന വഴി ശരിയാണോ ,   തന്റെ മനസ്സ്  വേദനിക്കാൻ തുടങ്ങി, ശരീരവും മനസ്സും തളർന്നു . കണ്ണിൽ  നിറഞ്ഞ വെള്ളം താഴേയ്ക്കു ഒഴുകി.   അത് തന്റെ താങ്ങായിരുന്ന, മുറിഞ്ഞ,ചോര ഒഴുകുന്ന  കാല്പാദങ്ങളിൽ  വീണു. പാദത്തിനുടമയോട്  താൻ ചോദിച്ചു.  " എന്താണ് ഇതിന്റെയൊക്കെ അർത്ഥം ? ഈ സമൂഹത്തിനു മാത്രമേ രക്ഷയുള്ളൂ? പുറത്ത് നില്ക്കാൻ വിധിക്കപെട്ടവർ അങ്ങയുടെ സൃഷ്ടിയല്ലേ?  ഞങ്ങളെ നയിക്കുന്നവരുടെ വാക്കിലൂടെ മാത്രമേ ഞങ്ങളുടെ വേദന അങ്ങേയ്ക്ക് അറി യുകയുള്ളൂ ? ഞങ്ങളെ  പോലെ തോന്നിക്കുന്ന കുറെ സൃഷ്ടികൾ  ഈ കുടാരത്തിനു ചുറ്റുമിരുന്നു കരയുന്നു,  അവരുടെ വ്രണങ്ങൾ ഉണങ്ങുന്നില്ല ,വിശപ്പു മാറുന്നില്ല, യുദ്ധം അവസാനിക്കുന്നില്ല, എന്നിട്ടും അവരേക്കാൾ  ആവശ്യങ്ങൾ ഞങ്ങൾക്കാണ് , എനിക്കൊരു ഉത്തരം വേണം."    തന്റെ കണ്ണീർ ഉണങ്ങി. കാൽപാദത്തിലെ മുറിവിൽ  ഉത്തരം തെളിഞ്ഞു."ഞാനും നീയും തമ്മിലുള്ള  ബന്ധത്തിനു ഇടനിലക്കാരൻ വേണ്ട, ഒരു മന്ത്ര-തന്ത്രവും വേണ്ട ,ഒരു തിരിയുടെ വെളിച്ചവും വേണ്ട ,  ഒരു ബലിയും ആവശ്യമില്ല.  സൃഷ്ടിയ്ക്കു സൃഷ്ടാവിനോടുള്ള വിശ്വാസം  അത് മാത്രം മതി." താൻ തിരിഞ്ഞു നടന്നു, അപ്പൂപ്പൻ  താടി പോലെ, ഒട്ടും ഭാരമില്ലാതെ .

Thursday, October 15, 2015

പ്രതിഷേധ പ്രകടനം

പ്രതിഷേധം പ്രകടിപ്പിക്കാൻ  അംഗീകാരങ്ങൾ  തിരിച്ചു  കൊടുക്കുന്ന കാഴ്ച കുറച്ചു ദിവസങ്ങളായി  കാണുന്നു.   കിട്ടിയതെല്ലാം അല്ലെങ്കിൽ സ്വരുക്കൂട്ടി വച്ചിരുന്നത്,  മറ്റുള്ളവരുടെ നന്മയ്ക്കായി  വിട്ടുകൊടുക്കുന്ന മഹാമനസ്കത.
ഇതൊക്കെ കാണുമ്പോൾ  അമ്മുവിന് ഒരു സംശയം.  അമ്മു  കണ്ടിട്ടുള്ള ഭൂരിപക്ഷം മനുഷ്യരും  അംഗീകാരം ആഗ്രഹിക്കുന്നവരാണ്.  പ്രത്യേകമായ കഴിവുള്ള പലരും  അവർക്ക്  കിട്ടുമെന്ന് കരുതിയ അംഗീകാരം കിട്ടാവതാവുമ്പോൾ നടത്തുന്ന പല  പ്രകടനങ്ങൾക്കും  മറ്റുള്ളവർ  സാക്ഷിയാണ്.  ഒരു സമ്മാനം സ്വീകരിക്കുമ്പോൾ സ്വീകരിക്കുന്നയാളും കൊടുക്കുന്നയാളും  ഒരേ പോലെ അംഗീകരിക്കപെടുന്നു.  തിരസ്കരിക്കുമ്പോൾ  കൊടുക്കുന്നയാൾ നിന്ദിക്കപെടുന്നു.

പുരസ്ക്കാരങ്ങളൊ  മറ്റു ചുമതലകളൊ  തിരിച്ചേൽപ്പിച്ചാൽ തീരുന്ന പ്രശ്നമേയുള്ളോ  നമ്മുടെ നാട്ടിൽ ,    അല്ല എന്ന് തോന്നുന്ന പലരുടെയും കൂട്ടത്തിൽ അമ്മുവുമുണ്ട്.    

Wednesday, September 9, 2015

കാരുണ്യം

ഇന്നത്തെ മീറ്റിംഗിലെ ചർച്ച 'ആരെ നാം സഹായിക്കും',  എന്നായിരുന്നു.   'പാവങ്ങൾ ',   'ദരിദ്രർ '   അങ്ങനെ പല പേരിലും രൂപത്തിലും  ഉള്ള ആവശ്യക്കാരുണ്ടല്ലൊ?    'സഹായം '    അത് നമ്മുടെ സംഘടനയുടെ
കാര്യപ്രാപ്തിയെ  വിളിച്ചോതും,   പ്രവർത്തന  പുസ്തകത്തിൽ എഴുതി ചേർക്കാനും പ്രസംഗിക്കാനും ഉള്ളതാണ്.    ഞങ്ങളുടെ ഇടയിൽ എല്ലാവരും സാമ്പത്തിക സുരക്ഷ ഉള്ളവർ .    ഈ  കൽ ചുമരു പൊളിച്ചു പുറം ലോകത്തെ അറിയാൻ മെനക്കെടാറില്ല.    അപ്പോഴാണു  പഴയ നേതാവ് ഒരു പ്രധാന കാര്യം ഓർമിപ്പിച്ചതു.    വിലപെട്ട ഒരു സന്ദേശം.  "ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കാ നല്ലേ ,നമ്മൾ ദരിദ്രരെ സൃഷ്ടിക്കേണ്ടത്‌ , അതിനുള്ള  വഴിയും ഞാൻ പറഞ്ഞിരുന്നു"
എല്ലാവരും പഴയ ഓർമയിലേക്ക് ,   ഉപദേശങ്ങളിൽ ചിലത്  മനസ്സിലെത്തി.
ഒന്നാമതായി  കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കാതിരിക്കുക,   ചെറിയ കടങ്ങൾ ഉള്ളവരെ സഹായിക്കാതിരിക്കുക,    വലിയ സഹായങ്ങൾ ചെയ്യാൻ അവരുടെ  'നല്ല നാളെ '   നമ്മെ സഹായിക്കും.    വീഴുന്നവർക്ക്   കൈത്താങ്ങു
കൊടുക്കരുത് ,    സ്ഥിരമായി  കിടപ്പിലാതാകുന്നതു  നമുക്ക് നല്ലതായിരിക്കും.
അങ്ങിനെ ചെറിയ പല ദു:ഖങ്ങളും  കണ്ടില്ല എന്ന് കരുതിയാൽ 'മഹത്തായ  പല സഹായങ്ങൾ '  ചെയ്യാനാകും.  അത്തരം പ്രവർത്തനങ്ങൾക്ക്  പേരും പെരുമയും  കൂടും.,  എല്ലാവരും  നേതാവിന്റെ  ബുദ്ധി യെ   അഭിനന്ദിക്കുകയും  നന്ദി പറയുകയും  ചെയ്തു.   വിശപ്പു  ഇരയെ കൊണ്ടു വന്നു തരും.

Thursday, July 30, 2015

മതം പ്രതിയല്ല

ഇന്ന്  നമ്മുടെ നാട്ടിൽ  നടന്ന രണ്ടു ശവസംസ്കാരങ്ങൾ ------ഒരാൾ രാജ്യത്തിനും ലോകത്തിനും വേണ്ടപ്പെട്ടത്‌,  നന്മ  മാത്രം ചെയ്തു കടന്നുപോയ ഭാരത  രത്നം,. എല്ലാ ആദരാഞ്ജലി കളോടും  കൂടെ നടന്ന ശവസംസ്ക്കാരം .  -------മറ്റൊരാൾ  പലരുടെയും ജീവനും വസ്തുവും നശിപ്പിക്കാൻ സഹായിച്ചു എന്ന കുറ്റം  ചെയ്തയാൾ (തെളിവുകൾ ഉണ്ടത്രേ),   പരമാവധി ശിക്ഷ  നടപ്പിലാക്കി.
------രണ്ടു പേരും ഒരേ മതത്തിൽ നിന്നുള്ളവർ -----ഇനിയെങ്കിലും മതങ്ങളെ  പ്രതി പട്ടികയിൽ ചേർക്കാതിരിക്കാം.

Saturday, July 25, 2015

ശിരോവസ്ത്രം എന്ന 'തെറ്റ് '

പരീക്ഷകളിൽ  കോപ്പിയടിക്കാൻ  സഹായിക്കുന്നവ  ഉളിപ്പിച്ചു വയ്ക്കാൻ  ശിരോവസ്ത്രം    സഹായിക്കുമെന്ന് കരുതി, പരിശോധന  നടത്തുകയും  ശിരോവസ്ത്രം  ഇല്ലാതെ പരീക്ഷ എഴുതാൻ  നിർബദ്ധം പിടിക്കുകയും  ചെയ്യുന്ന എല്ലാവർക്കും നന്ദിയും ആശംസകളും.   അർഹതയുള്ളവർക്കു മാത്രമാകട്ടെ വിജയം.  ഏതു വസ്ത്രത്തിലും പരീക്ഷ എഴുതാൻ സഹായിക്കുന്ന പലതും ഒളിപ്പിച്ചു വയ്ക്കാൻ  കഴിയും എന്ന് മറന്നതല്ലല്ലോ ?   അത് ഓർക്കുമ്പോൾ നഗ്നരായി പരീക്ഷ എഴുതണം  എന്ന് പറയില്ല എന്ന് കരുതുന്നു.